ഡോ. ടി.പി. സേതുമാധവന്‍

അടുത്തകാലത്തായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ താറാവ് കോളറയും താറാവ്വസന്തയും കൂടുതലായി കണ്ടുവരുന്നു. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലും കോളറമൂലം താറാവിന്‍ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്.
പാസ്ചുറില്ല അണുജീവികള്‍ ഉണ്ടാക്കുന്ന രോഗമാണിത്. പാസ്ചുറില്ല മള്‍ട്ടോസിഡ, ഗ്രാം നെഗറ്റീവ് അണുജീവികളാണ് രോഗത്തിന് കാരണം. പാസ്ചുറില്ല മണ്ണില്‍ വളരെക്കാലം ജീവിക്കാന്‍ കെല്പുള്ളവയാണ്. രോഗപ്രതിരോധശേഷി കുറയുന്നതും കാലാവസ്ഥാ വ്യതിയാനവും മൂലം രോഗാണുക്കള്‍ കരുത്താര്‍ജിച്ച് രോഗലക്ഷണമുളവാക്കും.
രോഗം ബാധിച്ച താറാവുകളിലൂടെയും അവയുടെ വിസര്‍ജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും മറ്റ് താറാവുകളില്‍ രോഗബാധയ്ക്ക് ഇടവരും. തീറ്റപ്പാത്രങ്ങള്‍, തീറ്റ, താറാവ് വളര്‍ത്തുകാരുടെ ഷൂസ്, ചെരിപ്പ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലൂടെയും േരാഗം പകരാം.
രോഗലക്ഷണങ്ങള്‍ വിവിധരീതിയിലാണ് കണ്ടുതുടങ്ങുന്നത്. അതികഠിനാവസ്ഥയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. ക്ഷീണം, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, തീറ്റതിന്നാതിരിക്കല്‍, കൊക്കില്‍നിന്ന് ശ്ലേഷ്മദ്രാവകം പുറത്തേക്ക് വരല്‍, അലക്ഷ്യമായ തൂവലുകള്‍, വയറിളക്കം, ഉയര്‍ന്ന ശ്വാസോച്ഛാസനിരക്ക് എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ മനസ്സിലാക്കിയും സീറോളജിക്കല്‍ ടെസ്റ്റുകള്‍ വഴിയും രോഗത്തെ തിരിച്ചറിയാം. രോഗംമൂലം ചത്ത താറാവുകളെ പോസ്റ്റ്മോര്‍ട്ടം നടത്തി രോഗകാരണം കണ്ടെത്താം.
രോഗം നേരത്തേ മനസ്സിലാക്കിയാല്‍ ചികിത്സിച്ച് ഭേദപ്പെടുത്താം. അമോക്‌സിലിന്‍, സള്‍ബാക്റ്റോം, എറിത്രോമൈസിന്‍, സള്‍ഫണാമൈഡുകള്‍ എന്നിവ ഫലപ്രദമായ മരുന്നുകളാണ്. തീറ്റയിലും കുടിവെള്ളത്തിലും 0.05 ശതമാനം ടെട്രാസൈക്കിളിന്‍ ചേര്‍ത്ത് നല്‍കുന്നത് രോഗനിയന്ത്രണത്തിനുപകരിക്കും. രോഗനിയന്ത്രണത്തിനായി ഫലപ്രദമായ വാക്‌സിനുകള്‍ ഇന്ന് നിലവിലുണ്ട്. താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് നാല് ആഴ്ച പ്രായത്തില്‍ താറാവ്കോളറ രോഗത്തിനെതിരായുള്ള വാക്‌സിന്‍ നല്‍കാം. ആറു മാസത്തിനുശേഷം തുടര്‍ കുത്തിവെപ്പ് നല്‍കാവുന്നതാണ്. രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളില്‍ രണ്ടുമാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാം.
രോഗനിയന്ത്രണത്തിനായി താറാവുകള്‍ക്ക് കൂട്ടില്‍ ആവശ്യത്തിന് സ്ഥലം ലഭ്യമാക്കാനും പൂപ്പല്‍ ഇല്ലാത്തതും പഴകാത്തതുമായ തീറ്റ നല്‍കാനും ശ്രദ്ധിക്കേണ്ടതാണ്. താറാവുകള്‍ക്ക് മറ്റ് പക്ഷികളെയപേക്ഷിച്ച് പൂപ്പല്‍ വിഷബാധ വളരെ കൂടുതലാണ്. ഇത് രോഗപ്രതിരോധശേഷി കുറയ്ക്കാനും സാംക്രമികരോഗങ്ങള്‍ക്ക് അടിമപ്പെടാനും ഇടവരുത്തും.