പിടിയിലായ ആള്‍ സ്ഥിരം കടത്തുകാരന്‍

Posted on: 28 Aug 2015നെടുമ്പാശ്ശേരി: വിമാനത്തിലെ ടോയ്‌ലെറ്റില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്നതിന് കൊച്ചിയില്‍ പിടിയിലായ രാമനാഥപുരം സ്വദേശി സ്ഥിരം കടത്തുകാരനാണെന്ന് ഡിആര്‍ഐ കണ്ടെത്തി. ആഗസ്തില്‍ മാത്രം ഇയാള്‍ 5 തവണ വിമാനയാത്ര നടത്തിയിട്ടുണ്ട്. ദുബായിലേക്കാണ് യാത്ര നടത്തിയിരിക്കുന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു ഉള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളിലായാണ് ഇയാള്‍ വിമാനമിറങ്ങിയിരിക്കുന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് ഇയാള്‍ സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. ബിസിനസ് വിസയിലാണ് ഇയാള്‍ ദുബായിലേക്ക് പോകുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ മറവിലാണ് സ്വര്‍ണക്കടത്ത്. കൊച്ചിയില്‍ പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്നു. ഇയാള്‍ക്ക് കൊച്ചിയില്‍ ആരെങ്കിലുമായി ബന്ധമുണ്ടോ എന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശേഷം അങ്കമാലിയില്‍ നിന്ന് ബസ് മാര്‍ഗം രാമനാഥപുരത്തേക്ക് പോകാനാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നുണ്ടെന്ന് ഡിആര്‍ഐക്ക് രഹസ്യ വിവരം ലഭിച്ചതിനാലാണ് കള്ളക്കടത്ത് സംഘത്തിന്റെ ഓപ്പറേഷന്‍ പൊളിഞ്ഞത്. തിരുവനന്തപുരത്തും സമാന രീതിയില്‍ കടത്തിക്കൊണ്ടുവന്ന 8 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയിട്ടുണ്ട്.

More Citizen News - Ernakulam