
ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരോട് ഏത് ആസ്തിയിലാണ് ഇപ്പോള്‍ നിക്ഷേപം നടത്തുവാന്‍ നല്ലതെന്ന് ചോദ്യത്തിന് മിക്കവരുടേയും മറുപടി ഓഹരിയും സ്വര്‍ണവും എന്നായിരുന്നു. അതിന് കാരണവും അവര്‍ പറഞ്ഞു. ഓഹരിയെ ഇഷ്ടപ്പെടുവാന്‍ കാരണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയാണ്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ സമ്പദ്ഘടനയായി മാറിയെന്നു മാത്രമല്ല അടുത്ത പത്തോ ഇരുപതോ അതിനു മുകളിലോ വര്‍ഷത്തേയ്ക്ക് ഈ വളര്‍ച്ച പ്രതീക്ഷിക്കുകയും ചെയ്യുന്നു.
സ്വര്‍ണത്തെ നിക്ഷേപമായി തിരഞ്ഞെടുക്കുവാനും അവര്‍ കാരണം പറഞ്ഞു. ആഗോള സമ്പദ്ഘടനകളിലും ധനകാര്യമേഖലയിലും നിലനില്ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണത്തെ ഇഷ്ടപ്പെടുവാന്‍ പ്രേരിപ്പിക്കുന്നത്. 1929-ന് ശേഷമുളള ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിലൂടെ നീങ്ങിയ ലോകം അതില്‍നിന്ന് പതിയെ പുറത്തുവരുന്നതേയുളളു. സമ്പദ്ഘടനകളെ വളര്‍ച്ചയിലേയ്ക്ക് നയിക്കുവാന്‍ എടുത്ത നടപടികളുടെ സൈഡ് ഇഫക്ടുകളുടെ ഫലം എത്തിത്തുടങ്ങി. പലരാജ്യങ്ങളിലും പ്രത്യേകിച്ചും യൂറോ സോണ്‍ രാജ്യങ്ങളില്‍ ഇതു കണ്ടു തുടങ്ങിയിരിക്കുകയാണ്. ഇത് വ്യാപിച്ചാല്‍ ലോകം വീണ്ടും മാന്ദ്യത്തിലേയ്ക്ക് നീങ്ങിയില്ലെങ്കിലും വളര്‍ച്ച ഗണ്യമായി കുറയുമെന്ന സ്ഥിതിയാണ്.
സാമ്പത്തിക വളര്‍ച്ചയിലേയ്ക്ക് തിരിച്ചുവരുവാനായി പ്രഖ്യാപിച്ച സാമ്പത്തികപാക്കേജുകള്‍ പിന്‍വലിച്ചാല്‍ വളര്‍ച്ച കുറയും. പിന്‍വലിച്ചില്ലെങ്കില്‍ പല രാജ്യങ്ങളും കടക്കെണിയിലേയ്ക്ക് നീങ്ങും. ധനകമ്മി ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. സാമ്പത്തിക പാക്കേജുകളുടെ പിന്നാലെ നാണ്യപ്പെരുപ്പ സാധ്യതയും ലോകമെങ്ങും വര്‍ധിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ വലിയ അനിശ്ചിതത്വമാണ് ലോക സമ്പദ്ഘടനയില്‍ നിലനില്ക്കുന്നത്. ഈ അനിശ്ചിതത്വമാണ് സ്വര്‍ണമെന്ന ആസ്തിയിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഒരു നിക്ഷേപാസ്തി എന്ന നിലയില്‍ സ്വര്‍ണത്തിന് നിക്ഷേപകരുടെ ഇടയില്‍ പ്രാമുഖ്യം കൈവന്നിട്ടുളളത്. 2000-ല്‍ ആരംഭിച്ച സ്വര്‍ണത്തന്റെ ഉയര്‍ച്ച അനസ്യൂതം തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കുറേക്കാലത്തേയ്ക്കു കൂടി തുടരുവാനാണ് സാധ്യത. സ്വര്‍ണത്തിലെ മങ്ങിയ താല്പര്യം കൂടുതല്‍ തിളക്കത്തോടെ തിരിച്ചുവന്നിരിക്കുകയാണ്. നാണ്യപ്പെരുപ്പത്തിനെതിരേയുളള ഏറ്റവും മികച്ച മുന്‍കരുതലാണ് സ്വര്‍ണം. ദീര്‍ഘകാലത്തില്‍ സ്വര്‍ണമുപയോഗിച്ച വാങ്ങാവുന്ന വസ്തുക്കളുടേയും സേവനങ്ങളുടേയും മുല്യത്തിന് സ്ഥിരതയുണ്ടെന്നാണ് കണ്ടെത്തിയിട്ടുളളത്. അതായത് സ്വര്‍ണത്തിന്റെ ക്രയശേഷിക്ക് കുറവ് സംഭവിച്ചിട്ടില്ല എന്നര്‍ത്ഥം.
സ്വര്‍ണവിലയില്‍ വ്യതിയാനം പൊതുവേ കുറവാണ്. മറ്റ് കമോഡിറ്റികളുടേയോ ഓഹരിയുടേയോ വില മാറ്റങ്ങളെ ആശ്രയിച്ചല്ല സ്വര്‍ണത്തിന്റെ നീക്കം. അതായത് കുറഞ്ഞ വ്യതിയാനമുള്ള സ്വര്‍ണം ആസ്തി നിക്ഷേപശേഖരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതിന്റെ റിസ്‌കില്‍ കുറവ് വരുന്നു. റിട്ടേണില്‍ സ്ഥിരതയുമുണ്ടാക്കുന്നു. നിക്ഷേപശേഖരത്തില്‍ 10-15 ശതമാനം സ്വര്‍ണത്തിന് സ്ഥാനം കൊടുക്കണമെന്നാണ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ 9 വര്‍ഷമായി സ്വര്‍ണം പ്രതിവര്‍ഷം 16-17 ശതമാനം വാര്‍ഷികറിട്ടേണ്‍ നേടിക്കൊടുക്കുന്നുണ്ട്. ഉയര്‍ന്ന ക്രൂഡോയില്‍ വിലയും ഉയരുന്ന ധനകമ്മിയും സ്വര്‍ണവിലയില്‍ ഇനിയും ഉയര്‍ച്ചയുണ്ടാക്കുവാനുള്ള സാധ്യത ഏറെയാണ്.
ഇടിഎഫ് വഴി സ്വര്‍ണനിക്ഷേപം
സ്വര്‍ണത്തിലെ നിക്ഷേപം ഇപ്പോള്‍ പഴയതിനേക്കാള്‍ എളുപ്പമായിട്ടുണ്ട്. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ജി ഇ ടി എഫ്) എന്ന നിക്ഷേപ ഉപകരണത്തിന്റെ വരവാണ് സ്വര്‍ണ നിക്ഷേപത്തെ എളുപ്പമാക്കിയത്. ഇതോടൊപ്പം ഫ്യൂച്ചേഴ്‌സിന്റെ വരവു വഴി മറ്റൊരു അവസരം കൂടി നിക്ഷേപകന് ലഭിച്ചു. ഈ നിക്ഷേപത്തില്‍ നിക്ഷേപകന്‍ സ്വര്‍ണക്കട്ടി വാങ്ങി സൂക്ഷിക്കേണ്ടതില്ല. ഇ ടി എഫിനെ പേപ്പര്‍ ഗോള്‍ഡ് എന്നും വിളിക്കുന്നു. ഇ ടി എഫ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ചെയ്യുന്നതിനാല്‍ ലിക്വിഡിറ്റി വളരെ ഉയര്‍ന്നതാണ്. എപ്പോള്‍ വേണമെങ്കിലും വിറ്റൊഴിയാം.
ഗോള്‍ഡ് ഇ ടി എഫ് എന്നാല്‍ എന്താണെന്നു പരിശോധിക്കാം. സ്വര്‍ണമെന്ന ആസ്തിയെ അടിസ്ഥാനമാക്കി ഒരു നിക്ഷേപ ഉപകരണമാണിത്. നിക്ഷേപകന്റെ കൈയില്‍നിന്ന് സമാഹരിക്കുന്ന തുകയുപയോഗിച്ച് ഫണ്ട് ഹൗസുകള്‍ സ്വര്‍ണം വാങ്ങുന്നു. നിക്ഷേപകത്തുകയ്ക്ക് തുല്യമായ യൂണിറ്റുകള്‍ ഫണ്ട് ഹൗസുകള്‍ നിക്ഷേപകന് നല്കുന്നു. മിക്ക ഫണ്ടുകളും ഒരു ഗ്രാം സ്വര്‍ണമാണ് യൂണിറ്റായി എടുത്തിരിക്കുന്നത്. ഗോള്‍ഡ് ഇ ടി എഫിന്റെ പ്രവര്‍ത്തനം മ്യൂച്വല്‍ ഫണ്ടുകളുടേതുപോലയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ സ്വര്‍ണത്തിന് പകരം മറ്റ് ആസ്തികളില്‍ നിക്ഷേപിക്കുന്നുവെന്നു മാത്രം.
ഗോള്‍ഡ് ഇ ടി എഫ് ഇഷ്യു ചെയ്യുന്ന ഫണ്ട് ഹൗസുകളാണ് സ്വര്‍ണം വാങ്ങുന്നതിന്റേയും സൂക്ഷിക്കുന്നതിന്റേയും ഇന്‍ഷുറന്‍സിന്റേയും മറ്റും ചുമതല വഹിക്കുന്നത്.
നികുതിയുടെ വശത്തു നിന്നു നോക്കിയാലും ഗോള്‍ഡ് ഇ ടി എഫ് കുറേക്കൂടി കാര്യക്ഷമമാണ്. ഫിസിക്കല്‍ സ്വര്‍ണത്തില്‍ മൂന്നു വര്‍ഷം കഴിഞ്ഞാലെ ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കുകയുളളു. ഗോള്‍ഡ് ഇ ടി എഫിലിത് ഒരു വര്‍ഷമാണ്. അതായത് ഫിസിക്കല്‍ സ്വര്‍ണം മൂന്നു വര്‍ഷത്തിനുള്ളില്‍ വിറ്റാല്‍ മൂലധനവളച്ചാ നികുതി നല്‍കണം. വന്‍തോതില്‍ സ്വര്‍ണം വാങ്ങി വച്ചാല്‍ സ്വത്തു നികുതിയും നല്കണം. ഗോള്‍ഡ് ഇ ടി എഫിന് ഇത്തരം പ്രശ്‌നങ്ങളില്ല.
ഇന്ത്യയില്‍ പുറത്തിറങ്ങിയ ഗോള്‍ഡ് ഇ ടി എഫുകളുടെ മൂന്നുവര്‍ഷക്കാലത്തെ ശരാശരി വാര്‍ഷിക റിട്ടേണ്‍ 27 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് ഏല്ലാ നിക്ഷേപാസ്തികളിലും വച്ച് ഏറ്റവും കൂടുതല്‍ റിട്ടേണ്‍ ഇ ടി എഫ് നല്കിയിരിക്കുകയാണ്. നടപ്പുവര്‍ഷത്തിലും ഇവയുടെ പ്രകടനം മോശമല്ല. കഴിഞ്ഞ മൂന്നുമാസക്കാലത്തെ ഇ ടി എഫ് റിട്ടേണ്‍ 13.04 ശതമാനമാണ്.
സ്വര്‍ണവില ഈയിടെ റെക്കോഡ് ഉയരത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഔണ്‍സിന് 1248.90 ഡോളര്‍ വരെ എത്തിയ സ്വര്‍ണവില 1200 ഡോളറിന് മുകളില്‍ ഏതാനും ആഴ്ചകളായി തുടരുകയാണ്. ഈ വര്‍ഷാവസാനത്തോടെ 1400 ഡോളറിലേയ്ക്ക് സ്വര്‍ണവില ഉയര്‍ന്നേക്കുമെന്നാണ് ആഗോള സ്വര്‍ണനിക്ഷേപ അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ദീര്‍ഘകാലത്തില്‍ സ്വര്‍ണം സ്റ്റെഡിയാണെന്നാണ് അവരുടെ വിലയിരുത്തല്‍. നിക്ഷേപത്തിന്റെ 5-10 ശതമാനം സ്വര്‍ണത്തില്‍ വേണമെന്ന് പല ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാരും നിഷ്‌കര്‍ഷിക്കുന്നു. ഉടനേ ആവശ്യമില്ലെങ്കില്‍ (ഉദാഹരണത്തിന് കല്യാണത്തിനും മറ്റും) ഫിസിക്കല്‍ സ്വര്‍ണം വാങ്ങുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഇവരുടെ അഭിപ്രായം. സ്വര്‍ണത്തിലുണ്ടാകുന്ന ഏതൊരു ഇടിവും ഇതില്‍ പ്രവേശിക്കുവാനുളള അവസരമായി ഉപയോഗിക്കാം.
എന്തായാലും ഗോള്‍ഡ് ഇ ടി എഫിലേയ്ക്കുളള നിക്ഷേപം ഓരോ മാസവും വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ ഗോള്‍ഡ് ഇ ടി എഫുകളുടെ ആസ്തി 1615 കോടി രൂപയായിരുന്നത് മെയ് അവസാനത്തില്‍ 1790 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
ലഭ്യമായ ഗോള്‍ഡ് ഇടിഎഫുകള്‍
2007-ലാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ബഞ്ച് മാര്‍ക്ക് ഗോള്‍ഡ് ഇ ടി എഫ് ആണ് ആദ്യമെത്തിയത്. നിലവില്‍ ഏഴ് ഫണ്ടു ഹൗസുകള്‍ക്കാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ഉള്ളത്. യു ടി ഐ മ്യൂച്വല്‍ ഫണ്ട്, കോടക് മഹീന്ദ്ര, എസ് ബി ഐ, റിലയന്‍സ് മ്യൂച്വല്‍ ഫണ്ട്, ക്വാണ്ടം മ്യൂച്വല്‍ ഫണ്ട് എന്നിവയാണ് മറ്റുളളവ. എസ് ബി ഐ കഴിഞ്ഞ ഏപ്രിലിലാണ് ഇ ടി എഫ് വിപണിയില്‍ എത്തിച്ചത്. ഈ വര്‍ഷാദ്യം റെലിഗര്‍ അസറ്റ് മാനേജ്‌മെന്റ് ഗോള്‍ഡ് ഇ ടി എഫ് പുറത്തിറക്കിയിട്ടുണ്ട്.
ഇവയില്‍ ഏറ്റവും വലിയ ഫണ്ട് ആദ്യമെത്തിയ ബഞ്ച് മാര്‍ക്ക് ഗോള്‍ഡ് ഇ ടി എഫാണ്. ഇവയുടെ ആസ്തി 861.37 കോടി രുപയാണിപ്പോള്‍. തൊട്ടടുത്തുളള യു ടി ഐ ഗോള്‍ഡിന്റെ ആസ്തിയുടെ വലുപ്പം 345 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുളളത് റിലയന്‍സ് ഗോള്‍ഡാണ്. ഇതിന്റെ ആസ്തി 315.42 കോടി രൂപയാണ്.
ഗോള്‍ഡ് ഇ ടി എഫുകളുടെയെല്ലാം പ്രകടനവും പ്രവര്‍ത്തനവും ഏതാണ്ട് ഒരു പോലെയാണ്. റിട്ടേണിലും കാര്യമായ വ്യത്യാസമില്ല. അതിനാല്‍ ഏതു ഗോള്‍ഡ് ഇ ടി എഫ് എടുത്താലും കാര്യമായ വ്യത്യസം റിട്ടേണില്‍ ഉണ്ടാകാനിടയില്ല.
ഗോള്‍ഡ് ഇ ടി എഫുകളുടെ എന്‍ എ വി എല്ലാം തന്നെ 1800-1900 രൂപയ്ക്കു ഇടയിലാണ്. ക്വാണ്ടം ഗോള്‍ഡ് ഫണ്ടിന്റെ യൂണിറ്റ് അര ഗ്രാമാണ്.
ഗോള്‍ഡ് ഇ ടി എഫുകളുടെ തുടക്കം മുതലുളള റിട്ടേണ്‍ പട്ടികയില്‍.