ചേരിന്റെ ഇല കാലികള്‍ക്ക് മാരകവിഷം

Posted on: 22 Mar 2015

ഡോ. പി.വി. മോഹനന്‍നാട്ടിന്‍പുറങ്ങളിലെ തോട്ടിന്‍കരയിലും കാവുകളിലും കുന്നിന്‍ ചെരിവുകളിലും ചേലോടെ തഴച്ച് വളരുന്ന ചെടിയാണ് ചേര്. ഇതിന് അലക്കുചേര്, തെങ്ങുകോട്ട എന്നീ പേരുകളുമുണ്ട്. തൊട്ടാല്‍ ചൊറിഞ്ഞ് തടിച്ച് വ്രണമാകുന്നത് എന്ന അര്‍ഥത്തില്‍ ഇതിനെ അരുഷ്‌കാരം എന്ന് സംസ്‌കൃതത്തിലും വിളിക്കും.

ഏത് വേനലിലും തഴച്ചുവളരുന്ന ചേര് മരത്തിന്റെ ഇല പശുക്കള്‍ക്ക് ഇഷ്ടപ്പെട്ട തീറ്റയാണ്. ചേര് മരം വിഷമാണെന്നറിയാത്ത കൃഷിക്കാര്‍ ഇലവെട്ടി തീറ്റയായി നല്കുമ്പോഴാണ് വിഷബാധയേല്‍ക്കുന്നത്. ചിലപ്പോള്‍ വെട്ടിയിട്ട ചില്ലയിലെ ഇലകള്‍ തിന്നും വിഷബാധയേല്‍ക്കാറുണ്ട്. തിന്നുകഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം ലക്ഷണങ്ങള്‍ കാണിക്കും. ഉന്മേഷമില്ലായ്മ, ഉദരമാന്ദ്യം, അയവെട്ടാതിരിക്കല്‍ തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങള്‍. താമസിയാതെ ആടിയുള്ള നടത്തം, വിറയല്‍, വായില്‍നിന്ന് ഉമിനീരൊലിപ്പ് എന്നിവയും കാണിക്കും. വിറയല്‍ ശക്തിപ്രാപിച്ച് പശു വീണുപോവുകയും താമസിയാതെ മരണം സംഭവിക്കുകയും ചെയ്യും. ചെറിയ തോതിലുള്ള വിഷബാധയില്‍ പശു എഴുന്നേല്‍ക്കാന്‍ കഴിയാതെ ദിവസങ്ങളോളം കിടന്നശേഷം ചത്തുപോകും. വിഷബാധയുടെ ലക്ഷണങ്ങള്‍ കാണുന്നയുടനെ ചികിത്സ ലഭ്യമാക്കിയാല്‍ മൃഗത്തെ രക്ഷപ്പെടുത്താം. അനാകാര്‍ഡിക് അമ്ലം, കാര്‍ഡോള്‍ എന്നിവയാണ് വിഷപദാര്‍ഥങ്ങള്‍. ഇതിന് മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല.

താന്നിക്കാതോട് കഷായം വെച്ചുകൊടുത്താല്‍ വിഷം നിര്‍വീര്യമാകുമെന്ന് വിശ്വസിക്കുന്നു. പുറത്തുള്ള മുറിവിന് രക്തചന്ദനം അരച്ച് പുരട്ടിയാല്‍ ഗുണം ചെയ്യും. വിഷബാധയില്‍നിന്ന് രക്ഷപ്പെട്ടാലും കുറേക്കാലത്തേക്ക് മൃഗങ്ങളില്‍ ഉന്മേഷക്കുറവും പാലുത്പാദനത്തില്‍ ഗണ്യമായ കുറവും അനുഭവപ്പെടും.


Stories in this Section