നമ്മുടെ നാട്ടില്‍ വിസ്മൃതിയിലേക്ക് നീങ്ങുന്ന വിളയാണ് കരിമ്പ്. അത്യുത്പാദനശേഷിയുള്ള തൈകള്‍ ആവശ്യത്തിന് ലഭിക്കാത്തതാണ് ഈ കൃഷിയില്‍ നിന്ന് കര്ഷകന് അകലാനുള്ള പ്രധാനകാരണം. തണ്ടുകളാണ് കരിമ്പുകൃഷിയിലെ നടീല്‍വസ്തു. മഴക്കാലാരംഭത്തില്‍ തുടങ്ങുന്ന കരിമ്പുകൃഷിയില്‍ ചീയല്‍രോഗം സര്‍വസാധാരണം. ഇതുകൂടാതെ കരിമ്പിന്‍തണ്ടിന്റെ രുചി പിടിച്ചുവരുന്ന ചിതല് സൃഷ്ടിക്കുന്ന പ്രശ്നം വേറെയും.
തളിപ്പറമ്പ് സ്വദേശിയായ ജലീല്‍ കരിമ്പ് കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ്. ചെലവ് കുറഞ്ഞ മാര്‍ഗത്തിലൂടെ കരിമ്പിന് തൈകള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമാണ് ജലീല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കരിമ്പു ഗവേഷണകേന്ദ്രത്തില്‍ നിന്ന് രോഗബാധയില്ലാത്ത അത്യുത്പാദനശേഷിയുള്ള കരിമ്പില്‍ തണ്ടുകള്‍ കൊണ്ടുവന്ന് കൃഷി തുടങ്ങിയ ജലീലിനുണ്ടായ അനുഭവമാണ് മൈക്രോസെറ്റിലേക്ക് നീങ്ങിയത്. നട്ട കരിമ്പ് മഴക്കാലത്ത് ചീഞ്ഞു. കുറേ ചിതലിന്റെ ആക്രമണത്തില്‍ നശിച്ചു. ശേഷിച്ച രണ്ട് കരിമ്പില്‍ നിന്ന് തൈകള്‍ ഉത്പാദിപ്പിക്കേണ്ടി വന്നപ്പോഴാണ് ജലീല്‍ മൈക്രോസെറ്റ് രീതി ആവിഷ്കരിച്ചത്.
കീടരോഗബാധ ഇല്ലാത്ത കരിമ്പില്‍ തണ്ടുകള്‍ മൂന്നുദിവസം തണലത്ത് സൂക്ഷിക്കുന്നതാണ് ഒന്നാംഘട്ടം. കരിമ്പിന് മുട്ടും ചുറ്റുമുള്ള ഭാഗത്തുനിന്നുമായി 'V' ആകൃതിയിലായി തണ്ട് മുറിച്ചെടുക്കുക. ഉടന്‍തന്നെ ആ മുകുളം ചാണകക്കുഴമ്പ്സ്യൂഡോമോണസ് ലായനിയില്‍ മുക്കിവെക്കണം. രണ്ടു മണിക്കൂറിനുശേഷം മിശ്രിതത്തില്‍ നിന്നുമെടുത്ത് തണലത്ത് ഉണക്കുക. പോട്ടിങ് മിശ്രിതം നിറച്ച പോട്രേകളില്‍ പാകി നന്നായി നനയ്ക്കണം. രണ്ടാഴ്ചയ്ക്കുശേഷം നല്ല കരുത്തുള്ള തൈകള്‍ ശേഖരിച്ച് റബ്ബര്‍ കപ്പ്തൈ പാകുന്ന കപ്പില്‍ മാറ്റിനടാം. രണ്ടരമൂന്ന് മാസത്തിനകം കരിമ്പിന്തൈ പറിച്ചുനടാന്‍ യോഗ്യമാവുമെന്നതാണ് ജലീലിന്റെ കണ്ടെത്തല്‍. ഫിബ്രവരിമാര്‍ച്ച് മാസത്തില്‍ മൈക്രോസെറ്റ് നഴ്സറി തുടങ്ങുകയാണെങ്കില്‍ മഴക്കാലത്തോടുകൂടി ആരോഗ്യമുള്ള തൈകള്‍ നടാന്‍ സാധിക്കും.
വേരുപിടിപ്പിച്ച തൈകള്‍ പറിച്ചു നടുന്നതിനാല്‍ വിളദൈര്‍ഘ്യം കുറയ്ക്കാമെന്ന മേന്മകൂടി മൈക്രോസെറ്റിന് അവകാശപ്പെടാം. വളരെ കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ മൈക്രോസെറ്റിന് മാത്രമേ സാധിക്കൂ. മുട്ടൊഴിച്ചുള്ള കരിമ്പിന്റെ രുചികരമായ ഭാഗങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. (ഫോണ്‍: ജലീല്‍ 9562647014).