പാചകപ്പുര നിര്‍മാണം പൂര്‍ത്തിയായി ബിനാനിപുരം സ്കൂളിന് സുഡ്കെമിയുടെ ഓണസമ്മാനം
Posted on: 27 Aug 2015
കടുങ്ങല്ലൂര്‍: ബിനാനിപുരം സര്‍ക്കാര്‍ ഹൈസ്കൂളിന് എടയാര്‍ സുഡ്കെമി കമ്പനിയുടെ ഓണസമ്മാനമായി പാചകപ്പുര തയ്യാറായി. 440 ചതുരശ്ര അടിയില്‍ എല്ലാ സൗകര്യങ്ങളോടുംകൂടി ആധുനിക രീതിയിലാണ് പാചകപ്പുര നിര്‍മിച്ചിരിക്കുന്നത്. ബിനാനി സിങ്ക് കമ്പനിയായിരുന്നു ഈ സര്‍ക്കാര്‍ സ്കൂളിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെല്ലാം നടത്തിപ്പോന്നിരുന്നത്. അടുത്തകാലത്തായി ബിനാനി സിങ്ക് സാമ്പത്തികബുദ്ധിമുട്ടിലായതോടെ ബിനാനിപുരത്തെ മറ്റുസ്ഥാപനങ്ങളെപ്പോലെ ഈ സ്കൂളും പ്രതിസന്ധിയിലായി. പാചകപ്പുര തീരെ മോശം അവസ്ഥയിലാണ്. ഇത് സ്കൂള്‍ അധികൃതര്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. ഷാജഹാന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം സ്കൂളിന്റെ പരിമിതികള്‍ കമ്പനി അധികൃതരെ ബോധ്യപ്പെടുത്തിയതോടെ പാചകപ്പുര നിര്മിച്ചുനല്കാന് കമ്പനി തയ്യാറാകുകയായിരുന്നു.
സ്കൂളില്‍നിന്നും 400 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിനായാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാല്‍ അതിലും കുറച്ചുകൂടി സൗകര്യത്തിലാണ് കെട്ടിടം പണിതുനല്കിയിരിക്കുന്നത്. 5.5 ലക്ഷം രൂപയ്ക്ക് കരാര്‍ നല്കി നാലുമാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. അടുക്കളയും സ്റ്റോര്‍ മുറിയും ഒരു ഹാളും ഉള്‍പ്പടെ എല്ലാ സൗകര്യത്തോടെയുമാണ് കെട്ടിടം പണിതിട്ടുള്ളത്.
ഇനി അടുക്കളയിലേക്കു വേണ്ട സാമഗ്രികള്‍ സ്കൂള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം വാങ്ങി നല്‍കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുമുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഓണം അവധി കഴിഞ്ഞ് പ്രവര്‍ത്തനത്തിനായി തുറന്നുകൊടുക്കും.