വല്ലുമ്മ നഷ്ടപ്പെട്ട വേദനയില്‍ ഷഫ്‌ന

Posted on: 28 Aug 2015കൊച്ചി: ഒന്നിച്ചുള്ള യാത്രയ്ക്കിടെ ജലദുരന്തത്തില്‍ വല്ലുമ്മ നഷ്ടപ്പെട്ടതിന്റെ തീരാ വേദനയിലാണ് ഷഫ്‌ന. ബുധനാഴ്ച രാത്രിവരെ വല്ലുമ്മയുടെ ജീവന്‍ നഷ്ടപ്പെട്ടതറിയാതെ ഷഫ്‌ന കാത്തിരുന്നു. ഫോര്‍ട്ടുകൊച്ചി താലൂക്ക് ആസ്​പത്രിയില്‍ വല്ലാത്ത പേടിയോടും സങ്കടത്തോടും ഷഫ്‌ന ആദ്യം തിരഞ്ഞത് വല്ലുമ്മയെയും ഉമ്മയെയുമായിരുന്നു. പ്രിയപ്പെട്ട വല്ലുമ്മ തന്നെ തനിച്ചാക്കി പോയെന്ന യാഥാര്‍ത്ഥ്യം ഷഫ്‌നയ്ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തില്‍ മരിച്ച അഴീക്കോട് പറൂപ്പന കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സൈനബയുടെ കൊച്ചുമകളാണ് ഷഫ്‌ന. മാതാവ് ഷക്കീലയ്ക്കും വല്ലുമ്മ സൈനബയ്ക്കുമൊപ്പമാണ് ഷഫ്‌ന കൊച്ചിയിലേക്ക് വന്നത്. പിതൃസഹോദരിയുടെ ഫോര്‍ട്ടുകൊച്ചിയിലെ വീട്ടിലേക്കായിരുന്നു ഇവരുടെ യാത്ര. ബോട്ടപകടത്തില്‍ വെള്ളത്തില്‍ വീണ ഷഫ്‌നയെ രക്ഷാ പ്രവര്‍ത്തകരാണ് കരയ്‌ക്കെത്തിച്ച് ആസ്​പത്രിയിലേക്ക് മാറ്റിയത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിനിടയിലും വല്ലുമ്മയുടെ മരണത്തിന്റെ വേദനയിലാണ് ഷഫ്‌ന. ഉമ്മ ഷക്കീലയും ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുവരെയും സൈനബയുടെ മരണവിവരം അറിയിക്കാതെയായിരുന്നു ആദ്യം ബന്ധുക്കള്‍ പെരുമാറിയത്. വെള്ളത്തില്‍ വീണ തന്നെ ആരൊക്കെയോ ചേര്‍ന്ന് രക്ഷപ്പെടുത്തിയതിന്റെ ഓര്‍മ ഷഫ്‌നയ്ക്കുണ്ട്. ആസ്​പത്രിയില്‍ എത്തിയപ്പോള്‍ ഷഫ്‌ന ആദ്യം തിരക്കിയത് വല്ലുമ്മയെയായിരുന്നു. പക്ഷേ അപ്പോഴേക്കും മരണം ഷഫ്‌നയുടെ വല്ലുമ്മയെ കവര്‍ന്നെടുത്തിരുന്നു.

More Citizen News - Ernakulam