നടുക്കം മാറാതെ റാല്‍ഫും കൂട്ടുകാരും

Posted on: 27 Aug 2015ര്‍ട്ടുകൊച്ചി: ''വള്ളക്കാരുടെ കുഴപ്പമാണിത്. ബോട്ടിലെ ജീവനക്കാര്‍ പലതവണ ഹോണടിച്ചു. അത് കേള്‍ക്കാത്തതുപോലെ വള്ളക്കാര്‍ മുന്നോട്ടുവരികയായിരുന്നു'' - അപകടം നടന്നയുടനെ ബോട്ടില്‍ നിന്ന് ചാടിയ റാല്‍ഫ് പറയുന്നു. റാല്‍ഫിനോടൊപ്പം സുഹൃത്തുക്കളായ ഫെബിനും യദുലുമുണ്ടായിരുന്നു. മൂന്നുപേരും ഒന്നിച്ച് ബോട്ടില്‍ നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. ഇതിനിടയില്‍ കൈ ഉയര്‍ത്തിയ ഒരു സ്ത്രീയെ ഇവര്‍ രക്ഷപ്പെടുത്തി. മൂന്നുപേര്‍ക്കും നീന്തലറിയാമായിരുന്നതിനാല്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു.
വൈപ്പിനിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കാര്‍ഡ് പുതുക്കുന്നതിനാണ് കണ്ണമാലിക്കാരായ റാല്‍ഫും ഫെബിനും വൈപ്പിനിലേക്ക് പോയത്. എക്‌സ്‌ചേഞ്ചില്‍ നിന്ന് മടങ്ങിയ മറ്റ് പലരും ബോട്ടിലുണ്ടായിരുന്നു. ആണുങ്ങളിലേറെയും നീന്തി രക്ഷപ്പെട്ടിട്ടുണ്ട്. കുട്ടികളുണ്ടായിരുന്നു ബോട്ടില്‍. അവരാരും രക്ഷപ്പെട്ടിട്ടുണ്ടാവില്ല - പറയുമ്പോള്‍ ഫെബിന് നടുക്കം.
23-കാരനായ റാല്‍ഫ് മത്സ്യത്തൊഴിലാളിയാണ്. ''ഇന്‍ബോര്‍ഡ് വള്ളമാണ് ഇടിച്ചത്. ബോട്ടിന്റെ നടുഭാഗത്തായിരുന്നു ഇടി. ബോട്ടിന്റെ നടുഭാഗം പൊട്ടിത്തകര്‍ന്നു പോയി. ബോട്ട് മുങ്ങുമെന്ന് ഉറപ്പായിരുന്നു. ഒരാളെയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതാണ് ഭാഗ്യം. ഒരു കുഞ്ഞ് മുങ്ങിപ്പോകുന്നത് കണ്ടു. പക്ഷേ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പിടിത്തം കിട്ടിയില്ല''- യദുല്‍ പറയുന്നു.
''ബോട്ടില്‍ രണ്ട് ലൈഫ് ബോയകള്‍ ഇരിപ്പുണ്ടായിരുന്നു. ഒരു സ്ത്രീ അതില്‍ പിടിച്ചു വലിച്ചു. പക്ഷേ കെട്ടിപ്പൂട്ടി വച്ച ലൈഫ് ബോയ എടുക്കാന്‍ കഴിഞ്ഞില്ല. കുറച്ചുനേരം ശ്രമിച്ച് എടുക്കാന്‍ കഴിയാതെ അവര്‍ കരയുന്നുണ്ടായിരുന്നു. ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളെല്ലാം കായലില്‍ മുങ്ങിപ്പോയി. ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം''-ഫെബിന്‍ പറയുന്നു.

More Citizen News - Ernakulam