ഉഷാറാകാതെ ഉത്രാടക്കച്ചവടം

Posted on: 28 Aug 2015

കൊച്ചി:
ഉത്രാടനാള്‍ മാനം തെളിഞ്ഞെങ്കിലും വ്യാപാരികളുടെ മനസ്സ് തെളിഞ്ഞില്ല. നഗരത്തില്‍ പ്രതീക്ഷിച്ച പോലെ കച്ചവടം നടക്കാത്തതാണ് വ്യാപാരികളുടെ മനസ്സിടിച്ചത്. വ്യാപാരം കുറഞ്ഞതോടെ സന്ധ്യക്ക് വഴിയോര വാണിഭക്കാര്‍ നിരക്കുകള്‍ കുത്തനെ കുറച്ച് സാധനങ്ങള്‍ വിറ്റഴിക്കുകയായിരുന്നു.
നഗരത്തില്‍ ജനം തിങ്ങിനില്‍ക്കുന്ന ദര്‍ബാര്‍ഹാള്‍ പരിസരത്തും സൗത്തിലുമൊക്കെ തിരക്ക് കുറവായിരുന്നു. ബ്രോഡ്വേയിലും എറണാകുളം മാര്‍ക്കറ്റിലും ഉത്രാടത്തിന് സാധാരണ കാണാറുള്ള തിരക്കുണ്ടായില്ല. എറണാകുളം നോര്‍ത്ത് കേന്ദ്രീകരിച്ചുള്ള പൂ വില്പനയിലും മാന്ദ്യം അനുഭവപ്പെട്ടു.
പച്ചക്കറികള്‍ക്ക് പതിവിലും വിലക്കുറവുണ്ടായിട്ടും പ്രതീക്ഷിച്ച കച്ചവടം ഉണ്ടായില്ലെന്ന് എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. അഷ്‌റഫ് പറഞ്ഞു.
പച്ചക്കറികളില്‍ അച്ചിങ്ങയ്ക്കും പാവക്കയ്ക്കും വില 70 രൂപ വരെ ഉയര്‍ന്നു. ഏത്തക്കായ വില 45-50 നിലവാരത്തില്‍ നിന്ന് 35-40 ലേക്ക് താഴ്ന്നു. 20 രൂപയ്ക്ക് വിറ്റ തക്കാളിക്ക് രാത്രി 15 രൂപയായി. 35 രൂപ വരെ പോയ മുരിങ്ങാക്കോലിന്റെ വില 25 ആയി. 75 രൂപയായിരുന്ന സവാള ഒന്നര കിലോ 100 രൂപയ്ക്കാണ് വിറ്റത്. ഇറക്കുമതി തുടങ്ങിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വില 60-65 നിലവാരത്തിലേക്ക് താഴ്‌ന്നേക്കുമെന്ന് വ്യാപാരികള്‍ സൂചിപ്പിച്ചു.
വഴിവാണിഭക്കാര്‍ ഒടുവില്‍ കിട്ടിയ വിലയ്ക്ക് സാധനങ്ങള്‍ വിറ്റ് സ്ഥലം കാലിയാക്കുകയായിരുന്നു. 150 രൂപയ്ക്ക് വിറ്റ ഷര്‍ട്ടുകള്‍ രാത്രി രണ്ടെണ്ണം 150 രൂപയ്ക്കാണ് വിറ്റത്. ജൂട്ട് ബാഗുകള്‍ 200 രൂപയുണ്ടായിരുന്നത് 125 രൂപയ്ക്കാണ് വിറ്റഴിച്ചത്.
എറണാകുളത്തപ്പന്‍ മൈതാനിയില്‍ ഐ.ആര്‍.ഡി.പി. മേളയിലും വലിയ തിരക്കുണ്ടായില്ല. ഓണം കൈത്തറി മേളിലും മറ്റും വന്‍ വിലക്കുറവിലാണ് സന്ധ്യക്ക് തുണിത്തരങ്ങള്‍ വിറ്റത്.
ഗതാഗത കുരുക്ക് ഭയന്ന് അധികമാളുകള്‍ നഗരത്തിലേക്ക് എത്തിയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. വന്‍കിട മാളുകള്‍ ഓഫറുകള്‍ നല്‍കി ഓണമെത്തുന്നതിനു മുന്നേതന്നെ കച്ചവടം കീശയിലാക്കിയെന്നും ചെറുകിട വ്യാപാരികള്‍ പറയുന്നു.
നാട്ടിന്‍പുറങ്ങളില്‍ ആളുകള്‍ സ്വയം കൃഷിചെയ്ത് പച്ചക്കറി ഉല്പാദിപ്പിച്ചത് തമിഴ്‌നാട്ടിലെ പച്ചക്കറികളുടെ ആവശ്യം കുറച്ചു. നാടനെന്ന് തോന്നിക്കാന്‍ രണ്ടുമൂന്ന് നാടന്‍ കുലകള്‍ തൂക്കുകയും രണ്ടുമൂന്ന് കപ്പയും ചേനയുമൊക്കെ പറിച്ചുവെച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്തായിരുന്നു കച്ചവടം. പൂക്കളമത്സരങ്ങള്‍ കുറവായത് പൂ വിപണിയേയും ബാധിച്ചു. രാത്രി കിട്ടിയ വിലയ്ക്ക് പൂക്കള്‍ വിറ്റ് തീര്‍ക്കുകയായിരുന്നു. പച്ചക്കറികള്‍ വന്‍ തോതില്‍ വ്യാപാരികളുടെ പക്കല്‍ ബാക്കിയുണ്ട്. തമിഴ്‌നാട്ടിലും വലിയ തോതില്‍ ഉല്പാദനമുണ്ടായതിനാല്‍ പച്ചക്കറി ധാരാളമുണ്ട്. വരും ദിവസങ്ങളില്‍ പച്ചക്കറി വില നന്നായി ഇടിയുമെന്നാണ് വിപണി നല്‍കുന്ന സൂചനകള്‍.

More Citizen News - Ernakulam