അപകടംവിതയ്ക്കുന്ന ഈ 'ഇന്‍ബോര്‍ഡുകള്‍'

Posted on: 27 Aug 2015ഫോര്‍ട്ടുകൊച്ചി: 'വള്ളമെന്നാണ് പേരെങ്കിലും 'ഇന്‍ബോര്‍ഡുകള്‍' യഥാര്‍ഥത്തില്‍ വള്ളങ്ങളല്ല. ബോട്ടും വള്ളവും കൂടിച്ചേരുന്ന രൂപമാണിതിന്. ശാസ്ത്രീയ രീതിയിലല്ല ഇതിന്റെ നിര്‍മാണം. അംഗീകരിക്കപ്പെട്ട സ്ട്രക്ച്ചര്‍ ഈ ജല യാനത്തിനില്ല. ബോട്ടുപോലൊരു വള്ളം തീരദേശത്ത് നിര്‍മിക്കപ്പെടുകയായിരുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ അപകടമുണ്ടാക്കിയത് ഇത്തരം വള്ളമാണ്.
80 ലക്ഷംമുതല്‍ ഒരു കോടി രൂപവരെ ചെലവഴിച്ചാണ് ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ നിര്‍മിക്കുന്നത്. പരമ്പരാഗത തൊഴിലാളികള്‍ മീന്‍പിടിക്കുന്ന യാനമായതിനാല്‍ സര്‍ക്കാര്‍ പലപ്പോഴും 'ഇന്‍ബോര്‍ഡുകള്‍'ക്ക് നേരെ കണ്ണടയ്ക്കുകയാണ്. 40 മുതല്‍ 60 പേര്‍ വരെയാണ് ഇതില്‍ക്കയറി മീന്‍പിടിക്കാന്‍ പോകുന്നത്.
ഇതിന്റെ മുന്‍ഭാഗത്തിന് നല്ല ഉയരമാണ്. താഴെയാണ് വീല്‍ഹൗസ്. മുന്‍ഭാഗത്തെ കാഴ്ചകള്‍ വീല്‍ഹൗസിലിരുന്നാല്‍ കാണാനാവില്ല. വള്ളം ഓടിക്കുമ്പോള്‍, അപകടം ഒഴിവാക്കാനായി മുന്‍ഭാഗത്ത് (അണിയം) ഒരു നിരീക്ഷകനുണ്ടാകും. ഇയാളാണ് സിഗ്നലുകള്‍ നല്‍കുന്നത്. കടല്‍നിയമങ്ങള്‍ക്കനുസരിച്ചല്ല ഇതിന്റെ രൂപകല്പന. അതുകൊണ്ടുതന്നെ അപകടങ്ങളുമുണ്ട്. യാനത്തിന്റെ വലിപ്പത്തിനനുസൃതമായ 'ചുക്കാന്‍' ഇതിനില്ല. നീളവും വീതിയും ചുക്കാന്റെ വിസ്തീര്‍ണവുമൊക്കെ ക്രമത്തിലല്ലെന്ന് ചുരുക്കും.
നേവല്‍ ആര്‍ക്കിടെക്ട് വ്യവസ്ഥകള്‍ തെറ്റിച്ചുകൊണ്ടുള്ള ഈ നിര്‍മിതി, പക്ഷെ, തടയപ്പെടുന്നില്ല.
കൊച്ചിയില്‍ അപകടമുണ്ടാക്കിയ 'ഇന്‍ബോര്‍ഡ് വള്ളത്തെ' നിയന്ത്രിക്കാന്‍ മുന്‍ഭാഗത്ത് (അണിയത്ത്) ആരുമുണ്ടായിരുന്നില്ലത്രെ. സ്വാഭാവികമായും വീല്‍ഹൗസിലിരുന്ന സ്രാങ്കിന് ബോട്ടിനെ കാണാനാവില്ല.
ഹോണടിച്ചിട്ടും വള്ളക്കാര്‍ ശ്രദ്ധിച്ചില്ലെന്നാണ് പറയുന്നത്. 'ഹോണ്‍' അടിച്ചാലും വീല്‍ഹൗസില്‍ കേള്‍ക്കണമെന്നില്ല. അണിയത്തിരിക്കുന്നയാളുടെ മുദ്രകള്‍ക്കനുസരിച്ചാണ് വള്ളം ഓടുന്നത്. അണിയത്ത് ആളില്ലെങ്കില്‍, അത് കൈവിട്ടപോക്കാണ്. ഫോര്‍ട്ടുകൊച്ചി അപകടം അങ്ങനെയുണ്ടായതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

More Citizen News - Ernakulam