കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് മുറൈ എരുമ വര്‍ഗ്ഗം. ഇറച്ചിക്കും പാലിനും ആവശ്യക്കാര്‍ ഏറി വന്നതോടെ നല്ലയിനം ജനുസ്സുകള്‍ തന്നെ തെരഞ്ഞെടുത്താലേ ഇക്കാലത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുള്ളൂ..
നാട്ടിന്‍ പുറത്തെ കര്‍ഷകരുടെ പതിവു സംശയങ്ങള്‍ക്കെല്ലാം മുറൈ എന്ന പോത്തുകളും എരുമകളും ഉത്തരം നല്‍കും.ഹരിയാനയില്‍ നിന്നുമാണ് ഈ അതിഥി.കെട്ടിലും മട്ടിലുമെല്ലാം തനി നാടന്‍ തന്നെ.പ്രത്യേകിച്ച് നല്ലയിനം ബീഫ് നാട്ടില്‍ കിട്ടാനില്ലാത്ത കാലത്ത് പോത്തു കൃഷി നഷ്ടമാവില്ല.നല്ലപോലെ വളര്‍ച്ച നോടുന്ന മുറൈ എരുമയും പോത്തുമെല്ലാം ഏഴു ക്വിന്റലോളം ഭാരം വെക്കുന്ന ഇനമാണ്.നമ്മുടെ നാടന്‍ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന ഇവയ്ക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം വന്‍ പ്രീതി ലഭിക്കുകയാണ്.
നല്ലവെള്ളം യഥേഷ്ടമുള്ള പ്രദേശത്തൊക്കെ ഇവയെ അനായാസം വളര്‍ത്താം.ഏതു സമയവും വെള്ളത്തില്‍ കിടക്കുന്ന ശീലമാണ് ഇവയ്ക്കുള്ളത്.പുല്‍ മൈതാനങ്ങളിലും പാതയോരങ്ങളിലുമെല്ലാം തീറ്റതേടി നടക്കുന്ന ഇവയ്ക്ക് അല്‍പ്പം പരിചരണം കൂടി നല്‍കിയാല്‍ ഇരട്ടി ലാഭം കിട്ടും. ചെറിയൊരു ഇനത്തെ വാങ്ങിയാല്‍ നോക്കി നല്‍ക്കെ ഇവ വളരുമെന്നാണ് കര്‍ഷകര്‍ക്കിടയില്‍ സംസാരം.പൊതുവെ കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന കന്നുകാലികളാണ് കേരളത്തില്‍ കൂടുതലായുള്ളത്.പുന്നാടന്‍ പോത്തുകുട്ടികളെ ഏരുപൂട്ടലിനാണ് വയനാട് പോലുള്ള കര്‍ഷക നാട് കൂടുതലായി എത്തിച്ചിരുന്നത്.നെല്‍കര്‍ഷകരൊക്കെ നിലം ഉഴുതുമറിക്കാനും മെതിക്കാനുമൊക്കെ യന്ത്രങ്ങളെ ആശ്രയിച്ചു തുടങ്ങിയതോടെ പോത്തുകൃഷിയും നിലയ്ക്കുകയായിരുന്നു.പിന്നീട് ഇറച്ചിക്കായി മാത്രം അന്യദേശങ്ങളില്‍ നിന്നും കൊണ്ടു വരുന്ന ഉരുക്കളെയാണ് നാടുമുഴുവന്‍ സ്വീകരിക്കുന്നത്.
ഹരിയാനയിലും ഡല്‍ഹിയിലുമാണ് ഈ ജനുസ്സിന്റെ ആവിര്‍ഭാവം.പൂര്‍ണ്ണ വളര്‍ച്ചയില്‍ 600 മുതല്‍ 800 കിലോ ഭാരമുണ്ടാകും ഈ ഇനത്തിന്.മറ്റു ജനുസ്സുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുറ പോത്തുകളെ വെല്ലാന്‍ ഒന്നിനും കഴിയില്ല.ഗുജറാത്തിലെ ജാഫറബാദി ജനുസ്സിന് ആയിരം കിലോഗ്രം വരെ ഭാരം വരുമെങ്കിലും വളര്‍ച്ചാ നിരക്ക് മുറെയെ അപേക്ഷിച്ച് കുറവാണ്.
ആറുമാസം പ്രായമായ പോത്തുകുട്ടികളെയാണ് വളര്‍ത്താന്‍ വാങ്ങുന്നതിന് ഉചിതം.ശരാശരി 50 -60 കിലോഗ്രം ഭാരം ഉള്ളവയാണ് തെരഞ്ഞെടുക്കുന്നതിന് അഭികാമ്യം.നാടന്‍ ഇനങ്ങളില്‍ ഇത്തരത്തില്‍ ശരീര ഭാരം ഉണ്ടാകാനിടയില്ലാത്തതിനാല്‍ മുറെയെ തന്നെ തെരഞ്ഞെടുക്കുകയാണ് ഉത്തമം.
കേരളത്തില്‍ പോത്തിറച്ചി വിപണനം എളുപ്പമാണ്.ഇതിനു മാതൃകയാണ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി.മലബാര്‍ മീറ്റ് എന്ന പേരില്‍ സംസ്‌കരിച്ച മാംസം ഇവരുടെ സ്വന്തം ഔട്ട് ലെറ്റുകളിലൂടെ വിപണനം തുടങ്ങിയിരിക്കുകയാണ്.ജില്ലയില്‍ മാത്രം ഒന്‍പത് ഔട്ട് ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.താമസിയാതെ കേരളത്തില്‍ മുഴുവന്‍ ഔട്ട്‌ലെറ്റുകളും കയറ്റുമതിയും നടക്കും.
ചുരുങ്ങിയ കാലയളവിനുള്ളില്‍ നല്ലൊരു വരുമാനം ലഭ്യമാക്കുന്ന മുറെ ഇനം കര്‍ഷകരില്‍ എത്തിക്കാനും ബ്രഹ്മഗിരി സഹായിക്കുന്നു.നിലമ്പൂര്‍ മലബാര്‍ ഡയറി സൊസൈറ്റി വഴിയാണ് കിടാരികളെ എത്തിക്കുന്നത്.7500 രൂപയടച്ചാല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷൂര്‍ ചെയ്ത കിടാരികളെ ലഭിക്കും.100 കിലോ വരെ തൂക്കമുള്ള കിടാരികളെയൊണ് ലഭിക്കുക.പെതുവിപണിയില്‍ മാംസത്തിന് ചുരുങ്ങിയത് കിലോയ്ക്ക് അറുപത് രൂപ കിട്ടിയാല്‍ 560 കിലോ ഭാരമുള്ള ഒരു പോത്തിനെ വില്‍ക്കുമ്പോള്‍ കര്‍ഷകന് 33600 രൂപ ലഭിക്കും.കര്‍ഷകന് 7500 രൂപമാത്രമാണ് ചെലവ്.കര്‍ഷകന്‍ 8500 രൂപ അടച്ച് കിടാരിയില്‍ നിന്നും വാങ്ങുന്നതാണെങ്കില്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ പൊതു വിപണിയില്‍ വില്‍ക്കുന്നതിനും തടസ്സമില്ല.ശരാശരിയായ ഒരു കര്‍ഷകകുടുംബത്തിന് കഴിയാന്‍ പോത്തുകൃഷിയാണ് ഇനി ഉത്തമം.സംശയങ്ങള്‍ക്ക് ബ്രഹ്മഗിരിയിലേക്ക് വിളിക്കാം ഫോണ്‍ 04936 248368