അയ്യപ്പന്റെ തേവരക്കാവിലെ വീട് ദുഃഖത്തിലാണ്ടു

Posted on: 27 Aug 2015തൃപ്പൂണിത്തുറ: കൊച്ചിയില്‍ ബോട്ടപകടത്തില്‍ മരിച്ച അയ്യപ്പന്റെ മൃതദേഹം ബുധനാഴ്ച രാത്രി 8.30ഓടെ തൃപ്പൂണിത്തുറ തേവരക്കാവിലുള്ള വീട്ടിലെത്തിച്ചു. ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലുണ്ടായ ദുരന്തം വീടിനെ ദുഃഖത്തിലാഴ്ത്തി.
വൈപ്പിന്‍ സ്വദേശിയായ അയ്യപ്പ (66)ന്റെ ഭാര്യയും മക്കളുമൊക്കെ തേവരക്കാവിലുള്ള പുറമ്പോക്ക് വീട്ടിലാണ് താമസിക്കുന്നത്. വൈപ്പിനില്‍ മീന്‍പിടിത്ത ബോട്ടുകാരോടൊപ്പവും സ്വന്തമായി വലവീശാനും പോയിരുന്ന അയ്യപ്പന്‍ മാസത്തിലൊരിക്കല്‍ തേവരക്കാവിലെ വീട്ടിലെത്തുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. നിര്‍ധന കുടുംബമാണിത്. ചെറിയ കുടിലിലാണ് താമസം.
ബുധനാഴ്ച വൈകീട്ടാണ് ബോട്ടപകടത്തില്‍ അച്ഛന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞതെന്ന് മകന്‍ ഓട്ടോഡ്രൈവര്‍ കണ്ണന്‍ പറഞ്ഞു. വലിയച്ഛന്‍ ശിവനാണ് വിവരം വിളിച്ചറിയിച്ചത്.
ലൈലയാണ് അയ്യപ്പന്റെ ഭാര്യ. കണ്ണനെക്കൂടാതെ മിനി മകളായുണ്ട്.മൃതദേഹം വ്യാഴാഴ്ച 10ന് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.

More Citizen News - Ernakulam