മോറക്കാലയിലെ പാറക്കുളം കുടിവെള്ള സംഭരണി
Posted on: 27 Aug 2015
കിഴക്കമ്പലം: കരിങ്കല്ല് പൊട്ടിച്ചെടുക്കുന്നത് നിര്‍ത്തിയതോടെ ഒന്നരയേക്കറോളം വിസ്തൃതിയിലുള്ളതും എണ്‍പതടിയോളം ആഴമുള്ളതുമായ മോറക്കാലയിലെ പാറക്കുളം ഒരുപ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും കുടിവെള്ള സംഭരണിയായിമാറി. ലക്ഷക്കണക്കിന് ലിറ്റര്‍ തെളിഞ്ഞ ശുദ്ധമായ വെള്ളമാണ് പാറക്കുളത്തിലുള്ളത്.
കടുത്തവേനലിലും പ്രദേശമാകെ കുടിവെള്ള ക്ഷാമം നേരിടുമ്പോഴും കുടിവെള്ള സംഭരണിക്ക് സമീപമുള്ള കിണറുകളും ചെറുകുളങ്ങളും വറ്റാറില്ല. മോറക്കാല-പടിഞ്ഞാറെ മോറക്കാല റോഡരികിലാണ് പാറക്കുളം.
വെറുതെകിടക്കുന്ന കുളം എന്തെങ്കിലും ആവശ്യങ്ങള്‍ക്കുപയോഗിക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ ഇതിന്റെ ഉടമകളായ പന്തപ്ലാക്കല്‍ കുടുംബാംഗങ്ങള്‍ പദ്ധതി ആവിഷ്കരിച്ചിരുന്നു. അലങ്കാരമത്സ്യകൃഷി ചെയ്യുന്നിനും വാടകയ്ക്ക് കൊടുത്തിരുന്നു. മത്സ്യങ്ങളെ ശ്രദ്ധിക്കാന്‍ സാധിക്കാതിരുന്നതോടെ അത് നിര്‍ത്തിയതായി അലങ്കാരമത്സ്യകൃഷി ഏറ്റെടുത്തിരുന്ന എരുമേലി ജോര്‍ജ് പറഞ്ഞു. 43 ദിവസം രാവും പകലും മൂന്ന് പമ്പുസെറ്റുകള്‍ ഉപയോഗിച്ചാണ് വെള്ളം വറ്റിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത്രയധികം വെള്ളമാണ് ഈ പാറക്കുളത്തിലുള്ളത്.
കുന്നത്തുനാട് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കാന്‍ ഈ പാറക്കുളം ഉപയോഗിക്കാനാവിേല്ല എന്ന ചോദ്യവും നാട്ടുകാര്‍ക്കുണ്ട്. നിലവില്‍ പാടശേഖരങ്ങളിലെ കുളങ്ങളില്‍ നിന്ന് പമ്പ് ചെയ്തെടുക്കുന്ന വെള്ളം പലപ്പോഴും മാലിന്യം നിറഞ്ഞതും ഉപയോഗിക്കാനാവാത്തതുമാണ്.
അതിനിടെ, പാറക്കുളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യകൃഷി ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ഉടമകളിലൊരാളായ ബൈജു. 3 ലക്ഷം വാളക്കുഞ്ഞുങ്ങളെ ഈ കുളത്തില്‍ നിക്ഷേപിക്കാനാകുമെന്നാണ് വിദഗ്ദ്ധ ഉപദേശം ലഭിച്ചിരിക്കുന്നത്. ഇതില്‍ 10,000 എണ്ണം കിട്ടിയാലും പദ്ധതി വിജയിപ്പിക്കാനാകുമെന്ന് അദ്ദേഹം കരുതുന്നു.