നെല്‍ക്കതിരിലൂടെ ജന്മനാടിന്റെ ഓര്‍മയിലെത്തിയെന്ന് ഗവര്‍ണര്‍

Posted on: 27 Aug 2015ഹരിപ്പാട്: പറ നിറയെ നെല്‍ക്കതിര്‍ കണ്ടപ്പോള്‍ താന്‍ ജന്മനാടിനെ ഓര്‍ത്തതായി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഒപ്പം അവിടത്തെ പൊങ്കല്‍ ആഘോഷവും. ചെന്നൈയില്‍നിന്ന് 340 കിലോമീറ്റര്‍ തീവണ്ടിയിലും തുടര്‍ന്ന് 48 കിലോമീറ്റര്‍ റോഡ് മാര്‍ഗവും യാത്രചെയ്ത് എത്തേണ്ട തന്റെ ഗ്രാമം. അവിടെ കര്‍ഷക കുടുംബത്തില്‍ ജനിച്ച തനിക്ക് സാധാരണക്കാരുടെ ജീവിതം അടുത്തറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട്ട് നാഷണല്‍ ഫോക്ലോര്‍ ഫെസ്റ്റ് ഉദ്ഘാടനവേദിയിലാണ് ഗവര്‍ണര്‍ എഴുതിത്തയ്യാറാക്കിവന്ന പ്രസംഗം മാറ്റിവച്ച് തന്റെ ജീവിതം പറഞ്ഞത്.
സുപ്രീംകോടതിയിലെ സഹ ജഡ്ജിമാരോട് തന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞപ്പോള്‍ അവരെല്ലാം അദ്ഭുതപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളില്‍ ജനിച്ചുവളര്‍ന്ന അവര്‍ക്ക് പരിചിതമായ സാഹചര്യത്തിലല്ല താന്‍ വളര്‍ന്നതെന്നും ഗവര്‍ണര്‍ അനുസ്മരിച്ചു.
സമ്മേളനത്തില്‍ അതിഥികള്‍ക്കെല്ലാം നെല്‍ക്കതിര്‍ നിറച്ച പറയാണ് സമ്മാനിച്ചത്. ഓണത്തിന് നടത്തുന്ന നാടന്‍കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് കര്‍ഷക കുടുംബാംഗമായ ഗവര്‍ണര്‍ പി. സദാശിവം ഏറ്റവും അനുയോജ്യനാണെന്ന് കെ.സി. വേണുഗോപാല്‍ ആശംസാപ്രസംഗത്തില്‍ സൂചിപ്പിച്ചു. കെ.സി. വേണുഗോപാലിന്റെ വാക്കുകള്‍ എടുത്തുപറഞ്ഞാണ് ഗവര്‍ണര്‍ തന്റെ നാടിനെപ്പറ്റിയും അവിടത്തെ കര്‍ഷകരെപ്പറ്റിയും വാചാലനായത്.
ഉള്ളിവില നൂറുരൂപയാകുമ്പോള്‍ ഇറക്കുമതി നടത്തി വില കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ വില ഏഴുരൂപയായി കുറയുമ്പോള്‍ മിണ്ടാറില്ല. ആ സാഹചര്യത്തില്‍ ഉള്ളിയുടെ വിളവെടുപ്പ് നടത്താന്‍ കഴിയാതെ വിഷമിക്കുന്ന കര്‍ഷകരുടെ സങ്കടം ആരും ശ്രദ്ധിക്കാറില്ല. എല്ലാ തലങ്ങളിലും ഉപരിവര്‍ഗത്തിന്റെ പ്രതിനിധികള്‍മാത്രം ഉള്ളതിനാലാണ് ഈ സ്ഥിതി. താഴെത്തട്ടില്‍ കഴിയുന്നവരുടെ ജീവിതം കാണാനും അറിയാനും ശ്രമിക്കണം. അവരുടെ കൂട്ടത്തില്‍നിന്ന് വന്ന തനിക്ക് അത്തരക്കാരെക്കുറിച്ച് ചിന്തിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.
എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞു തുടങ്ങിയ അദ്ദേഹം ഓണാശംസ നേര്‍ന്നാണ് പ്രസംഗം പൂര്‍ത്തിയാക്കിത്.

More Citizen News - Ernakulam