ത്രിവത്സര എല്‍.എല്‍.ബി.: പരീക്ഷ തട്ടിക്കൂട്ടാന്‍ എം.ജി. സര്‍വകലാശാല; പഠിപ്പിച്ച് തീരാതെ കോളേജുകള്‍

Posted on: 27 Aug 2015


വി.എം. അഭിജിത്‌കൊച്ചി: പഠനം തുടങ്ങി രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ത്രിവത്സര എല്‍.എല്‍.ബി. രണ്ടാം സെമസ്റ്റര്‍ പരീക്ഷ നടത്താന്‍ എം.ജി. സര്‍വകലാശാല നോട്ടിഫിക്കേഷന്‍ ഇറക്കി. ജൂണ്‍ അവസാനം തുടങ്ങിയ എല്‍.എല്‍.ബി. രണ്ടാം സെമസ്റ്റര്‍ പരീക്ഷ സപ്തംബര്‍ 16 ന് നടത്താനാണ് തീരുമാനം. ജൂണ്‍ ആദ്യവാരം തുടങ്ങി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പരീക്ഷ നടക്കേണ്ട സെമസ്റ്റര്‍ ആണ് ഇത്.
പാഠഭാഗങ്ങള്‍ പകുതിവഴിയില്‍ എത്തി നില്‍ക്കുകയാണ് എല്ലാ കോളേജുകളിലും. ഇന്റേണല്‍ പരീക്ഷകള്‍ നടന്നിട്ടുമില്ല. ജൂലായ്, ആഗസ്ത് മാസങ്ങളിലെ സര്‍ക്കാര്‍ അവധികളും സര്‍വകലാശാലാ മൂല്യനിര്‍ണയ ക്യാമ്പുകളും വിദ്യാര്‍ത്ഥി സമരങ്ങളും അദ്ധ്യാപകരുടെ സ്ഥലംമാറ്റവും കാരണം എറണാകുളം ലോ കോളേജില്‍ ഒന്നര മാസത്തോളമാണ് അദ്ധ്യയനം നടന്നത്. ഇതിനിടയ്ക്കാണ് വഴിപാട് പോലെ പരീക്ഷ നടത്താന്‍ എം.ജി. സര്‍വകലാശാലയുടെ ശ്രമം.
ഓണം അവധി കഴിഞ്ഞ് ആഗസ്ത് 31-നാണ് ക്ലാസുകള്‍ തുടങ്ങുക. എറണാകുളം ലോ കോളേജില്‍ സപ്തംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ പഞ്ചവത്സര എല്‍.എല്‍.ബി. പുതിയ ബാച്ചിന്റെ അഡ്മിഷന്‍ ആണ്. പിന്നീടുള്ള രണ്ട് ദിവസം ശനിയും ഞായറും. മൊത്തം അഞ്ച് ദിവസം അവധി. പരീക്ഷയ്ക്ക് ബാക്കി കിട്ടുക ഏഴ് ദിവസം. രണ്ടാം സെമസ്റ്ററിലെ പകുതിയോളം എത്തിയ ആറ് വിഷയങ്ങളും ഇവയുടെ 18 ഇന്റേണല്‍ പരീക്ഷകളും ഓരോ വിഷയത്തിന്റെയും പ്രസന്റേഷനുകളും സെമിനാറുകളും ഈ ഏഴ് ദിവസത്തിനുള്ളില്‍ തീര്‍ക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി ലീവും കിട്ടില്ല.
20 മാര്‍ക്കാണ് ഇന്റേണല്‍ അസസ്‌മെന്റിന് ഉള്ളത്. ഇതില്‍ 10 മാര്‍ക്ക് ക്ലാസ് പരീക്ഷകള്‍ക്കും അഞ്ച് വീതം അറ്റന്‍ഡന്‍സിനും സെമിനാറിനുമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അറ്റന്‍ഡന്‍സിന് മാത്രമേ മാര്‍ക്കിടാന്‍ നിര്‍വാഹമുള്ളു. 18 ഇന്റേണല്‍ പരീക്ഷകളില്‍ ഒരെണ്ണമാണ് ലോ കോളേജില്‍ ഇതേവരെ നടന്നത്. സെമിനാര്‍, പ്രസന്റേഷന്‍ പൂര്‍ത്തിയായത് 8 പേര്‍ക്കും.
2014 നവംബറിലാണ് ഈ ബാച്ച് ആരംഭിച്ചത്. ആദ്യ സെമസ്റ്റര്‍ കൃത്യസമയത്ത് മാര്‍ച്ചില്‍ പൂര്‍ത്തിയാകുകയും ചെയ്തു. ഏപ്രില്‍, മെയ് േെവക്കഷന്‍ കാരണം ഈ സെമസ്റ്ററിന്റെ പരീക്ഷ നടന്നത് ജൂണ്‍ ആദ്യവാരമാണ്. അതോടെ ജൂണില്‍ ആരംഭിക്കേണ്ട രണ്ടാം സെമസ്റ്റര്‍ നീണ്ടുപോയി. ജൂലായ് മാസം ക്ലാസുകള്‍ നടന്നു. ആഗസ്തില്‍ ഓണം അവധി വന്നതോടെ ക്ലാസ് വീണ്ടും മുറിഞ്ഞു. പല വിഷയങ്ങളും തുടങ്ങിയിട്ടുപോലുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സപ്തംബര്‍ മൂന്നിന് പരീക്ഷാ ഫീസ് അടയ്ക്കാനാണ് സര്‍വകലാശാലാ നിര്‍ദ്ദേശം. അതിനു മുന്‍പേ രേഖാമൂലം പരാതി നല്‍കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

More Citizen News - Ernakulam