ലോട്ടറി ക്ഷേമനിധി ഓഫീസ് ഉപരോധിച്ചു
Posted on: 26 Aug 2015
കൊച്ചി: ആര്‍ഡിഡി ഓഫീസും ലോട്ടറി ഓഫീസും ലോട്ടറി ക്ഷേമനിധി ഓഫീസും തൊഴിലാളികള്‍ ഉപരോധിച്ചു. ലോട്ടറിത്തൊഴിലാളികള്ക്കുള്ള ബോണസ് വിതരണം നടത്താന്‍ ക്ഷേമനിധി വകുപ്പ് തയ്യാറായില്ല. തുടര്‍ന്ന്, ബോണസ് വാങ്ങാനെത്തിയ വികലാംഗരും സ്ത്രീകളുമടക്കം നൂറുകണക്കിന് തൊഴിലാളികള്‍ ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് യൂണിയന് സിഐടിയു-യുടെ നേതൃത്വത്തില്‍ ലോട്ടറി വില്പന നിര്‍ത്തിവച്ചു. ഓഫീസ് പ്രവര്‍ത്തനം നിശ്ചലമാക്കി. ജില്ലാ ലോട്ടറി ഓഫീസുകള്‍ക്ക് വിതരണം ചെയ്യേണ്ട ലോട്ടറി ടിക്കറ്റുകള്‍ ആര്‍ഡിഡി ഓഫീസില്‍ തടഞ്ഞുവച്ച് സമരമാരംഭിച്ചു.
തിങ്കളാഴ്ച സംസ്ഥാന വെല്‍ഫെയര്‍ ഓഫീസറുമായി ഉണ്ടാക്കിയ ധാരണ പ്രകാരം രാവിലെ 10 മുതല്‍ ബോണസ്, 4000 രൂപ വിതരണം ആരംഭിക്കേണ്ടതായിരുന്നു.
പോലീസിന്റെ സാന്നിധ്യത്തില്‍ ഒരു മണി മുതല്‍ മൂന്ന് കൗണ്ടറിലൂടെ വ്യാഴാഴ്ചവരെ ബോണസ് വിതരണംചെയ്യാമെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ എന്‍.ബി. സന്തോഷ്കുമാര്‍ സെന്‍, വെല്‍ഫെയര്‍ ഓഫീസര്‍ അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. പോലീസ് സാന്നിധ്യത്തില്‍ യൂണിയന് ജനറല്‍ സെക്രട്ടറി പി.എം. ജമാലുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. തുടര്‍ന്ന് സമരം പിന്‍വലിച്ചു. ഒരു മണിമുതല്‍ 6 മണിവരെ 527പേര്‍ക്ക് ബോണസ് വിതരണം ചെയ്തു. ബുധനാഴ്ച രാവിലെ 10 മുതല്‍ ബോണസ് വിതരണം പുനരാരംഭിക്കും. സമരത്തിന് യൂണിയന് നേതാക്കളായ പി.എന്‍. ശിവരാമന്, എസ്. അഫ്സല്, പി.എ. ഷാരിഫ്, പി.എ. തങ്കച്ചന്, എ.ജെ. പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.