എട്ട് വീടുകളില്‍ മോഷണം; ആറ് പവന് നഷ്ടമായി, വീട്ടുടമയ്ക്ക് പരിക്ക്
Posted on: 27 Aug 2015
പോത്താനിക്കാട്: പൈങ്ങോട്ടൂറിന് സമീപം ആനത്തൂഴി, പല്ലാരിമംഗലം പഞ്ചായത്തിലെ വള്ളക്കടവ് എന്നിവിടങ്ങളില്‍ എട്ട് വീടുകളില്‍ ചൊവ്വാഴ്ച രാത്രി മോഷ്ടാക്കളെത്തി. വള്ളക്കടവ് മാലിപുത്തന്പുരയില് എം.എസ്. അലിയുടെ വീട്ടില്‍ നിന്ന് ആറ് പവന് സ്വര്‍ണാഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. അലിയുടെ ഉമ്മയുടെ കൈയില്‍ കിടന്ന ഓരോ പവന് തൂക്കം വരുന്ന രണ്ട് വളകള്‍ നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫെഫീനയുടെ രണ്ട് പവന് തൂക്കം വരുന്ന പാദസരം നഷ്ടമായപ്പോള്‍ കഴുത്തില്‍ കിടന്ന മൂന്നു പവന്റെ മാലയുടെ പകുതിയും മോഷ്ടാക്കള്‍ എടുത്തു.
ബുധനാഴ്ച വെളുപ്പിന് നിസ്കരിക്കാന്‍ എഴുന്നേറ്റ് കാലുകള്‍ കഴുകുന്നതിനാടയിലാണ് ആഭരണം നഷ്ടമായ വിവരം ഇവരറിയുന്നത്. വീടിന്റെ പിന്‍വാതില്‍ വഴി അകത്തുകയറി മോഷണം നടത്തിയതായാണ് കരുതുന്നത്. പുറത്ത് നിന്ന് ഉള്ളില്‍ കൈകടത്തി വാതിലിന്റെ കുറ്റി മാറ്റാവുന്ന നിലയിലായതിനാലാണ് ഇങ്ങനെ സംശയിക്കുന്നത്. എന്നാല്‍ വാതില്‍ കുറ്റിയിട്ട നിലയില്‍ തന്നെയാണ് കിടന്നത്.
ആനത്തൂഴിയില് ചാത്തംകണ്ടത്തില്‍ മത്തായിയുടെ വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് മോഷണശ്രമം നടന്നത്. രാത്രി ഒന്നരയോടെയാണ് സംഭവം. വീട്ടിലെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ മോഷ്ടിക്കാനെത്തിയ ആള് കല്ല്, സോഡ, കുപ്പി എന്നിവ ഉപയോഗിച്ച് മര്‍ദിച്ച് ബോധരഹിതനാക്കി. മത്തായിയുടെ ചെവി, താടിയെല്ല്, നെഞ്ച് എന്നിവിടങ്ങളില്‍ മോഷ്ടാവ് ഇടിച്ച് പരിക്കേല്‍പ്പിച്ചു. ബോധം മറഞ്ഞുപോയ മത്തായിയെ കോതമംഗലത്ത് ആസ്പത്രിയില്‍ എത്തിച്ചു. മത്തായിയുടെ ഭാര്യ മറിയക്കുട്ടി കിടന്ന മുറിയിലും മോഷ്ടാവ് എത്തി. ഇവരുടെ കഴുത്തില്‍ കിടന്ന മാലയ്ക്ക് വേണ്ടിയുള്ള പിടിവലിക്കിടയില്‍ മറിയക്കുട്ടിക്കും പരിക്കേറ്റു. മറിയക്കുട്ടിയുടെ നിലവിളി ഉയര്‍ന്നപ്പോള്‍ മോഷ്ടാവ് പിന്നീട് ഓടി മറഞ്ഞു. എങ്കിലും ഇവരുടെ മാല നഷ്ടമായില്ല. മത്തായിയുടെ മകന് ആന്റോയും ഭാര്യയും ഒച്ചകേട്ട് ഉണര്‍ന്നെങ്കിലും ഇവരുടെ മുറി മോഷ്ടാവ് ആദ്യം തന്നെ പുറത്തു നിന്ന് പൂട്ടിയതിനാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്‍വാതില്‍ വഴി ആന്റോ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിടുകയും ചെയ്തു. ഉടന്‍ തന്നെ പോത്താനിക്കാട് പോലീസില്‍ വിളിച്ച് സംഭവം അറിയിക്കുകയും ചെയ്തു.
കുമ്പാട്ട് മത്തായിയുടെ വീട്ടില്‍ രണ്ട് മോഷ്ടാക്കളാണ് കയറിയതെന്ന് ഇദ്ദേഹം പറഞ്ഞു. ഇവിടെയും ബഹളം കൂട്ടിയപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൊച്ചുമുട്ടത്ത് സണ്ണി, പനംകുറ്റിയില്‍ പരേതനായ കൊച്ചുകുട്ടന്റെ ഭാര്യ സരോജിനി, കാക്കത്തോട്ടത്തില്‍ പരേതനായ ബേബി, എഴറ്റേത്തില് അയ്യപ്പന്‍കുട്ടി, കിഴക്കന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ വീടുകളിലും മോഷ്ടാക്കള്‍ എത്തി വാതില്‍ തുറന്ന് അകത്ത് കയറാന്‍ ശ്രമം നടത്തി. എല്ലായിടത്തും അര്‍ധരാത്രിക്ക് ശേഷമാണ് മോഷണശ്രമം നടത്തിട്ടുള്ളത്. മോഷണ സംഘത്തില്‍ എത്രപേരുണ്ടെന്ന് കൃത്യതയില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തും ഇത്തരത്തില്‍ ഈ പ്രദേശങ്ങളില്‍ മോഷണം നടന്നിട്ടുണ്ട്. വീണ്ടും ഇതേ രീതിയില്‍ മോഷ്ടാക്കള്‍ എത്തിയതോടെ ജനങ്ങള്‍ അങ്കലാപ്പിലാണ്. മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് ചാത്തംകണ്ടത്തില്‍ മത്തായിയെ മോഷ്ടാക്കള്‍ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിക്കാനൊരുങ്ങിയത്. അന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് രഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം പോത്താനിക്കാട് ടൗണില്‍ അഞ്ച് കടകളില്‍ മോഷണം നടന്നിരുന്നു. പോലീസിന്റെ രാത്രികാല പരിശോധന കാര്യക്ഷമമാക്കണമെന്ന് എല്ലാവരും ആവശ്യമുന്നയിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇത് വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നാണ് ഇപ്പോള്‍ ജനങ്ങളുടെ പരാതി. രാത്രികാല പരിശോധന ശക്തമാക്കാന്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുള്ളതായി കേസന്വേഷണം നടത്തുന്ന പോത്താനിക്കാട് എസ്.ഐ പ്രിന്‍സ് ജോസഫ് പറഞ്ഞു.