'മഹാലക്ഷ്മി ഗോശാല' നാടന്‍ പശുക്കളുടെ തറവാട്‌

Posted on: 06 Jul 2014



കുന്നന്താനം (കോട്ടയം): മുണ്ടിയപ്പള്ളിയിലെ 'മഹാലക്ഷ്മി ഗോശാല' തനി നാടന്‍ പശുക്കളുടെ തറവാട്. ദേശീയ പൈതൃകത്തിന്റെ വൈകാരികപ്രതീകമാണ് ഗോമാതാവ്. വിവിധ സംസ്ഥാനങ്ങളിലെ പേരുകേട്ട അപൂര്‍വ്വയിനം നാടന്‍ പശുക്കള്‍ ഈ േഗാശാലയിലുണ്ട്.
ഇരുപത്തേഴ് ഇനങ്ങളിലായി 110ലേറെ പശുക്കള്‍. ഗീര്‍ വംശജ 'കൃഷ്ണ'യാണ് ആദ്യ അംഗം. സഹിവാള്‍, വെച്ചൂര്‍, തഞ്ചാവൂര്‍ കുള്ളന്‍, കാങ്കറേജ്, താര്‍പാര്‍ക്കര്‍, രാജസ്ഥാന്റെയും പാകിസ്ഥാന്റെയും അതിര്‍ത്തിപ്രദേശങ്ങളിലുള്ള റാറ്റി, കാസര്‍കോട് കുള്ളന്‍, റെഡ് സിന്ധി, ചെറുവള്ളി പശു തുടങ്ങിയവ ഇതില്‍ ചിലതാണ്. സഹിവാള്‍ ഇനത്തില്‍പെട്ട മന്‍സൂറി എന്ന വിളിപ്പേരുള്ള പശു അപൂര്‍വ്വത നിറഞ്ഞതാണ്.

ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച ഗോശാലയില്‍ പശുക്കളുടെ സംരക്ഷണത്തിന് നാലുപേരുണ്ട്. മൂക്കുകയറിട്ട് കെട്ടിയിടാതെ തുറന്നുവിട്ട് സ്വാഭാവികരീതിയില്‍ വളരുന്നവയാണ് ഏറെയും. ഭക്ഷണവും തനി നാടന്‍തന്നെ. കാലിത്തീറ്റയ്ക്ക് പകരം പഞ്ചാബില്‍ നിന്നുള്ള ഗോതമ്പ് കച്ചി, കേരളത്തിലെ നാടന്‍ കച്ചി, പുല്ല് മിശ്രണം ചെയ്ത ആഹാരം, ധാന്യങ്ങള്‍, തവിട് എന്നിവയാണ് നല്‍കുന്നത്.

വിദേശയിനം പശുക്കള്‍ക്ക് രോഗപ്രതിരോധശേഷിയും പാലിന് ഗുണമേന്മയും ഇല്ലെന്ന തിരിച്ചറിവാണ് പ്രമുഖ വസ്ത്രവ്യാപാരിയായ മഹാലക്ഷ്മി വിനോദ് കുമാറിനെ ഗോശാല നിര്‍മാണത്തിലെത്തിച്ചത്. നാടന്‍ പശുവിന്റെ ചാണകത്തിലെ ജീവാണുക്കളുടെ എണ്ണം വിദേശയിനങ്ങളിലേക്കാള്‍ പതിന്മടങ്ങാണ്. മൂത്രം, ചാണകം, പാല്‍ എന്നിവയ്ക്ക് ഏറെ ഗുണമുണ്ട്.

വിനോദിന്റെ തിരുവല്ലയിലെ വ്യാപാരസ്ഥാപനമായ മഹാലക്ഷ്മി സില്‍ക്‌സിന്റെ ജോലിക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ ഗോശാലയിലെ പാലാണ് ഉപയോഗിക്കുന്നത്.അടുത്തയിടെ കോട്ടയത്ത് ആരംഭിക്കുന്ന പുതിയ ഷോറൂമിന്റെ പണിത്തിരക്കിനിടയിലും ദിവസവും ഒരുമണിക്കൂറെങ്കിലും ഗോശാലയില്‍ നേരിട്ടെത്തി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. ഗോശാല ഐശ്വര്യത്തിന്റെ ലക്ഷണവും സംസ്‌കാരത്തിന്റെ പ്രതീകവുമാണ്- വിനോദ് കുമാര്‍ പറഞ്ഞു.

സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഉണ്ണികൃഷ്ണന്റെ ഉപദേശവും പ്രോത്സാഹനവുമാണ് ഗോശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന്റെ ചാലകശക്തി.



Stories in this Section