മുന്നറിയിപ്പുകളെ അവഗണിച്ച് വിളിച്ചുവരുത്തിയ അപകടം

Posted on: 27 Aug 2015വൈപ്പിന്‍: കൊച്ചി അഴിമുഖത്ത് നടത്തുന്ന ജങ്കാര്‍ - ബോട്ട് സര്‍വീസുകളിലെ അപകട സാധ്യതയെ കുറിച്ച് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ അവഗണിക്കുകയായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് 2010 നവംബര്‍ 29 ന് 'മാതൃഭൂമി നഗരം' വൈപ്പിന്‍ - ഫോര്‍ട്ടുകൊച്ചി യാത്രയുടെ അപകട സാധ്യതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. നിരുത്തരവാദപരമായി നടത്തുന്ന ജങ്കാര്‍ - ഫെറി സര്‍വീസുകള്‍ കോര്‍പ്പറേഷന്‍ തിരിച്ചെടുക്കണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ശക്തമായ അടിയൊഴുക്കുള്ള കപ്പല്‍ചാലില്‍ മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ബോട്ട് യാത്ര ഭീതിജനകമാണ്. എന്‍ജിന്‍ നിലച്ച് നിയന്ത്രണം വിട്ട ബോട്ടുകള്‍ പലപ്പോഴും കൊച്ചി കായലില്‍ ഒഴുകുക പതിവായിരുന്നു. ടൂറിസ്റ്റ് ബോട്ടുകളും മത്സ്യബന്ധന ബോട്ടുകളുമാണ് അപ്പോള്‍ രക്ഷയ്‌ക്കെത്തിയിരുന്നത്. ബുധനാഴ്ച നടന്ന ദുരന്തത്തിന് കാരണമായത് 'ബെസലേല്‍' എന്ന മത്സ്യബന്ധന ബോട്ടും. ദുരന്തത്തില്‍ പെട്ട ഭാരത് കൂടാതെയുള്ള ഹര്‍ഷ ബോട്ട് ഇപ്പോള്‍ യന്ത്രത്തകരാര്‍ മൂലം ബോട്ട് യാര്‍ഡിലാണ്. കൊച്ചി നഗരസഭയുടെ നിയന്ത്രണത്തിലായിരുന്ന ഫെറി സര്‍വീസ് 15 വര്‍ഷം മുന്‍പാണ് സ്വകാര്യ ഏജന്‍സിയെ ഏല്പിക്കുന്നത്. അപകടത്തില്‍ പെട്ട ബോട്ടുള്‍പ്പെടെയാണ് നഗരസഭ കൈമാറിയത്. ജങ്കാര്‍ സര്‍വീസ് നടത്തിയിരുന്ന ഏജന്‍സി തന്നെയാണ് ഇതും ലേലത്തില്‍ പിടിച്ചത്. ഇതോടെ ഈ കൊച്ചി അഴിമുഖത്തെ യാത്ര ഇവരുടെ കുത്തകയായി. ഇതിനുശേഷമാണ് ഫോര്‍ട്ടുകൊച്ചി യാത്രയുടെ ശനിദശ ആരംഭിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഫെറി സര്‍വീസ് ലേലത്തില്‍ വയ്ക്കുന്നുണ്ടെങ്കിലും മറ്റാരും രംഗത്തെത്താറില്ല. ഇവരെ കൂടാതെ ലേലത്തില്‍ പങ്കുകൊള്ളുന്ന പൊതുമേഖലാ സ്ഥാപനമായ കിന്‍കോ എല്ലാ കാലത്തും പിന്‍തള്ളപ്പെടുകയാണ് പതിവ്.
ബോട്ടുകളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം സാധാരണ നിലില്‍ 80 ആണ്. ക്ഷോഭിത കാലയളവില്‍ 65-ഉം. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി യാത്രക്കാരുടെ ജീവന് വിലയൊന്നും കല്പിക്കാതെയാണ് കരാറുകാര്‍ സര്‍വീസ് നടത്തുന്നത്. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്ന പരാതിയുമുണ്ട്.

More Citizen News - Ernakulam