കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ഉറങ്ങുന്നു; തുടര്‍ക്കഥയായി ജലദുരന്തങ്ങള്‍

Posted on: 28 Aug 2015കൊച്ചി: ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പാഠം പഠിക്കാത്തവര്‍. അതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമായിരുന്നു ഫോര്‍ട്ടുകൊച്ചിയിലെ ബോട്ടപകടം. അന്വേഷണ കമ്മിഷനുകളുടെ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഫോര്‍ട്ടുകൊച്ചി ദുരന്തം ഉണ്ടാകുമായിരുന്നില്ല. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ വിലപിക്കുമ്പോള്‍ അതില്‍ ഒരുപാട് സത്യങ്ങളുണ്ട്. മഹാകവി കുമാരനാശാന്റെ ജീവനെടുത്ത പല്ലനയാറ്റിലെ ബോട്ടപകടം മുതല്‍ ഫോര്‍ട്ടുകൊച്ചി ബോട്ടപകടം വരെയായി എത്രയോ ജലദുരന്തങ്ങള്‍. അപകടങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ സര്‍ക്കാര്‍ തൊട്ടുപിന്നാലെ അന്വേഷണ കമ്മിഷനുകളെ നിയമിക്കും. എന്നാല്‍ കമ്മിഷന്‍ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ക്ക് പലയിടത്തും പൊടിപിടിച്ച് കിടക്കാനാണ് വിധി.

ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍, ജസ്റ്റിസ് മൈതീന്‍കുഞ്ഞ് കമ്മിഷന്‍, ജസ്റ്റിസ് പരീതുപിള്ള കമ്മിഷന്‍ തുടങ്ങിയവയൊക്കെ ജലദുരന്തങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനുകളായിരുന്നു. ആലപ്പുഴയിലെ മുഹമ്മയില്‍ 2002ല്‍ ഉണ്ടായ ബോട്ടപകടം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടതായിരുന്നു ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍. 29 പേര്‍ മരിച്ച ദാരുണദുരന്തത്തെപ്പറ്റി കൃത്യമായി അന്വേഷിച്ച് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അതിലെ നിര്‍ദ്ദേശങ്ങളില്‍ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല.

സുരക്ഷാ കമ്മിഷണറെ നിയമിക്കണമെന്നതായിരുന്നു ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെ പ്രധാന നിര്‍ദ്ദേശം. റെയില്‍വേ സുരക്ഷയ്ക്കും റോഡ് സുരക്ഷയ്ക്കുമൊക്കെ ഉള്ളതുപോലെ ജലഗതാഗതത്തിനും സുരക്ഷാ കമ്മിഷണറെ നിയമിച്ചാല്‍ നിയമപാലനം കൃത്യമായി നടക്കുമെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍. ജലഗതാഗത വാഹനങ്ങളുടെ കൃത്യമായ പരിശോധന നടത്തേണ്ട ചുമതല സുരക്ഷാ കമ്മിഷണര്‍ നിര്‍വഹിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കമ്മിഷന്റെ ശുപാര്‍ശയനുസരിച്ച് സുരക്ഷാ കമ്മിഷണറെ നിയമിക്കുകയും കൃത്യമായ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകളില്‍ പകുതിപോലും വെള്ളത്തിലിറങ്ങില്ലെന്ന് ഉറപ്പാണ്.

തട്ടേക്കാട് 2007ലുണ്ടായ ബോട്ടപകടം അന്വേഷിക്കാനാണ് ജസ്റ്റിസ് പരീതുപിള്ള കമ്മിഷനെ നിയോഗിച്ചത്. കാലപ്പഴക്കമുള്ള ബോട്ടുകളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്നായിരുന്നു പരീതുപിള്ള കമ്മിഷന്റെ പ്രധാനനിര്‍ദ്ദേശം. ബോട്ടുകളില്‍ പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റരുതെന്നും കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നുമൊക്കെ കമ്മിഷന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, അതൊന്നും ഇപ്പോഴും പാലിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഫോര്‍ട്ടുകൊച്ചിയിലെ അപകടം.

ഫോര്‍ട്ടുകൊച്ചി ബോട്ടപകടം നടന്നത് അന്താരാഷ്ട്ര കപ്പല്‍ച്ചാലിലായിരുന്നു. വളരെ തിരക്കുള്ള ഈ കപ്പല്‍ച്ചാല്‍ മുറിച്ചുകടന്നുള്ള യാത്രയ്ക്കാണ് 40 വര്‍ഷത്തിലേറെ പഴക്കമുള്ള ബോട്ട് ഉപയോഗിച്ചുകൊണ്ടിരുന്നത്. കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നുപോലും പാലിക്കാതെയാണ് ഈ ബോട്ട് ഓടിക്കൊണ്ടിരുന്നതെന്ന് വ്യക്തം. ബോട്ടില്‍ എത്ര യാത്രക്കാരുണ്ടെന്നതിന്റെ കണക്കും അധികൃതര്‍ക്കില്ല. ഇതും സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

More Citizen News - Ernakulam