കൊമ്പിലെ അര്‍ബുദം

Posted on: 01 Feb 2015

ഡോ. പി.കെ. മുഹ്‌സിന്‍കന്നുകാലികളില്‍ കണ്ടുവരുന്ന അര്‍ബുദമാണ് 'ഹോണ്‍ കാന്‍സര്‍'. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.

ഹോണ്‍ കാന്‍സറിന് പ്രത്യേക കാരണങ്ങളൊന്നും കണ്ടുപിടിച്ചിട്ടില്ല. ഏറ്റവും വലിയ കൊമ്പുള്ള ജനസ്സുകളായ ഹല്ലീകര്‍, കാങ്കറേജ് എന്നിവയിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. കൊമ്പുകളുടെ പുറംതൊലി ചെത്തി വൃത്തിയാക്കുന്നതും ഇതിന് കാരണമായി പറയപ്പെടുന്നു. കൊമ്പിന്മേലുള്ള ക്ഷതങ്ങള്‍മൂലമാണ് ഇത്. യോജിപ്പില്ലാത്ത നുകം, കൊമ്പിന്റെ അടിഭാഗത്ത് കയര്‍ മുറുക്കിക്കെട്ടല്‍, തമ്മില്‍ കുത്തുകൂടി മുറിവേല്‍ക്കല്‍ എന്നിവയൊക്കെ കൊമ്പുകള്‍ക്ക് ക്ഷതങ്ങളുണ്ടാക്കുന്നു. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലും കാരണമാണ്. പണിക്കാളകളിലാണ് ഈ രോഗം കൂടുതല്‍. പശുക്കളിലും വിത്തുകാളകളിലും പോത്തുകളിലും വളരെ കുറച്ചേ കാണുന്നുള്ളൂ.

അഞ്ചോ ആറോ വയസ്സുള്ള പണിക്കാളകളിലാണ് രോഗം കൂടുതല്‍ കാണപ്പെടുന്നത്. പശുക്കളിലും വിത്തുകാളകളിലും പോത്തുകളിലും ചെറിയതോതിലേ കാണാറുള്ളൂ. അഞ്ചോ ആറോ വയസ്സുള്ള പണിക്കാളകളില്‍ കാണുന്ന ഈ രോഗം കൊമ്പിനെമാത്രമേ ബാധിക്കാറുള്ളൂ. തലയിട്ടിളക്കുന്നതാണ് ആദ്യലക്ഷണം.

വേദന തുടങ്ങുമ്പോള്‍ കാന്‍സര്‍ ബാധിച്ച കൊമ്പിന്റെ ഭാഗത്തേക്ക് തലതിരിച്ച് പിടിക്കുന്നു. ചിലപ്പോള്‍ രോഗം ബാധിച്ച കൊമ്പ് മരങ്ങളിലും ചുമരുകളിലും ഉരച്ചുകൊണ്ടിരിക്കും. ഏതാനും ദിവസങ്ങള്‍ക്കുശേഷം കൊമ്പ് പിടിച്ചുനോക്കിയാല്‍ ഇളകുന്നതായി കാണാം. പിന്നീട് കൊമ്പ് ഒരു വശത്തേക്ക് ചരിഞ്ഞ് തൂങ്ങിക്കിടക്കും. ഈ അവസരത്തില്‍ കൊമ്പിന്റെ ഉള്ളില്‍ കാന്‍സര്‍ വളരെയധികം വളര്‍ന്നുകഴിഞ്ഞിരിക്കും.

ചില കന്നുകാലികളില്‍ രോഗം ആന്തരാവയവങ്ങളായ ശ്വാസകോശം, ലിംഫ് നോഡ് എന്നിവയിലേക്കും ബാധിക്കും.
രോഗലക്ഷണങ്ങളുടെ പ്രാരംഭഘട്ടത്തില്‍ കൊമ്പ് മുറിച്ചുകളഞ്ഞാല്‍ രോഗം വര്‍ധിക്കുന്നത് തടയാം. കരുതല്‍ നടപടിയായി കന്നുകുട്ടിയായിരിക്കുമ്പോള്‍ കൊമ്പ് വളരുന്നത് തടയാവുന്നതാണ്. കൊമ്പിന് മുറിവേല്‍ക്കാതിരിക്കല്‍, കൊമ്പ് ചുരണ്ടാതിരിക്കല്‍ എന്നീ മുന്‍കരുതലുകളും സ്വീകരിക്കാവുന്നതാണ്.


Stories in this Section