കൂട്ടുകാരനെ കണ്ടു... അപകടം വഴിമാറി
Posted on: 27 Aug 2015
കൊച്ചി: ടിക്കറ്റെടുത്ത് ബോട്ടില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് ദൈവദൂതനെപ്പോലെ ആ കൂട്ടുകാരന് രാജേഷിന് മുന്നിലെത്തിയത്. കൂട്ടുകാരനെ കണ്ട സന്തോഷത്തില്‍ യാത്ര അടുത്ത ബോട്ടിലാകാമെന്നു വിചാരിച്ച രാജേഷ് നിമിഷങ്ങള്‍ക്കകം കണ്ടത് വലിയൊരു ദുരന്തമായിരുന്നു. താന്‍ ടിക്കറ്റെടുത്ത് കയറാന്‍ തീരുമാനിച്ച ബോട്ട് കണ്മുന്നില് മുങ്ങിത്താഴുന്ന കാഴ്ചയുടെ ഭീതി ഇപ്പോഴും രാജേഷിന് മാറിയിട്ടില്ല.
ഞാറയ്ക്കല്‍ മരോട്ടിക്കപറമ്പില്‍ രാജേഷ് (42) തലനാരിഴ വ്യത്യാസത്തിനാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രാവിലെ വൈപ്പിനില്‍ നിന്ന് ഈ ബോട്ടില്‍ ഫോര്‍ട്ടുകൊച്ചിയില്‍ വന്നിറങ്ങിയ രാജേഷ് ഉച്ചയ്ക്ക് അതേ ബോട്ടില്‍ മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു അപകടം.
''ദൈവമാകാം എന്റെ കൂട്ടുകാരനെ അപ്പോള്‍ മുന്നിലെത്തിച്ചത്. അവനാണ് അടുത്ത ബോട്ടില്‍ പോകാമെന്നു പറഞ്ഞ് യാത്ര മുടക്കിയത്. അവനോട് വര്‍ത്തമാനം പറഞ്ഞുനില്‍ക്കുമ്പോഴാണ് മുന്നില്‍ അപകടം കണ്ടത്. അതോടെ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലായിരുന്നു ഞാന്‍'' - രാജേഷ് പറഞ്ഞു.
അപകടത്തില്‍പ്പെട്ട ബോട്ടിലെ സ്ഥിരം യാത്രക്കാരനായ രാജേഷിന് ഇതിനു മുമ്പും പേടിപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ''ഈ ബോട്ടില്‍ കയറാനും ഇറങ്ങാനും വലിയ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. ഒരിക്കല്‍ നേവിയുടെ ബോട്ട് കടന്നുപോയപ്പോള്‍ ബോട്ട് വല്ലാതെ ആടിയുലഞ്ഞിരുന്നു. ഇപ്പോ മറിയുമെന്ന് തോന്നുന്ന വിധമായിരുന്നു ഉലച്ചില്‍. അന്ന് ഞങ്ങളെല്ലാം വല്ലാതെ പേടിച്ചുപോയി...'' രാജേഷ് പറഞ്ഞു.
മെഴുക് വ്യാപാരം നടത്തുന്ന രാജേഷ് എന്നും വൈപ്പിനില്‍ നിന്ന് ഈ ബോട്ടിലാണ് കൊച്ചിയില്‍ എത്താറുള്ളത്. വ്യാപാരം കഴിഞ്ഞ് മടങ്ങുന്നതും പലപ്പോഴും ഈ ബോട്ടില്‍ തന്നെ. അപകടം നടന്ന ഉടനെ ബോട്ടിലുണ്ടായിരുന്ന ചിലര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായും രാജേഷ് പറഞ്ഞു.