കന്നുകാലികളിലെ വര്‍ഷകാല രോഗങ്ങള്‍

Posted on: 06 Jul 2014

ഡോ. പി.കെ. മുഹ്‌സിന്‍വര്‍ഷകാലത്ത് കന്നുകാലികള്‍ക്കുണ്ടാകുന്ന പ്രധാന രോഗങ്ങളാണ് കുരലടപ്പന്‍, എഫിമറല്‍ ഫീവര്‍, കുളമ്പുരോഗം എന്നിവ.കുരലടപ്പന്‍പന്നി, മാന്‍, മുയല്‍ എന്നിവയെ ബാധിക്കുന്ന മാരക പകര്‍ച്ചവ്യാധിയാണ് കുരലടപ്പന്‍ അഥവാ െഹമറേജിക്ക് സെപ്റ്റിസീമിയ. പാസ്ച്ചറില്ല വര്‍ഗത്തിലെ അണുക്കളാണ് കാരണക്കാരന്‍. തീറ്റവഴിയാണ് പ്രധാനമായും പകരുന്നത്. അടുത്തടുത്ത് സഹവസിക്കുന്ന മൃഗങ്ങളില്‍ ചുമയും തുമ്മലും വഴിയും അണുക്കള്‍ പകരുന്നു.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടുമുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും. രോഗം തീവ്രമായിരിക്കുമ്പോള്‍ മേഞ്ഞുനടക്കുന്ന കാലികള്‍ ലക്ഷണങ്ങള്‍ കാണിക്കാതെ പെട്ടെന്ന് ചാകും. ഉയര്‍ന്ന താപനില, അധികരിച്ച ശ്വാസോച്ഛ്വാസം, ശ്ലേഷ്മസ്തരങ്ങള്‍ക്ക് നീലനിറം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. തീറ്റ എടുക്കാതിരിക്കുകയും കറവ വറ്റുകയും ചെയ്യുന്നു. വയറുവേദന, കണ്ണീരൊലിക്കല്‍, മൂക്കില്‍നിന്ന് രക്തം കലര്‍ന്ന നീരൊലിപ്പ്, രക്തവും കഫവും കലര്‍ന്ന വയറിളക്കം എന്നിവയും കാണാറുണ്ട്. ചിലപ്പോള്‍ മൂത്രത്തില്‍ കൂടി ചോര പോവും.

യഥാസമയം കുത്തിവെപ്പ് നടത്തിയാല്‍ പ്രതിരോധശക്തി ഉണ്ടാക്കാം. ഇതിനായി മൂന്നുതരം വാക്‌സിനുകള്‍ ഉപയോഗിക്കുന്നു; ബ്രോത്ത് വാക്‌സിന്‍, ആലംപ്രസിപ്പിറ്റേറ്റഡ് വാക്‌സിന്‍, ഓയില്‍ അഡ്ജുവന്‍റ് വാക്‌സിന്‍.

എഫീമറല്‍ ഫീവര്‍

കന്നുകാലികളെ ബാധിക്കുന്ന വലിയ മാരകമല്ലാത്ത വൈറസ് രോഗമാണ് എഫീമറല്‍ ഫീവര്‍ അഥവാ മുടന്തന്‍ പനി. പാലുത്പാദനവും പ്രതിരോധശക്തിയും ഗണ്യമായി കുറയ്ക്കുന്ന രോഗമാണിത്. രോഗസംക്രമണം നടക്കുന്നത് കടിക്കുന്ന ഈച്ചകള്‍ വഴിയാണ്. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നുകഴിഞ്ഞാല്‍ പത്തുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

ഉയര്‍ന്ന താപനില, തീറ്റയെടുക്കാതിരിക്കല്‍, പാലില്‍ കുറവ്, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, മൂക്കില്‍നിന്നും കണ്ണില്‍നിന്നും വെള്ളമൊലിക്കല്‍, മാംസപേശികളുടെ വിറയല്‍, തല കുടയല്‍ എന്നിവയാണ് മുഖ്യലക്ഷണങ്ങള്‍.

ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ മാംസപേശികള്‍ വിറങ്ങലിക്കുകയും കൈകാലുകള്‍ വേദനമൂലം ചലിപ്പിക്കാനാവാതെ മുടന്തുകയും ചെയ്യുന്നു. രോഗബാധയേറ്റ പശുക്കള്‍ക്ക് കാലുകള്‍ വളയ്ക്കാന്‍ പ്രയാസം നേരിടുകയും തന്‍മൂലം കിടക്കാന്‍ കഴിയാതെയാവുകയും ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സിക്കാം. സോഡിയം സാലിസിലൈറ്റ്, ആന്റിബയോട്ടിക്കുകള്‍ എന്നിവ ഫലപ്രദമാണ്.

കുളമ്പുരോഗം

കന്നുകാലികള്‍, പന്നി, ആട് തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് കുളമ്പുരോഗം. കറവപ്പശുക്കളില്‍ പാല്‍ പറ്റെ കുറയുകയും ഗര്‍ഭമുള്ളവയില്‍ ഗര്‍ഭം അലസാനും കാരണമാകുന്നു.

ഈ രോഗത്തിന്റെ വൈറസിന് പല രൂപങ്ങളുമുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു രൂപത്തിനെതിരെ പ്രതിരോധകുത്തിവെപ്പ് നടത്തിയാലും മറ്റ് രൂപത്തിലുള്ളവകൊണ്ടുള്ള ബാധയുണ്ടാകാം. വൈറസുകള്‍ രോഗം ബാധിച്ചവയുടെ ഉമിനീരിലും തൊലിയിലും അകിടിനെ ബാധിക്കുമ്പോള്‍ പാലിലും ഉണ്ടാകാറുണ്ട്. വൈറസുകള്‍ വായിലും പാദങ്ങളിലും കേന്ദ്രീകരിക്കുന്നതുമൂലം അവിടെ ക്ഷതങ്ങള്‍ ഉണ്ടാകുന്നു.
രോഗബാധയുള്ള മൃഗങ്ങളുമായോ അവയുടെ വിസര്‍ജ്യവസ്തുക്കള്‍, സ്രവങ്ങള്‍, പാല്‍, മാംസം മുതലായവയുമായുള്ള സമ്പര്‍ക്കംമൂലമോ ആണ് രോഗം പകരുന്നത്. തീറ്റസാധനങ്ങള്‍, പാല്‍പ്പാത്രങ്ങള്‍ തുടങ്ങിയവയിലൂടെയും രോഗം പകരാം. വായുവിലൂടെയും രോഗപ്പകര്‍ച്ച ഉണ്ടാവാറുണ്ട്.

രോഗം ബാധിച്ച കാലികള്‍ക്ക് തുടക്കത്തില്‍ നല്ല പനിയുണ്ടാകും. ഉമിനീര്‍ ഇറ്റുക, തീറ്റ എടുക്കാതിരിക്കുക, നടക്കാന്‍ വിഷമം, പാല്‍കുറയല്‍, ഗര്‍ഭമലസല്‍ എന്നിവയും ലക്ഷണങ്ങളാണ്. നാക്കിന്റെ മുകള്‍ഭാഗത്തും ചുണ്ടുകളുടെ ഉള്‍ഭാഗത്തും മോണയിലും കുമിളകള്‍ കാണും. വായില്‍ കുമിളകള്‍ ഉണ്ടാകുന്നതുമൂലം തിന്നാതിരിക്കുന്നു. ഇത് 24 മണിക്കൂറിനുള്ളില്‍ പൊട്ടുകയും വ്രണങ്ങളാവുകയും ചെയ്യുന്നു.

പരിചരണക്കുറവുമൂലമാണ് കുളമ്പ് ഇളകിപ്പോകല്‍, അകിടു വീക്കം, ന്യുമോണിയ, ഗര്‍ഭസ്രാവം, ഗ്യാസ്‌ട്രോ എന്‍ഡറൈറ്റിസ് എന്നിവ ഉണ്ടാകുന്നത്. ദിനംപ്രതി രണ്ട് പ്രാവശ്യമെങ്കിലും വായിലും പാദങ്ങളിലുമുള്ള ക്ഷതങ്ങള്‍ അണുനാശിനികൊണ്ട് കഴുകി വൃത്തിയാക്കണം. ആലം, ബോറിക് ആസിഡ്, പൊട്ടാസ്യം പെര്‍മാംഗനൈറ്റ്, അക്രിഫ്ലേവിന്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നിന്റെ ലായനി ഇതിനായി ഉപയോഗിക്കാം.

കുളമ്പുരോഗത്തിനെതിരെ പലതരം വാക്‌സിനുകള്‍ ലഭ്യമാണ്. രോഗമുണ്ടായാലും ഇല്ലെങ്കിലും ആദ്യം നാലുമാസം പ്രായമാകുമ്പോഴും പിന്നീട് ആറുമാസം ഇടവിട്ടും പ്രതിരോധ കുത്തിവെപ്പ് നടേത്തണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൊഴുത്തുകള്‍ വൃത്തിയുള്ളവയും ഉണങ്ങിയ തറയോടുകൂടിയതും വായുസഞ്ചാരമുള്ളതും മഴനനയാത്തതുമായിരുന്നാല്‍ പല അസുഖങ്ങളില്‍നിന്നും കന്നുകാലികളെ രക്ഷിക്കാം. സദാ ഈര്‍പ്പം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് നിര്‍ത്തുമ്പോള്‍ കുളമ്പുകള്‍ക്കിടയില്‍ വ്രണങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, മുലക്കാമ്പിലും അകിടിലും ക്ഷതങ്ങള്‍ എന്നിവ സാധാരണയാണ്.

മഴക്കാലത്ത് ദിവസവും പശുക്കളെ കുളിപ്പിക്കേണ്ടതില്ല. ചാണകം ബ്രഷിന്റെ സഹായത്തോടെ തുടച്ചുമാറ്റിയാല്‍ മതി. തൊഴുത്തില്‍ ചാണകവും മൂത്രവും കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കാലികളെ മഴനനയാന്‍ അനുവദിക്കാത്തതാണ് നല്ലത്.


Stories in this Section