നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ പിടിയില്‍

Posted on: 26 Aug 2015കൊച്ചി: ഹോട്ടല്‍ മുറിയില്‍ യുവാവിനെ വിളിച്ചുവരുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. ചേര്‍ത്തല സ്വദേശിയായ, ഇന്റീരിയര്‍ ഡെക്കറേറ്ററായ യുവാവിനെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലില്‍ വിളിച്ചുവരുത്തി നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ഈരാറ്റുപേട്ട സ്വദേശിനി ഷാമിലി, അരൂക്കുറ്റി സ്വദേശി ബിബിന്‍ എന്ന കുഞ്ഞന്‍, ഉദയംപേരൂര്‍ സ്വദേശി ശരത് എന്നിവരാണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ബെംഗളൂരുവില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു എന്ന് പരിചയപ്പെടുത്തിയ യുവതി ഹെറിറ്റേജ് കെട്ടിടത്തിന്റെ ഇന്റീരിയര്‍ വര്‍ക്ക് ഓര്‍ഡര്‍ കൊടുക്കാമെന്ന് പറഞ്ഞ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. പിന്നീട് എറണാകുളത്ത് വിളിച്ചുവരുത്തി ഹോട്ടല്‍ മുറിയില്‍ സംസാരിച്ചിരിക്കവേ മറ്റ് മൂന്നുപേര്‍ റൂമില്‍ കയറി യുവാവിനെ മര്‍ദിച്ചു. തുടര്‍ന്ന് നഗ്നനാക്കി യുവതിയുമൊത്ത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു.
ഇയാളുടെ നിലവിളി കേട്ട് ഹോട്ടലിലെ മറ്റ് മുറികളില്‍ നിന്നുള്ളവര്‍ ഓടിയെത്തിയതിനെ തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ വിമല്‍, ജോര്‍ജ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഹോട്ടലില്‍ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് യുവതിയെ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തില്‍, യുവതിയെ കോഴിക്കോട് ചേവായൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മറ്റ് പ്രതികളെയും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട കൊച്ചിക്കാരന്‍ കുട്ടാപ്പി ഉള്‍പ്പെടെ രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

More Citizen News - Ernakulam