പിറവം വള്ളംകളി; ട്രോഫി ചമ്പക്കുളത്തിന്‌

Posted on: 27 Aug 2015പിറവം: കെ. കരുണാകരന്‍- ടി.എം. ജേക്കബ് സ്മാരക പിറവം വള്ളംകളി മത്സരത്തില്‍ ചമ്പക്കുളം ചുണ്ടനെ ജേതാവായി പ്രഖ്യാപിച്ചു. മത്സരത്തില്‍ ആലപ്പുഴ പുന്നമട ടൗണ്‍ ബോട്ട് ക്ലബ്ബ് വലിച്ച ചമ്പക്കുളമാണ് ഒന്നാം സ്ഥാനത്തെത്തിയതെങ്കിലും ട്രാക്ക് തെറ്റിയെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് ഫലപ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.
മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ചമ്പക്കുളത്തിനെ വിജയിയായി പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനം കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാലും മൂന്നാം സ്ഥാനം തിരുവാര്‍പ്പ്‌ േബാട്ട് ക്ലബ്ബ് തുഴഞ്ഞ ചെറുതനയും നേടി.
ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ചമ്പക്കുളവും കാരിച്ചാലും സ്‌പോണ്‍സര്‍ ചെയ്തത് പിറവത്ത് നിന്നുള്ളവര്‍ തന്നെയാണെന്നത് ശ്രദ്ധേയമാണ്. ബിജു കിഴക്കേക്കര ക്യാപ്റ്റനായുള്ള പിറവം ബോട്ട് ക്ലബ്ബാണ് ചമ്പക്കുളം ചുണ്ടന്‍ സ്‌പോണ്‍സര്‍ ചെയ്തത്. അതേസമയം കുഞ്ഞപ്പന്‍ വാര്യാട്ടേല്‍ ക്യാപ്റ്റനായുള്ള കക്കാട് ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടന്‍ സ്‌പോണ്‍സര്‍ ചെയ്തത്.
ചമ്പക്കുളം ഫിനിഷ് ചെയ്തത് ട്രാക്ക് മാറിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അതിനുള്ള ബോണസ്സ് തുക 25 ശതമാനം കുറച്ചു. ഇങ്ങനെ ചമ്പക്കുളത്തിനും കാരിച്ചാലിനും കാഷ് പ്രൈസ് തുല്യമായി നല്‍കാന്‍ തീരുമാനിച്ചാണ് ജലോത്സവ സമിതി അന്തിമ ഫലപ്രഖ്യാപനം നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ്, കണ്‍വീനര്‍മാരായ അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്‍, പി.കെ. പ്രസാദ്, സമിതിയംഗം ജമ്മര്‍ മാത്യു, കോ-ഓര്‍ഡിനേറ്റര്‍ അലക്‌സ് കരുവേലിത്തറ എന്നിവര്‍ സംയുക്തമായാണ് ബുധനാഴ്ച ഫലപ്രഖ്യാപനം നടത്തിയത്.

More Citizen News - Ernakulam