തടി വെട്ടാന്‍ ആളുണ്ട്; എടുത്തു മാറ്റാന്‍ ആരുമില്ല

Posted on: 28 Aug 2015ആലുവ: ആല്‍മരം മുറിച്ച് റോഡിന് കുറുകെ ഇട്ടത് ഗതാഗത തടസ്സം ഉണ്ടാക്കുന്നു. ആലുവ കടത്തു കടവിലേക്ക് പോകുന്ന റോഡിന് കുറുകെയാണ് ആല്‍ മരം മുറിച്ചിട്ടിരിക്കുന്നത്. റോഡിലേക്ക് വീഴാറായി നിന്ന ആല്‍മരം ആഴ്ചകള്‍ക്ക് മുന്‍പാണ് യന്ത്രം ഉപയോഗിച്ച് വെട്ടിയത്.
റോഡിലേക്ക് മറിച്ചിട്ട ആല്‍മരം കഷ്ണങ്ങളായി അറുത്തു വെച്ചിട്ടുണ്ട്. എന്നാല്‍ അത് എടുത്തു കൊണ്ടുപോകാന്‍ ആരും ശ്രമിക്കാതായതോടെയാണ് ഗതാഗത തടസ്സമായി മാറിയത്. ഒരു ഫ്ലറ്റും നിരവധി വീടുകളുമാണ് കടത്തുകടവ് റോഡില്‍ സ്ഥിതി ചെയ്യുന്നത്.
കഷ്ടിച്ച് ഒരു കാറിന് കടന്നുപോകാവുന്ന ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ റോഡുള്ളത്. രാത്രി സമയത്തും മറ്റും ഇതുവഴി വാഹനത്തില്‍ പോകുന്നവര്‍ക്ക് അപകടമുണ്ടാക്കുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മരം മുറിക്കാന്‍ കാണിച്ച താത്പര്യം അത് എടുത്തു മാറ്റാന്‍ നഗരസഭാ ജനപ്രതിനിധികളും ബന്ധപ്പെട്ടവരും കാട്ടണമെന്നാണ് കടത്തുകടവ് നിവാസികളുടേയും വ്യാപാരികളുടേയും ആവശ്യം.

More Citizen News - Ernakulam