പൂച്ചകളിലെ പ്ലേഗ് രോഗം

Posted on: 28 Sep 2014


പൂച്ചകളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് ക്യാറ്റ് പ്ലേഗ്. ഫെലൈന്‍ പാന്‍ ല്യൂക്കോപീനിയ എന്നും ഈ രോഗം അറിയപ്പെടുന്നു. വളരെയധികം തീവ്രമായ ഒരു പകര്‍ച്ചവ്യാധിയാണ് ഇത്.

ചെള്ളുകള്‍വഴിയാണ് പ്രധാനമായും രോഗസംക്രമണം നടക്കുന്നത്. രക്തത്തിലും നാസാസ്രവത്തിലും കാഷ്ഠത്തിലും ചിലപ്പോള്‍ മൂത്രത്തിലും വൈറസ്സുകളെ കണ്ടുവരുന്നു. പൂച്ചയുടെ ശരീരത്തില്‍ അണുസംക്രമണം നടത്താന്‍ രണ്ടുമുതല്‍ പത്ത് ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.

ആറ് മാസത്തില്‍ താഴെ പ്രായമുള്ള പൂച്ചക്കുട്ടികളില്‍ രോഗത്തിന്റെ തീവ്രത കൂടുതലാണ്. പ്രായം ചെന്നവയ്ക്ക് രോഗത്തെ ചെറുത്തുനില്‍ക്കാന്‍ കഴിവുണ്ട്.ശക്തിയായ പനിയാണ് ആദ്യ രോഗലക്ഷണം. തീവ്രമായ രൂപത്തില്‍ പനിയുള്ളപ്പോള്‍ത്തന്നെ പൂച്ച ചാവുന്നു. ഒരു ദിവസത്തിനുശേഷം താപനില കുറയുന്നു. വീണ്ടും പനിയുള്ള ഒരു ഘട്ടമുണ്ടാവും. ഈ അവസരത്തില്‍ ഉന്മേഷക്കുറവും മുന്നോട്ടുനീട്ടിയ കാലുകള്‍ക്കിടയിലേക്ക് തല വീണുകിടക്കുന്നതും കാണാം.

കഠിനമായ ദാഹം, ഓക്കാനം, ഛര്‍ദി എന്നിവ ഈ അവസരത്തില്‍ കണ്ടുവരുന്നു. കഴിച്ച ഭക്ഷണങ്ങളും വെളുത്തതോ മഞ്ഞനിറമുള്ളതോ ആയ പതയുള്ള ദ്രാവകം ഛര്‍ദിക്കുമ്പോള്‍ പുറത്തുവരും.

പനിക്കുശേഷം മൂന്ന് നാല് ദിവസം കഴിയുമ്പോള്‍ വയറിളക്കം കാണാം. കറുപ്പ് നിറമുള്ള രക്തംകലര്‍ന്ന ദ്രാവകമായി അത് നിലയ്ക്കാതെ ഒഴുകുന്നു. ചെറുകുടലിലെ ഉള്‍ഭാഗത്തെ ശകലങ്ങളും ഇതില്‍ കാണാം. മാരകമായ രോഗം ബാധിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍
കാണിക്കുന്നതിനുമുമ്പേ പൂച്ച ചത്തുപോവുന്നു.

രോഗബാധിതമായ പൂച്ച കരഞ്ഞുകൊണ്ടിരിക്കുന്നത് മറ്റൊരു ലക്ഷണമാണ്. അതിനെ തൊടുകയോ നീക്കിക്കിടത്തുകയോ ചെയ്താല്‍ കരച്ചില്‍ കൂടും. തണുത്ത നിലത്ത് വയറ് ചേര്‍ത്താണ് കിടക്കുക.

പ്രായംകൂടിയ പൂച്ചകളില്‍ താടിഭാഗം ഛര്‍ദിയില്‍ കുതിര്‍ന്നിരിക്കും. വെള്ളം നക്കിക്കുടിക്കാന്‍ ശ്രമിക്കുന്നതായിക്കാണാം. ശ്ലേഷ്മസ്തരങ്ങള്‍ വിളര്‍ത്തിരിക്കും. കണ്ണില്‍ പീള നിറഞ്ഞതായും കാണാം.

ജനിച്ചയുടനെയുള്ള പൂച്ചക്കുട്ടികളില്‍ രോഗം തലച്ചോറിനേയും ബാധിക്കുന്നു. നടക്കാന്‍ വിഷമവും നാവില്‍ വ്രണങ്ങളും കണ്ടുവരുന്നു.
രോഗം ബാധിച്ചവയെ കൂട്ടത്തില്‍നിന്ന് വൃത്തിയുള്ളതും ചൂടും വെളിച്ചവുമുഉള്ള പരിസരത്തേക്ക് മാറ്റണം. ഛര്‍ദിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് വായില്‍ക്കൂടി മരുന്ന് കൊടുക്കല്‍ ഫലപ്രദമല്ല. വിളര്‍ച്ചയെ നേരിടാന്‍ രക്തം സിരീയമായി കൊടുക്കാം. നിര്‍ജലീകരണത്തിനുള്ള മരുന്നുകളും കൊടുക്കണം. ആന്റി ബയോട്ടിക്കുകള്‍, അട്രോപ്പിന്‍, വയറിളക്കം നിയന്ത്രിക്കാനുള്ള ഔഷധങ്ങള്‍ എന്നിവയും നല്‍കാവുന്നതാണ്.

രോഗ പ്രതിരോധത്തിനായി പരിസരശുദ്ധിയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വിസര്‍ജ്യവസ്തുക്കള്‍ കത്തിച്ചുകളയണം. രോഗംബാധിച്ച പൂച്ച കിടന്നസ്ഥലത്ത് അണുനാശിനികള്‍ ഉപയോഗിച്ച് ശുദ്ധിയാക്കണം. ഫെലൈന്‍ല്യൂക്കോപീനിയ വാക്‌സിന്‍ (എഫ്.പി.എല്‍.) രണ്ട് മാസം പ്രായമാവുമ്പോള്‍ ആദ്യത്തെ കുത്തിവെപ്പും മൂന്ന് മാസത്തിനും നാലുമാസത്തിനുമിടക്ക് ബൂസ്റ്റര്‍ കുത്തിവെപ്പും നല്‍കാവുന്നതാണ്. പിന്നീട് വര്‍ഷത്തിലൊരിക്കല്‍ വാക്‌സിനേഷന്‍ നടത്തി രോഗനിയന്ത്രണം നടത്താം.

ഡോ. പി.കെ. മുഹ്‌സിന്‍



Stories in this Section