വിതരണക്കാര്‍ വഞ്ചിച്ചുവെന്ന് സിനിമാ നിര്‍മാതാവ്‌

Posted on: 27 Aug 2015കൊച്ചി: മുപ്പത് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നു പറഞ്ഞ് രണ്ട് ലക്ഷം രൂപ കരാര്‍ തുകയായി വാങ്ങി സിനിമാ ഡിസ്ട്രിബ്യൂട്ടര്‍ വഞ്ചിച്ചതായി പരാതി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'താരകങ്ങളേ സാക്ഷി'യുടെ നിര്‍മാതാവ് ബൈജു മേനാച്ചേരി, സംവിധായകന്‍ ഗോപകുമാര്‍ നാരായണ പിള്ള എന്നിവരാണ് പത്രസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒന്നര കോടി രൂപ ചെലവിലാണ് സിനിമയുടെ നിര്‍മാണം. ലണ്ടനില്‍ ജോലി ചെയ്യന്ന ബൈജു മേനാച്ചേരിയാണ് പണം മുഴുവനും മുടക്കിയത്. ഗാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന താരകങ്ങളേ സാക്ഷിയിലെ മൂന്ന് ഗാനങ്ങള്‍ യു ട്യൂബില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
21 ന് റിലീസ് ചെയ്ത ചിത്രം റഗുലര്‍ ഷോ നല്‍കാതെ നൂണ്‍ ഷോയിലേക്ക് ഒതുക്കിയതായും പല തിയേറ്ററുകളിലും നിര്‍മാതാവിനെ അറിയിക്കാതെ മോണിങ് ഷോ മാത്രമാക്കി മാറ്റുകയും ചെയ്തു. 30 തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തുമെന്ന് അറിയിച്ചെങ്കിലും നാലാം ദിനത്തില്‍ ഇത് 17 ആയി ചുരുങ്ങി. ഇതോടെ സിനിമ സാമ്പത്തികമായി തകര്‍ന്നുവെന്നും നിര്‍മാതാവ് പറഞ്ഞു.
തിരുവനന്തപുരം കേന്ദ്രമായുള്ള വിതരണ കമ്പനി പല തിയേറ്ററുകളിലും സിനിമയെക്കുറിച്ചു സംസാരിച്ചു പോലുമില്ല. എറണാകുളത്ത് സംഗീത തിയേറ്ററില്‍ ഒരു ഷോയ്ക്ക് 4000 രൂപ വെച്ച് നല്‍കേണ്ടി വന്നതിനു പിന്നിലും തട്ടിപ്പ് നടന്നു. നഗരത്തില്‍ ഈ ചിത്രത്തിന്റെ കേവലം നാല് പോസ്റ്ററുകള്‍ മാത്രമാണ് പതിച്ചെതന്ന് സംവിധായകന്‍ ഗോപകുമാര്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇതേക്കുറിച്ചു പരാതി നല്‍കിയിട്ടുണ്ടെന്ന് ബൈജു മേനാച്ചേരി വ്യക്തമാക്കി.

More Citizen News - Ernakulam