നേര്യമംഗലം ശ്രീനാരായണ ഗുരുദേവ ക്ഷേത്രം പഞ്ചലോഹ പ്രതിഷ്ഠയും ക്ഷേത്ര സമര്‍പ്പണവും ഇന്ന്‌

Posted on: 27 Aug 2015കോതമംഗലം: എസ്.എന്‍.ഡി.പി. യോഗം നേര്യമംഗലം ശാഖ പുനര്‍നിര്‍മിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, ക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ വ്യഴാഴ്ച നടക്കും. കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മചൈതന്യാജി പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും. ക്ഷേത്രാചാര്യന്‍ അശോകന്‍ തന്ത്രികള്‍ മുഖ്യകാര്‍മികത്വവും മേല്‍ശാന്തി ബൈജു ശാന്തി സഹകാര്‍മികത്വവും വഹിക്കും. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ പെരിയാറിന്റെ സാമീപ്യത്തിലാണ് പ്രശാന്ത സുന്ദരമായ, തപോവന പ്രതീതിയുളവാക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നാല് ദിവസം നീണ്ടു നിന്ന വിവിധ താന്ത്രിക ക്രിയകള്‍ക്ക് ശേഷം ബുധനാഴ്ച തന്ത്രി അശോകന്‍ തന്ത്രി താഴികക്കുടം പ്രതിഷ്ഠ നടത്തി. അദ്ദേഹത്തിന്റെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 6ന് മഹാഗണപതി ഹോമത്തോടെ പ്രതിഷ്ഠാ ചടങ്ങ് ആരംഭിക്കും. 8.30ന് ശുഭമുഹൂര്‍ത്തത്തില്‍ സ്വാമി ധര്‍മചൈതന്യാജി ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും കലശാഭിഷേകവും നടത്തും.
10.45ന് ക്ഷേത്ര സമര്‍പ്പണവും പൊതുസമ്മേളന ഉദ്ഘാടനവും യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍ നടത്തും. സ്വാമി ധര്‍മചൈതന്യയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടാകും. ശാഖ പ്രസിഡന്റ് ഇ.എം.സജീവ് അധ്യക്ഷനാവും. യൂണിയന്‍ സെക്രട്ടറി പി.എ.സോമന്‍ സംഘടനാ സന്ദേശവും യോഗം കൗണ്‍സിലര്‍ സജീവ് പാറയ്ക്കല്‍ മുഖ്യപ്രഭാഷണവും നടത്തും. ക്ഷേത്രാചാരി അശോകന്‍ തന്ത്രികളെയും ശില്പി സി.പി.ബിജുവിനേയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് മഹാ അന്നദാനവും ഉണ്ടാകും.

More Citizen News - Ernakulam