കൊച്ചിയിലും സ്ഥിരം ഹജ്ജ് ക്യാമ്പ് വേണമെന്ന് ആവശ്യം
Posted on: 28 Aug 2015
ഹജ്ജ് ഒരുക്കങ്ങള്‍; അവലോകന യോഗം നടത്തി
ആലുവ: കോഴിക്കോടിനു പുറമെ കൊച്ചിയിലും സ്ഥിരം ഹജ്ജ് ക്യാമ്പ് വേണമെന്ന് ആവശ്യം. നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ക്രമീകരണങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കൊച്ചിയില്‍ സ്ഥിരം ക്യാമ്പ് വരുന്നതോടെ മദ്ധ്യകേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.
1,15,000 ചതുരശ്ര അടി വിസ്തൃതിയുള്ള ക്യാമ്പാണ് ഇത്തവണ നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ 65,000 ചതുരശ്ര അടി വിസ്തീര്ണമാണുണ്ടായിരുന്നത്. നൂറ് ടോയ്െലറ്റുകള്‍, കിച്ചണ്‍, മെസ്, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വസ്ത്രധാരണത്തിന് പ്രത്യേക സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം സപ്തംബര്‍ രണ്ടിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം ഹജ്ജിന് പോകുന്ന ആദ്യ സംഘം അന്ന് പുറപ്പെടും.
ആലുവ പാലസില്‍ നടന്ന അവലോകന യോഗം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി., എം.എല്‍.എ.മാരായ കെ.എന്‍.എ. ഖാദര്‍, അന്‍വര്‍ സാദത്ത്, ടി.എ. അഹമ്മദ് കബീര്‍, മുന്‍ എം.എല്‍.എ.മാരായ പി. രാജു, എ.എം. യൂസഫ്, നഗരസഭ ചെയര്മാന് എം.ടി. ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, പി.എ. ഷാജഹാന്, വാഴക്കുളം ബ്ലോക്ക് പ്രസിഡന്റ് ഇ.പി. ഷമീര്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹജ്ജ് ക്യാമ്പിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. 6500-ഓളം ഹാജിമാരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇക്കുറി ഹജ്ജിന് പോകുന്നത്. ഇവരെ യാത്രയയയ്ക്കാന്‍ ഇരുപതിനായിരത്തോളം പേര് ജില്ലയില്‍ എത്തുമെന്ന് യോഗം വിലയിരുത്തി. ഇവര്‍ക്ക് യാത്രാ സൗകര്യത്തിനായി ട്രെയിനുകളില്‍ ആലുവയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് യോഗം ആവശ്യപ്പെട്ടു. അതുകൂടാതെ കോഴിക്കോട്ടു നിന്നും മലപ്പുറത്തു നിന്നും ദിവസേന രണ്ട് ലോ ഫ്ളോര്‍ എ.സി. ബസ്സുകള്‍ സര്‍വീസ് നടത്തണമെന്ന് ആവശ്യം ഉയര്‍ന്നു. മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഫോണില്‍ ചര്‍ച്ച ചെയ്തു. ഹജ്ജ് ക്യാമ്പിന്റെ വിജയത്തിനായി സിയാലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷബീറിനെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.