കപ്പല്‍ മേടിക്കാന്‍ കാശുണ്ടാക്കിയ കണ്ടംവെച്ച ബോട്ട്
Posted on: 27 Aug 2015
കൊച്ചി: കണ്ടംവെച്ച ഈ ബോട്ട് ഓടിച്ച് കപ്പല്‍ മേടിക്കാനുള്ള കാശുണ്ടാക്കിയിട്ടുണ്ട്...എന്നിട്ടും അധികാരികള്‍ക്ക് മതിയായിട്ടില്ല. ദൈവമേ ഇനിയും എത്രയോ ദുരന്തങ്ങള്‍ കാണേണ്ടിവരുമെന്ന് ആര്‍ക്കറിയാം...ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ അടക്കാനാവാത്ത രോഷത്തിലായിരുന്നു നാട്ടുകാര്‍. 40-ലേറെ വര്‍ഷം പഴക്കമുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഏറെ തിരക്കും ആഴവുമുള്ള കപ്പല്‍ച്ചാലില്‍ പഴയ ബോട്ടുകള്‍ ഓടിക്കുന്നതാണ് അപകടത്തിന് വഴിവെക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
'' ഷിഷിങ് ബോട്ടുകള്‍, ഗില്ലറ്റ് ബോട്ടുകള്‍,യാത്രാ ബോട്ടുകള്‍ എല്ലാം ഇതിലൂടെയാണ് പോകുന്നത്. വലിയ കപ്പലുകള്‍ തിരിക്കുന്നതും ഇവിടെ വെച്ചാണ്. ഇത്രയേറെ ഗതാഗതമുള്ള കപ്പല്‍ച്ചാലില്‍ ജാംബവാന്റെ കാലത്തുള്ള ബോട്ടാണ് ഓടിക്കുന്നത്. മനുഷ്യരാണ് ഇതില്‍ സഞ്ചരിക്കുന്നതെന്ന ബോധം അധികാരികള്‍ക്കില്ല. 40-ലേറെ വര്‍ഷമുള്ള ബോട്ടിലാണ് മാടുകളെപ്പോലെ മനുഷ്യരെ കയറ്റുന്നത്. രാവിലെയുള്ള സമയങ്ങളില്‍ നൂറോളം പേര് ബോട്ടിലുണ്ടാകും. അപ്പോഴാണ് അപകടമെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി...'' ഫോര്‍ട്ടുകൊച്ചിക്കാരനായ നിയാസ് പറഞ്ഞു.
25 പൈസയായിരുന്നു ആദ്യം ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കുള്ള ചാര്‍ജ്. ഇപ്പോള്‍ അത് മൂന്നു രൂപയായി. പക്ഷേ അന്നും ഇന്നും ഇതിലൂടെ ഓടിയത് 'ഭാരത്' എന്ന ഈ ബോട്ട് തന്നെയായിരുന്നു. ചാര്‍ജ് കൂട്ടാന്‍ അധികാരികള്‍ക്ക് വലിയ ഉത്സാഹമാണ്. പക്ഷേ അതിനനുസരിച്ച് ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനോ കാലഹരണപ്പെട്ട ബോട്ട് മാറ്റി പുതിയത് ഇറക്കാനോ ആരും തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
യോഗ്യതയില്ലാത്ത ജീവനക്കാര്‍
യാത്രാ സര്‍വീസ് നടത്തുന്ന ബോട്ടിലെ ജീവനക്കാരില്‍ പലര്‍ക്കും മതിയായ യോഗ്യതകളില്ലെന്നും പരാതിയുണ്ട്. നീന്തല്‍ അറിയാത്ത ആളുകള്‍ പോലും ജീവനക്കാരായി ബോട്ടുകളിലുണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.
കയറുകെട്ടാന്‍ വരുന്നവര്‍...അവര്‍ക്ക് യോഗ്യതകളെന്തിന് എന്ന മട്ടിലാണ് അധികാരികളുടെ സമീപനമെന്നാണ് നാട്ടുകാര്‍ പറയുന്നത്. '' തുച്ഛമായ ശമ്പളത്തിനാണ് ബോട്ടുകളില്‍ ജീവനക്കാരെ നിയമിക്കുന്നത്. 12 മണിക്കൂര്‍ മഴയും വെയിലുമൊക്കെ കൊണ്ട് ജോലി ചെയ്യുന്നവര്‍ക്ക് 400 രൂപയാണ് കൊടുക്കുന്നത്. അപ്പോള്‍പ്പിന്നെ വേണ്ടത്ര യോഗ്യതയുള്ളവര്‍ ഈ ജോലിക്ക് വരില്ല. കിട്ടുന്നവരെ വെച്ച് സര്‍വീസ് നടത്തുമ്പോള്‍ നീന്താന്‍ പോലുമറിയാത്തവര്‍ ജീവനക്കാരായെത്തുന്നതില് അത്ഭുതമില്ലല്ലോ'' - നാട്ടുകാരനായ നിയാസ് ചോദിക്കുന്നു.
നിയമപ്രകാരമുള്ള ജീവന്‍രക്ഷാ ജാക്കറ്റുകള്‍ ബോട്ടിലില്ലായിരുന്നെന്നും ആരോപണമുണ്ട്. അപകടം നടന്നതിനു ശേഷം കരയില്‍ നിന്ന് എറിഞ്ഞുകൊടുത്ത ജാക്കറ്റുകള്‍ ഉപയോഗിച്ചാണ് പലരും രക്ഷപ്പെട്ടത്.