കുരലടപ്പനെ പ്രതിരോധിക്കാം
Posted on: 28 Jun 2014
നമ്മുടെ നാട്ടില്‍ പശുക്കളേയും എരുമകളേയും ബാധിയ്ക്കുന്ന ഒരു ബാക്ടീരിയ രോഗമാണ് കുരലടപ്പന്‍. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നമ്മുടെ സംസ്ഥാനത്ത് വളരെ വ്യാപകവും തീവ്രവുമായ രീതിയില്‍ കുളമ്പുരോഗം പടര്‍ന്നു പിടിക്കുകയുണ്ടായി. സാധാരണയായി കുളമ്പുരോഗംമൂലമുള്ള മരണ നിരക്ക് കുറവാണെങ്കിലും ഈ വര്‍ഷം പാര്‍ശ്വാണുബാധമൂലം പ്രത്യേകിച്ച് കുരലടപ്പന്‍ രോഗംമൂലം മരണ നിരക്ക് കൂടുതലായിരുന്നു. അതുകൊണ്ട് കുരലടപ്പന്‍ രോഗബാധയ്‌ക്കെതിരായുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാന്‍ ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്.
എല്ലാ പ്രായത്തിലുള്ള ഉരുക്കളെ ബാധിക്കുമെങ്കിലും പ്രധാനമായും ആറ് മാസം മുതല്‍ രണ്ട് വയസ്സുവരെ പ്രായമുള്ള മൃഗങ്ങളിലാണ് രോഗസാധ്യത കൂടുതല്‍. എരുമകളേയും ഈ രോഗം ബാധിയ്ക്കും. രോഗബാധയുണ്ടാക്കുന്ന പാസ്ചുറല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ മൃഗങ്ങളുടെ ശരീരത്തില്‍ തന്നെ കാണപ്പെടുന്നവയാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമോ പ്രതികൂല സാഹചര്യങ്ങള്‍മൂലം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിലോ ആണ് പ്രകടമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. നമ്മുടെ നാട്ടില്‍ മഴക്കാലത്തിന്റെ തുടക്കത്തിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. അണുബാധയുള്ള തീറ്റ, വെള്ളം, വായു തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും രോഗബാധ ഉണ്ടാകാം.
കുരലടപ്പന്‍രോഗം പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. രോഗബാധയുള്ള മൃഗങ്ങളില്‍ പനി, ഉമിനീരൊലിപ്പ്, മൂക്കൊലിപ്പ്, നേത്രാവൃതിയുടെ വീക്കം, ശ്വാസതടസ്സം, ഉയര്‍ന്ന ശ്വാസ നിരക്ക് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ തല, കഴുത്ത്, മുഖം, താട എന്നിവിടങ്ങളില്‍ നീര്‍ക്കെട്ട് കാണപ്പെടും. കൂടുതല്‍ തീവ്രമായ രോഗബാധമൂലം ലക്ഷണങ്ങള്‍ കാണപ്പെടുന്നതിന് മുമ്പേ പെട്ടെന്നുള്ള മരണവും സംഭവിക്കാം. രോഗബാധിതരില്‍ പാലുല്പാദനവും ഗണ്യമായി കുറയും. രോഗം ബാധിച്ചവരില്‍ ആരംഭത്തിലേ രോഗനിര്‍ണ്ണയം നടത്തി ശരിയായ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് ഫലപ്രദമാണ്. എന്നാല്‍ തീവ്രമായ രോഗബാധയാണെങ്കില്‍ പലപ്പോഴും ചികിത്സ നല്‍കുന്നതിനുള്ള സാവകാശം ലഭിക്കാറില്ല.
മാരകമായ ഈ രോഗത്തിനെതിരെ ഫലപ്രദമായ കുത്തിവെപ്പുകള്‍ ലഭ്യമാണ്. അതുകൊണ്ട് പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കുകയാണ് ഉത്തമമായ രോഗപ്രതിരോധ മാര്‍ഗ്ഗം. മഴക്കലാത്ത് കൂടുതലായി കാണുന്നതുകൊണ്ട് കുരലടപ്പനെതിരായുള്ള കുത്തിവെയ്പുകള്‍ മഴയ്ക്കുമുമ്പേ നല്‍കുന്നതാണ് അഭികാമ്യം. നമ്മുടെ നാട്ടില്‍ ഏപ്രില്‍, മെയ് മാസത്തിലാണ് കുത്തിവെയ്പ്പുകള്‍ നല്‍കുന്നത്. നാല് മാസത്തിന് മുകളിലുള്ള മൃഗങ്ങള്‍ക്ക് കുത്തിവെപ്പ് നല്‍കാം. തുടര്‍ന്ന് വര്‍ഷം തോറും ഓരോ കുത്തിവെപ്പ് നല്‍കണം. അതോടൊപ്പം തന്നെ രോഗബാധ വരുത്തിവെയ്ക്കാവുന്ന പ്രതികൂല സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കണം. രോഗബാധയുള്ളവയെ മറ്റുള്ളവയില്‍നിന്ന് മാറ്റി നിര്‍ത്തി ശരിയായ ചികിത്സ എത്രയും വേഗം നല്‍കണം. അതോടൊപ്പം തന്നെ പരിസര ശുചിത്വവും അണുനശീകരണ മാര്‍ഗ്ഗങ്ങളും അവലംബിക്കുകയും വേണം.
ഡോ. പി.വി. ട്രീസാമോള്‍
അസോസിയേറ്റ് പ്രൊഫസ്സര്‍ ആന്റ് ഹെഡ്
രോഗപ്രതിരോധ വിഭാഗം, വെറ്ററിനറി കോളേജ്, മണ്ണുത്തി