ഓണലഹരിയില്‍ ബിനാലെ ആര്‍ട്സ് ആന്‍ഡ് മെഡിസിന്
Posted on: 27 Aug 2015
കൊച്ചി: ഗായിക സരിത റഹ്മാന് ആലപിച്ച ഓണപ്പാട്ടുകളും എക്കാലത്തേയും മികച്ച മലയാളം ഹിന്ദി ചലച്ചിത്ര ഗാനങ്ങളും ബുധനാഴ്ച എറണാകുളം ജനറല്‍ ആസ്പത്രിയില്‍ രോഗികളെയും കൂട്ടിരുപ്പുകാരെയും വരവേറ്റു. ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടന്നുവരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്റെ ഓണപ്പതിപ്പിലായിരുന്നു സരിതയുടെ ഗാനവിരുന്ന്.
1961 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'ജംഗ്ലൂ' യിലെ ജനപ്രിയ ഗാനം 'യെഹസാന് തേരാ ഹോഗാ'യിലൂടെയാണ് ഒരു മണിക്കൂര്‍ നീണ്ട പരിപാടിക്ക് തുടക്കമായത്. സംഗീത സംവിധായകന് എം.എസ്. ബാബുരാജിന്റെ ആരാധികയായ സരിത 1967ല്‍ പുറത്തിറങ്ങിയ 'അഗ്നിപുത്രി'യിലെ അദ്ദേഹത്തിന്റെ 'ആകാശത്തിലെ നന്ദിനി പശുവിന്' എന്ന ഗാനവും ആലപിച്ചു. ലതാ മങ്കേഷ്കറിന്റേയും പി. സുശീലയുടേയും ഗാനങ്ങളിലൂടെയും സരിത ആസ്വാദകരെ സന്തോഷിപ്പിച്ചു.
പ്രശസ്ത ഗായകന് ചാവക്കാട് റഹ്മാന്റെ മകളായ സരിത മുന്നൂറിലധികം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സംഗീതത്തില്‍ ബിരുദം നേടിയ സരിത ഹിന്ദുസ്ഥാനിയും അഭ്യസിക്കുന്നുണ്ട്. അമ്മ അബിദാ റഹ്മാനും ഗായികയാണ്.
മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടേയും ലേക്ഷോര് ആസ്പത്രിയുടെയും സഹകരണത്തോടെയാണ് പ്രതിവാര പരിപാടിയായ ആര്‍ട്സ് ആന്‍ഡ് മെഡിസിന് സംഘടിപ്പിച്ചിട്ടുള്ളത്.