അപകട കാരണം ബോട്ടിന്റെ കാലപ്പഴക്കമല്ല - കെ. ബാബു

Posted on: 28 Aug 2015കൊച്ചി : ഫോര്‍ട്ട്‌കൊച്ചി അപകടത്തിന്റെ കാരണം ബോട്ടിന്റെ കാലപ്പഴക്കമാണെന്ന് പറയാനാകില്ലെന്ന് മന്ത്രി കെ. ബാബു. ഫോര്‍ട്ട്‌കൊച്ചി ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂര്‍ത്ത അമരമുള്ള മത്സ്യബന്ധന ബോട്ടാണ് വന്നിടിച്ചത്. എത്ര ശക്തിയുള്ള ബോട്ടാണെങ്കിലും ഇത്രയും വേഗത്തില്‍ വന്നിടിച്ചാല്‍ തകരും. കേരളത്തിലെ ബോട്ടുകളില്‍ ഉപയോഗിക്കുന്ന തടിക്ക് ഫൈബര്‍ കോട്ടിങ്ങാണ് നല്‍കുന്നത്. ഇത് ദ്രവിക്കുന്നത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അലുമിനിയം കോട്ടിങ് ഉപയോഗിക്കുന്നതാണ് നല്ലത്.
കേരളത്തില്‍ യാത്രാബോട്ട് സര്‍വീസുകളില്‍ കര്‍ശന പരിശോധന നടത്തും. ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
ബോട്ടിന്റെ കാലപ്പഴക്കം വ്യക്തമായി നിര്‍ണയിക്കാനാകില്ലെന്ന് യോഗത്തില്‍ തുറമുഖ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണിക്കായി ബോട്ട് കരയ്ക്ക് കയറ്റുമ്പോള്‍ തടിഭാഗങ്ങള്‍ മാറ്റി പുതിയത് വെയ്ക്കാറുണ്ട്. കേരളത്തില്‍ എത്ര വര്‍ഷം വരെ പഴക്കമുള്ള ബോട്ടുകള്‍ സര്‍വീസ് നടത്താം എന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളില്ല. ഇതിനായി ബോട്ടുടമകള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
തുറമുഖ വകുപ്പ് ഡയറക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, ഉദ്യോഗസ്ഥരായ കെ.ആര്‍. വിനോദ്, മുഹമ്മദ്, കൊച്ചി മേയര്‍ ടോണി ചമ്മണി, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ജെ. സോഹന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam