ആലപ്പുഴ ജില്ലാകോടതി, പാലം ജംഗ്ഷനുകളിലെ കുരുക്ക് ഒഴിവാക്കണം

Posted on: 03 Aug 2014ബസ് സ്‌റ്റോപ്പ് ബോര്‍ഡില്‍ നിന്നു മുന്നോട്ടു മാറ്റി ആലപ്പുഴ ജില്ലാ കോടതി പാലത്തിലേക്കു കയറ്റി നിര്‍ത്തിയിരിക്കുന്ന ബസ്. വാടക്കനാല്‍ വടക്കേ റോഡിലെ കാഴ്ച.ആലപ്പുഴ: ജില്ലാകോടതി, പാലം ജംഗ്ഷനുകളില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അധികൃതര്‍ ഇടപെട്ടു സമീപ റോഡുകളും ജംഗ്ഷനുകളും വികസിപ്പിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ആറു ഇടുങ്ങിയ റോഡുകള്‍ ചേരുന്ന പാലത്തിന്റെ ചുറ്റുപാടുള്ള അനധികൃത നിര്‍മിതികളും നിയമവിരുദ്ധ കൈയേറ്റങ്ങളും അനാവശ്യ വളച്ചുകെട്ടലുകളും നീക്കംചെയ്തും റോഡിലേക്കു കയറ്റിയുള്ള പാര്‍ക്കിംഗ് ഒഴിവാക്കിയും വഴിവാണിഭം നിര്‍ത്തലാക്കിയും ഗതാഗതം സുഗമമാക്കാവുന്നതാണെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി. അപ്പോള്‍ ആവശ്യമായ ബസ് ബേ സൗകര്യം ഏര്‍പ്പെടുത്താനും സ്ഥലം ലഭ്യമാകും.

തൊട്ടടുത്ത് പലപ്പോഴും ഹെല്‍മറ്റില്ലാത്തവരെ പിടികൂടി ഉടനടി ശിക്ഷിക്കാന്‍ പോലീസ് സംഘം ഉണ്ടാകാറുണ്ടെങ്കിലും അവരാരും ഗതാഗതക്കുരുക്കിലേക്കു തിരിഞ്ഞുനോക്കാറില്ല. മിക്കപ്പോഴും ട്രാഫിക് പോലീസും ജംഗ്ഷനുകളില്‍ നിയന്ത്രണത്തിനു കാണാറില്ല. ഉണ്ടെങ്കില്‍ തന്നെ വാഹനങ്ങള്‍ അനാവശ്യമായി മറ്റു ദിശകളിലേക്കു ബലമായി തിരിച്ചുവിട്ട് പട്ടണത്തിലെ എല്ലാ ജംഗ്ഷനുകളിലും കുരുക്കുണ്ടാക്കും. മിനി സിവില്‍ സ്‌റ്റേഷന്‍ അനക്‌സിലേക്കും പുന്നമടയ്ക്കും മറ്റും പോകേണ്ടവരെ ആ ഭാഗത്തേക്കു തിരിച്ചു വിടാന്‍ അനുവദിക്കാത്തതിനാല്‍ അവര്‍ പട്ടണം ചുറ്റി വീണ്ടും ജില്ലാക്കോടതി പാലത്തില്‍ തന്നെ എത്തിച്ചേരുന്നത് സ്ഥിരം കാഴ്ചയാണ്. മറ്റു പ്രദേശങ്ങളില്‍ നിന്നെത്തുന്ന സ്ഥലം തിട്ടമില്ലാത്ത വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ ഇങ്ങനെ ആകെ കുഴച്ചിലിലാകാറുണ്ട്.

പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകളിലും വളവുകളിലും ബസുകള്‍ നിറുത്തിയിട്ട് യാത്രക്കാരെ കയറ്റിയിറക്കുന്നത് തടഞ്ഞാല്‍ തന്നെ പാലത്തിലെ കുരുക്ക് ഒരു പരിധിവരെ ഇല്ലാതാക്കാനാകും. ട്രാഫിക് പോലീസിനോടു ഇക്കാര്യം ആവര്‍ത്തിച്ചു പരാതിപ്പെട്ടിട്ടും ഒരിക്കലും നടപടി സ്വീകരിച്ചിട്ടില്ല. സമീപത്തു മുല്ലയ്ക്കല്‍ റോഡിലുള്ള വണ്‍വേയും വലത്തോട്ടു തിരിയല്‍ നിരോധന ബോര്‍ഡുകളും ഒഴിവാക്കണം. പാലത്തില്‍ നിന്നു വളഞ്ഞല്ലാതെ നേരെ പോകാന്‍ അനുവദിക്കണം. ട്രാഫിക് തടയാന്‍ ചരടും കേബിളും റോഡിനു കുറുകെ വലിച്ചു കെട്ടുന്നത് കൂടുതല്‍ അപകടകാരണമാകും.

അനധികൃത കച്ചവടവും ഉന്തുവണ്ടികളും പാതയിലേക്കു ഇറക്കിയുള്ള ഏച്ചുകെട്ടലുകളും പരസ്യബോര്‍ഡുകളും പോസ്റ്റുകളും നീക്കം ചെയ്യുകതന്നെവേണം. ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ പാലത്തിന്റെ ഇറക്കത്തില്‍ നിന്നു മാറ്റി സൗകര്യപ്രദമായ സ്ഥാനങ്ങളിലേക്കു മാറ്റണം. റോഡിലെ കുണ്ടും കുഴിയും നികത്തണം. ബസുകള്‍ക്കും മറ്റു വലിയ വാഹങ്ങള്‍ക്കും അനായാസമായി വളച്ചെടുക്കാന്‍ തക്കവിധം പാലത്തിന്റെ വായ് ഭാഗങ്ങള്‍ കുടുതല്‍ വീതികൂട്ടിയെടുക്കാന്‍ ആവശ്യത്തിനു സ്ഥലസൗകര്യമുണ്ട്. നിലവിലുള്ള ജംഗ്ഷനു ഒത്ത നടുക്കല്ലാത്ത ട്രാഫിക് ഐലന്‍ഡ് പോലീസ് ഉപയോഗിക്കാത്തതിനാല്‍ അതു നീക്കം ചെയ്യുകയായിരിക്കും ഉചിതം. ജില്ലാ കോടതി പാലത്തിന്റെ വീതികൂട്ടുന്നതിനോടൊപ്പം ഔട്ട്‌പോസ്റ്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ എന്നിവയ്ക്കു സമീപം വാടക്കനാലിനു കുറുകെ പുതിയ പാലങ്ങള്‍ നിര്‍മ്മിച്ചാലെ പട്ടണത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരമാകൂ.

അതിനു അടുത്ത കാലത്തെന്നും സാധ്യതയില്ലാത്തതിനാല്‍ റോഡിലെ തടസങ്ങള്‍ നീക്കം ചെയ്തും കാല്‍നടക്കാര്‍ക്കായി കാണകള്‍ക്കു മുകളിലെ നടപ്പാതകള്‍ തടസങ്ങളില്ലാതെ സഞ്ചാരയോഗ്യമാക്കിയും തിരക്ക് നിയന്ത്രണ വിധേയമാക്കണം. ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട്, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്നീ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തിനു തത്ക്ഷണം യോഗം ചേര്‍ന്നു ആവശ്യമായ നടപടികള്‍ ജനനന്മയ്ക്കായി നിശ്ചയദാര്‍ഢ്യത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അധികം പണം ചെലവഴിക്കാതെ, ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയാല്‍ മാത്രം ഏര്‍പ്പെടുത്താവുന്നതാണ് ഗതാഗത നിയന്ത്രണ പരിഷ്‌ക്കാരമെന്നു ടി.ആര്‍.എ വ്യക്തമാക്കി.

ബസ് സ്‌റ്റോപ്പ് ബോര്‍ഡില്‍ നിന്നു മുന്നോട്ടു മാറ്റി ആലപ്പുഴ ജില്ലാ കോടതി പാലത്തിലേക്കു കയറ്റി നിര്‍ത്തിയിരിക്കുന്ന ബസ്. വാടക്കനാല്‍ വടക്കേ റോഡിലെ കാഴ്ച.

വാര്‍ത്ത അയച്ചത്: ടി ആര്‍ എ