'വടുതലോത്സവം-2015 നാളെ തുടങ്ങും
Posted on: 26 Aug 2015
കൊച്ചി: വടുതല ഡോണ്‍ ബോസ്കോ യുവജന കേന്ദ്രത്തിന്റെ 'വടുതലോത്സവം-2015' 27 മുതല്‍ സപ്തംബര്‍ ആറ് വരെ നടക്കും. 27ന് വൈകീട്ട് 6.30ന് വിളംബര ജാഥയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
28ന് രാവിലെ 6.30 ന് ദിവ്യബലിക്ക് ഫാ. പോള്‍സണ്‍ കന്നപ്പിളളി മുഖ്യകാര്‍മികത്വം വഹിക്കും. 10.30ന് യൂത്ത് സെന്റര്‍ അംഗങ്ങള്‍ക്കായി നാടന്‍ കളി ഉണ്ടാകും. വൈകീട്ട് നാലിന് വടുതല പാലത്തിന് സമീപത്തു നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ഹൈബി ഈഡന് എം.എല്‍.എ. ഫ്ലാഗ് ഓഫ് ചെയ്യും.
സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി നിര്‍ദ്ധനരായ 200 ഓളം കുടുംബങ്ങള്‍ക്ക് ഉത്രാട ദിനത്തില്‍ ഓണക്കിറ്റ് യുവജന കേന്ദ്രത്തിലെ സോഷ്യല്‍ സര്‍വീസ് വിംഗിന്റെ നേതൃത്വത്തില്‍ നല്‍കും.
29ന് വൈകീട്ട് 5 ന് നാസിക് ഡോള്‍, 6.30ന് 'ഓണം ഓര്‍മകളിലൂടെ' എന്നീ പരിപാടികള്‍ അരങ്ങേറും.
30ന് ഉച്ചയ്ക്ക് രണ്ടിന് പൂക്കള മത്സരം, വൈകീട്ട് നാലിന് കൈക്കൊട്ടികളി എന്നിവ ഉണ്ടാകും.
സപ്തംബര്‍ ആറിന് രാവിലെ 10.30ന് അംഗങ്ങളുടെ സംയുക്ത സമ്മേളനം നടത്തും.
വടുതല ഡോണ്‍ ബോസ്കോ ഡയറക്ടര്‍ ഫാ. ജോഷ് കാഞ്ഞുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ നിക്സണ് ന്യൂനസ്, സി.ജെ. ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.