അഭയഭവനില്‍ ഓണസദ്യയൊരുക്കി വളയന്‍ചിറങ്ങര സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Posted on: 27 Aug 2015പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഓണമാഘോഷിക്കാന്‍ കൂവപ്പടി ബത്‌ലഹേം അഭയഭവനിലെത്തി. അഭയഭവന്‍ അന്തേവാസികളായ 350 ഓളം പേര്‍ക്ക് കുട്ടികള്‍ ഓണസദ്യയൊരുക്കി. പാട്ടുപാടിയും കളിച്ചും പൂക്കളമൊരുക്കിയും ഒരുദിവസം മുഴുവന്‍ കുട്ടികള്‍ അഭയഭവനില്‍ ചെലവഴിച്ചു. 50 കിലോ അരി, രണ്ട് കുല പൂവന്‍ പഴം, വസ്ത്രങ്ങള്‍, വിദ്യാര്‍ത്ഥികളുണ്ടാക്കിയ സോപ്പുപൊടി, സോപ്പ്, ഫിനോയില്‍ എന്നിവ സമ്മാനമായി നല്‍കി.
സ്‌കൂളിലെ എന്‍.എസ്.എസ്!. യൂണിറ്റംഗങ്ങളായ 100 കുട്ടികളാണ് അഭയഭവന്‍ സന്ദര്‍ശിച്ചത്. പ്രിന്‍സിപ്പല്‍ ജി.കല, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡി.സൂരജ, ശകുന്തളാ ശശി, എം.ജയശ്രീ, ബോസ് മോന്‍ ജോസഫ്, പി.ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഭയഭവന്‍ ഡയറക്ടര്‍ മേരി എസ്തപ്പാനും അന്തേവാസികളും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് വളയന്‍ചിറങ്ങര സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അഭയഭവനില്‍ ഓണം ആഘോഷിക്കാനെത്തുന്നത്.

More Citizen News - Ernakulam