
വളര്‍ത്തുമൃഗങ്ങളുടെ ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ന്യുമോണിയ. ലോബാര്‍ ന്യുമോണിയ, ബ്രോങ്കോ ന്യുമോണിയ എന്നിങ്ങനെ ന്യുമോണിയ രണ്ടുതരത്തിലുണ്ട്. വീട്ടുമൃഗങ്ങളെ ബ്രോങ്കോ ന്യുമോണിയയാണ് ബാധിക്കുന്നത്. മഴക്കാലത്തും തണുപ്പുകാലത്തുമാണ് ന്യുമോണിയ കൂടുതലായി കണ്ടുവരുന്നത്.
ശക്തമായ തണുപ്പ് ശ്വസനവ്യൂഹത്തിന്റെ രോഗപ്രതിരോധശക്തി കുറയ്ക്കുകയും രോഗമുണ്ടാവാനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. കന്നുകാലികള്‍ മഴയും മഞ്ഞും കൊള്ളുന്നതും രോഗകാരണമാണ്. കൂടാതെ കന്നുകാലികളുടെ വാഗസ് നാഡിയുടെ തളര്‍ച്ചമൂലം ആഹാരവും ഔഷധവും ശ്വാസകോശത്തില്‍ എത്തുകയും രോഗകാരണമാവുകയും ചെയ്യുന്നു. അശാസ്ത്രീയമായ വാസസ്ഥലം, തൊഴുത്തില്‍ അമോണിയയുടെ ആധിക്യം, പല പ്രായത്തിലുള്ളവയെ ഒരുമിച്ച് കെട്ടല്‍ എന്നിവയും രോഗത്തിന്റെ മറ്റുകാരണങ്ങളാണ്.
കൂടിയ നിരക്കിലുള്ള ശ്വാസോച്ഛ്വാസമാണ് പ്രാരംഭലക്ഷണം. അതുപോലെ ശരീരതാപനിലയും നാഡിമിടിപ്പും വര്‍ധിക്കുന്നു. ശ്വസനം ക്ലേശകരമായിരിക്കും. വായ് തുറന്നുള്ള ശ്വാസോച്ഛ്വാസം, നാവ് പുറത്തേക്ക് തള്ളിനിര്‍ത്തുക, വായില്‍നിന്ന് പതവരുക എന്നിവയും ഗൗരവരീതിയിലുള്ള രോഗബാധയെ കുറിക്കുന്നു. ന്യുമോണിയയുടെ മറ്റൊരു പ്രധാനലക്ഷണമാണ് ചുമ. ചുമയ്ക്കുമ്പോള്‍ വേദനയും കഫവും കാണുന്നത് ബ്രോങ്കോ ന്യുമോണിയയിലാണ്.
തുടക്കത്തില്‍ വിദഗ്ധ ചികിത്സ നടത്തിയാല്‍ രോഗം സുഖപ്പെടുത്താം. ചികിത്സയോടൊപ്പംതന്നെ ശരിയായ പോഷകാഹാരം, വേണ്ടത്ര ശുദ്ധവായു, വെള്ളം എന്നിവയും രോഗമുള്ള കാലികള്‍ക്ക് ലഭിക്കണം. തണുത്ത കാറ്റ്, മഴ, നനവ് എന്നിവയില്‍നിന്ന് ഒഴിച്ചുനിര്‍ത്തുകയും വേണം.
അന്യവസ്തുക്കള്‍ ശ്വാസകോശത്തില്‍ കടന്ന് ശ്വാസകോശ കലകളെ ജീര്‍ണിപ്പിക്കുന്നതാണ് ശ്വസന ന്യുമോണിയ. തെറ്റായ രീതിയിലുള്ള മരുന്ന് നല്‍കലാണ് ഇതിന്റെ പ്രധാനകാരണം. ദ്രാവകരൂപത്തിലുള്ള മരുന്നുകള്‍ മൃഗങ്ങള്‍ക്ക് ഇറക്കാന്‍ സാധിക്കുന്നതിലും വേഗത്തില്‍ കൊടുക്കാന്‍ പാടില്ല. അതേപോലെ നാവ് പുറത്തേക്കിട്ടിട്ടോ തല കൂടുതലായി ഉയര്‍ത്തിപ്പിടിച്ചിട്ടോ മരുന്ന് കൊടുക്കുന്നതും ഇതിന് കാരണമാകുന്നു. മൃഗങ്ങള്‍ ചുമയ്ക്കുകയോ കരയുകയോ ചെയ്യുമ്പോഴും മരുന്ന് കൊടുക്കരുത്.
പണിക്കാളകളിലാണ് മിക്കപ്പോഴും ഈ രോഗം കണ്ടുവരുന്നത്. ഔഷധങ്ങളോ ദ്രവരൂപത്തിലുള്ള മറ്റുവസ്തുക്കളോ കുപ്പിയിലാക്കി ഒഴിച്ച് കൊടുക്കുമ്പോള്‍ ഇത് സംഭവിക്കാം. ദ്രാവകം ആമാശയത്തിലേക്ക് പോകുന്നതിന് പകരം ശ്വാസകോശത്തിലെത്തുകയും രോഗത്തിന് കാരണമാകുകയും ചെയ്യും. കുളിപ്പിക്കുമ്പോള്‍ തല അധികനേരം വെള്ളത്തില്‍ താഴ്ത്തിവെച്ചാലും ഇത് സംഭവിക്കാം. വളരെയധികം ദ്രാവകം ശ്വാസകോശത്തിലെത്താന്‍ ഇടയായാല്‍ മൃഗം ചത്തുപോകും.
വിദഗ്ധ ചികിത്സകൊണ്ട് രോഗം ഒരു പരിധിവരെ സുഖപ്പെടുത്താം. കന്നുകാലികളിലും പന്നികളിലും കുതിരകളേക്കാള്‍ പെട്ടെന്നുള്ള രോഗശമനം കാണാം. ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ രോഗം വരാനുള്ള സാധ്യത ഒഴിവാക്കുകയാണ് വേണ്ടത്.