വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച് കടത്തിയ 5 കിലോ സ്വര്‍ണം പിടികൂടി

Posted on: 28 Aug 2015രാമനാഥപുരം സ്വദേശി അറസ്റ്റില്‍
നെടുമ്പാശ്ശേരി:
വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 5 കിലോ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗം പിടികൂടി. സ്വര്‍ണം കടത്തിക്കൊണ്ടുവന്നയാളെ ൈകയോടെ പിടികൂടുകയും ചെയ്തു. സ്വര്‍ണക്കടത്ത് സംഘത്തില്‍ പെട്ട മറ്റൊരാള്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 4.40 ന് ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്താലാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ടോയ്െലറ്റില്‍ നാപ്കിന്‍ ബോക്‌സിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഓരോ കിലോ വീതം തൂക്കം വരുന്ന 5 സ്വര്‍ണക്കട്ടികളാണ് ഉണ്ടായിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം വിമാനത്താവളത്തിലെത്തി വിമാനത്തില്‍ കയറി പരിശോധന നടത്തി സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക് ഇറങ്ങിവന്ന യാത്രക്കാരനെ അന്താരാഷ്ട്ര ടെര്‍മിനലില്‍ വെച്ചാണ് ഡിആര്‍ഐ പിടികൂടിയത്. തുടര്‍ന്ന് ഇയാളെയും കൂട്ടി വിമാനത്തില്‍ ചെന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. രാമനാഥപുരം സ്വദേശി ബക്കീര്‍ മൊഹയുദീന്‍ സേറു അബ്ദുള്‍ ഖാദര്‍ (42) ആണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ദുബായില്‍ നിന്ന് എത്തുന്ന ഇന്‍ഡിഗോ വിമാനം തുടര്‍ന്ന് ഡല്‍ഹിക്കാണ് പോകുന്നത്. ഈ അവസരം മുതലാക്കിയായിരുന്നു സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഓപ്പറേഷന്‍. ദുബായില്‍ നിന്ന് കയറിയ രാമനാഥപുരം സ്വദേശി സ്വര്‍ണം വിമാനത്തിലെ ടോയ്െലറ്റില്‍ ഒളിപ്പിച്ച ശേഷം കൊച്ചിയില്‍ ഇറങ്ങും. ഇതേ വിമാനത്തില്‍ സ്വര്‍ണ ക്കടത്ത്് സംഘത്തിന്റെ പ്രതിനിധിയായ മറ്റൊരാള്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹി യാത്രക്കാരനായി കയറും. തുടര്‍ന്ന് ടോയ്‌ലെറ്റില്‍ നിന്ന് സ്വര്‍ണവുമെടുത്ത് ഇയാള്‍ ഡല്‍ഹിയില്‍ ഇറങ്ങി ലക്ഷ്യ സ്ഥാനത്തെത്തും. ഈ രീതിയിലാണ് സ്വര്‍ണക്കടത്ത് ഓപ്പറേഷനായി പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ രാമനാഥപുരം സ്വദേശി കൊച്ചിയില്‍ പിടിയിലായതോടെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പദ്ധതി പാളി. രാമനാഥപുരം സ്വദേശി പിടിയിലായതായി സൂചന ലഭിച്ചപ്പോള്‍ തന്നെ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് പോകേണ്ടിയിരുന്ന സ്വര്‍ണക്കടത്ത്് സംഘത്തിന്റെ പ്രതിനിധി വിമാനത്തില്‍ കയറാതെ മുങ്ങി. ഇയാളെ കണ്ടെത്തുന്നതിനായി വിമാനത്താവളത്തിലെല്ലാം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഭ്യന്തര യാത്രക്കാര്‍ക്ക് കസ്റ്റംസ് പരിശോധനയില്ലാത്തതിനാല്‍ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണം കടത്തുന്നതിനായാണ് സ്വര്‍ണക്കടത്ത് സംഘം ഇത്തരത്തിലുള്ള പദ്ധതി ആസൂത്രണം ചെയ്തത്. മുമ്പും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാകുമെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം. കൊച്ചിയില്‍ പിടികൂടിയ സ്വര്‍ണത്തിന് 1.30 കോടി രൂപ വില വരും.

More Citizen News - Ernakulam