ബോട്ട് ദുരന്തം: അന്വേഷണം വേണമെന്ന് സി.പി.എം.

Posted on: 27 Aug 2015കൊച്ചി: കൊച്ചി ബോട്ട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരിക്കുപറ്റിയവര്‍ക്ക് ചികിത്സാ സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. അപകടത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തണം.
മുമ്പ് നടന്നിട്ടുള്ള ബോട്ടപകടങ്ങളെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു. കൊച്ചി നഗരസഭ കരാര്‍ കൊടുത്തിരുന്ന ബോട്ട് കാലപ്പഴക്കം കൊണ്ട് എപ്പോള്‍ വേണമെങ്കിലും തകരാവുന്ന സ്ഥിതിയിലായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ പോലും പറ്റാത്ത വിധം ദ്രവിച്ചതായിരുന്നു അപകടത്തില്‍ പെട്ട ബോട്ടിന്റെ ഭാഗങ്ങള്‍. ഇങ്ങനെയുള്ള ബോട്ടുകള്‍ക്ക് 2017 വരെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും സര്‍വീസ് നടത്താന്‍ അനുവദിച്ചതും ഗൗരവമായി അന്വേഷിക്കണം.
ദുരന്തനിവാരണ സംവിധാനത്തിന്റെ പാളിച്ച പൂര്‍ണമായി പ്രകടമാകുന്നതായിരുന്നു അപകടത്തിന് ശേഷമുണ്ടായ സംഭവങ്ങള്‍. ദക്ഷിണ നാവിക കമാന്‍ഡും തീര സംരക്ഷണ സേനയും തീരദേശ പോലീസും ഉണ്ടായിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല. തടിച്ചുകൂടിയ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള ഉച്ചഭാഷിണി പോലും ഉണ്ടായിരുന്നില്ല. തുറമുഖ ട്രസ്റ്റിന്റെ ക്രെയിന്‍ സ്ഥലത്തെത്താന്‍ മൂന്നു മണിക്കൂറിലേറെ എടുത്തു. പഴകിയ ബോട്ടുകള്‍ ഉപയോഗിക്കുന്നതിനു പുറമേ യാത്രയ്ക്കും വിനോദ സഞ്ചാരത്തിനും മത്സ്യബന്ധനത്തിനുമുള്ള ബോട്ടുകള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും ഇല്ലെന്നും സി.പി.എം. ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

More Citizen News - Ernakulam