ചാവറയച്ചന്‍ വഴികാട്ടി

Posted on: 27 Aug 2015കൊച്ചി: പ്രവര്‍ത്തിക്കുന്ന രംഗങ്ങളിലെല്ലാം മികവിന്റെ മുദ്ര പതിപ്പിച്ചാണ് ഫാ. ആന്റണി കരിയില്‍ മാണ്ഡ്യ രൂപതയുടെ മെത്രാന്‍ പദവിയിലേക്കെത്തിയിരിക്കുന്നത്. മികച്ച ഭരണാധികാരി, അദ്ധ്യാപകന്‍, സാമൂഹിക ചിന്തകന്‍, സംഘാടകന്‍, എഴുത്തുകാരന്‍ തുടങ്ങി വിവിധ നിലകളില്‍ ഫാ. കരിയില്‍ ഒരേസമയം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, കേരള സര്‍ക്കാറിന്റെ ദത്തെടുക്കലിനുള്ള വോളന്ററി കോ- ഓര്‍ഡിനേറ്റിങ് ഏജന്‍സി ചെയര്‍മാന്‍, കേന്ദ്ര ദത്തെടുക്കല്‍ റിസോഴ്‌സ് ഏജന്‍സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംസ്ഥാന സാക്ഷരതാ സമിതി എക്‌സിക്യൂട്ടീവ് മെമ്പര്‍, കാലിക്കറ്റ്, ബാഗ്ലൂര്‍ യൂണിവേഴ്‌സിറ്റികളില്‍ സോഷ്യോളജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ തുടങ്ങി ഒട്ടേറെ ചുമതലകള്‍ ഫാ. കരിയില്‍ വഹിച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ് മെമ്പര്‍, കേരള കാത്തലിക് എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ നിലകളിലെ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു.
സി.എം.ഐ. സഭയുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒട്ടേറെ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിന്റെയും കളമശ്ശേരി രാജഗിരി കോളേജിന്റെയും പ്രിന്‍സിപ്പലായിരുന്നു. 2002-08 കാലത്താണ് സി.എം.ഐ. സഭയുടെ പ്രിയോര്‍ ജനറലായിരുന്നത്. 2008 മുതല്‍ 2011 വരെ കളമശ്ശേരി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്നു. കാക്കനാട് ചാവറ ഹില്‍സിലെ പ്രൊവിന്‍ഷ്യല്‍ ഹൗസിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് ഫാ. കരിയിലാണ്. ഇപ്പോള്‍ രാജഗിരി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, രാജഗിരി ബിസിനസ് സ്‌കൂള്‍ എന്നിവയുടെ ഡയറക്ടറാണ്. ചര്‍ച്ച് ആന്‍ഡ് സൊസൈറ്റി ഇന്‍ കേരള, തിരുവയസ്സ്, സുവര്‍ണ ചിന്തകള്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

കൊച്ചി:
പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ചുള്ള വിശുദ്ധ ചാവറയച്ചന്റെ ജീവിതം തനിക്കെന്നും പ്രചോദനമാണെന്ന് നിയുക്ത മെത്രാന്‍ ഫാ. കരിയില്‍ പറഞ്ഞു. പ്രാര്‍ത്ഥനയില്‍ നിന്ന് ശക്തി സംഭരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് അത് ദൈവരാജ്യത്തിനായുള്ള പ്രവര്‍ത്തനമാകുന്നത്. മാണ്ഡ്യയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ലത്തീന്‍, മലങ്കര സഭകളുടെ പിന്തുണയോടെയാകും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക. 22 വര്‍ഷത്തോളം ബാംഗ്ലൂരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നഡ ഭാഷയും അറിയാം.
ജാതിമത ഭേദെമന്യേ സാമൂഹിക നീതിക്കായി എല്ലാവരും പ്രവര്‍ത്തിക്കേണ്ട കാലമാണ്. അതേസമയം രാഷ്ട്രീയ കാര്യങ്ങളിലും മറ്റും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. മാര്‍പാപ്പയ്ക്ക് വിധേയനായി കത്തോലിക്ക സഭയോടു ചേര്‍ന്നു നിന്ന് സിറോ മലബാര്‍ സഭയ്ക്കായി അജപാലന ദൗത്യം നിര്‍വഹിക്കും. തന്റെ സ്ഥാനലബ്ദി വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും സിറോ മലബാര്‍ സഭയ്ക്കും സി.എം.ഐ. സഭയ്ക്കുമുള്ള അംഗീകാരമായാണ് പരിഗണിക്കുന്നതെന്നും ഫാ. കരിയില്‍ പറഞ്ഞു.

More Citizen News - Ernakulam