പൂരാടത്തിന് തിരക്കോട് തിരക്ക്
Posted on: 27 Aug 2015
തൃപ്പൂണിത്തുറ: ഉത്രാടപ്പാച്ചിലിന് മുന്നേ പൂരാട ദിവസവും രാജനഗരി ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി. ഓണാഘോഷത്തിന്റെ അത്തം മുതല്‍ തുടങ്ങിയ തിരക്ക് തൃപ്പൂണിത്തുറയില്‍ ദിവസം ചെല്ലുന്തോറും വര്‍ധിക്കുകയാണ്. സാധാരണ ഉത്രാടനാളില്‍ വില്പനയ്ക്കായി എത്താറുള്ള തുമ്പക്കൊടവും കുരുത്തോലയും തെങ്ങിന് ചൊട്ടയുമൊക്കെ പൂരാടത്തിന് തന്നെ എത്തി. നാട്ടിന്പുറങ്ങളില്നിന്നുമാണ് ഇവയൊക്കെ കൊണ്ടുവന്നിരിക്കുന്നത്.
ഒരു പിടി തുമ്പച്ചെടി 20 രൂപ, ഒരു പിടി കുരുത്തോല 20 രൂപ, തെങ്ങിന് ചൊട്ട 100 മുതല്‍ 200 രൂപ വരെ. ഇങ്ങനെയൊക്കെയാണ് വില. നിമിഷനേരംകൊണ്ടാണ് ഇവയൊക്കെ വിറ്റുപോകുന്നത്. തിരുവോണത്തിന് ഓണത്തപ്പനെ വരവേല്‍ക്കാന്‍ തുമ്പക്കൊടം ഉണ്ടായേ തീരൂ. നഗരത്തിലെ പറമ്പുകളില്‍ ഫ്ലാറ്റ് സമുച്ചയങ്ങളും ബഹുനിലക്കെട്ടിടങ്ങളും വന്നതോടെ തുമ്പച്ചെടികള്‍ അപ്രത്യക്ഷമായി. ആളുകള്‍ മൂവാറ്റുപുഴ, വാളകം തുടങ്ങിയ ഭാഗങ്ങളില്‍നിന്നുവരെ തുമ്പയും കുരുത്തോലയുമൊക്കെയായി രാജനഗരിയില്‍ ഓണം കൊഴുപ്പിക്കാന്‍ എത്തിയിരിക്കുകയാണ്.
സ്റ്റാച്യു-കിഴക്കേ കോട്ട റോഡ്, ലായം റോഡ്, ബസ് സ്റ്റാന്‍ഡ് റോഡ് ഭാഗങ്ങളിലാണ് ഓണക്കച്ചവടത്തിന്റെ തിരക്ക്. വ്യാഴാഴ്ചത്തെ ഉത്രാടപ്പാച്ചിലും ഓണക്കാഴ്ചയാകും.
കളിമണ്ണ് കൊണ്ടുള്ള ഓണത്തപ്പന്മാര്, അതോടൊപ്പം വയ്ക്കുന്ന മുത്തശ്ശി, അമ്മി, അരകല്ല്, ഉരല് തുടങ്ങിയവയുള്ള കിറ്റിന് നൂറ് രൂപയാണ്. നിരത്തില്‍ ഇങ്ങനെ ഓണത്തപ്പന്മാരുമായി സ്ത്രീകളടക്കം ഏറെപ്പേര്‍ വില്പനയ്ക്കുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള പൂക്കളുമായി തമിഴരും ഓണക്കച്ചവടം പൊടിപൊടിക്കുന്നു.