നായകളില്‍നിന്ന് പകരുന്ന രോഗങ്ങള്‍
Posted on: 22 Jun 2014
ഡോ. എം. ഗംഗാധരന്‍നായര്‍
മനുഷ്യന്റെ ഉത്തമസുഹൃത്തും സന്തതസഹചാരിയും ആദ്യം ഇണങ്ങിയ മൃഗവും നായയാണ്. ഇവയില്‍നിന്ന് പലരോഗങ്ങളും മനുഷ്യരിലേക്ക് പകരാറുണ്ട്. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങള്‍, മനുഷ്യരിലേക്കും മറ്റുമൃഗങ്ങളിലേക്കും പകരുന്ന സാംക്രമികരോഗങ്ങള്‍, കടിയില്‍ക്കൂടിയുള്ള രോഗബാധ, അലര്‍ജി എന്നിങ്ങനെ ഇവയെ നാലായി തരംതിരിക്കാം.
ജന്തുജന്യരോഗങ്ങള്‍: ഇതില്‍ പ്രധാനപ്പെട്ടത് പേ വിഷബാധയാണ്. രോഗം ബാധിച്ച മൃഗത്തിന്റെ ഉമിനീരിലാണ് വൈറസ് അണുക്കള്‍ കാണുന്നത്. കടിയില്‍ക്കൂടി രോഗം പകരുന്നു. ഞരമ്പ്-സൂഷുമ്‌നവഴി തലച്ചോറിലും ഉമിനീരിലും എത്തി ഇവ ലക്ഷണങ്ങള്‍ കാണിക്കുന്നു. സ്വഭാവത്തിലെ മാറ്റം, ആക്രമണസ്വഭാവം, വായില്‍നിന്ന് അമിതമായി ഉമിനീര് ഒലിക്കല്‍ എന്നിവ പ്രധാന ലക്ഷണമാണ്. വളര്‍ത്തുനായകളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയും തെരുവുനായകളെ നിയന്ത്രിക്കുകയുമാണ് പ്രതിരോധ മാര്‍ഗങ്ങള്‍. രോഗം പകര്‍ത്താന്‍ കഴിവുള്ള ടോക്‌സോക്കാര വിരയുടെ ലാര്‍വ വയറ്റില്‍ അകപ്പെട്ടാല്‍ വിസറല്‍ ലാര്‍വല്‍ മൈഗ്രന്‍ഡ് എന്ന അലര്‍ജിയും കാഴ്ചയില്ലായ്മയും അനുഭവപ്പെടാം. മൂന്ന് മാസത്തിലൊരിക്കലെങ്കിലും വിരമരുന്ന് നല്‍കിയും ലാര്‍വ തറയില്‍ വീണ് മലിനപ്പെടുത്തുന്നത് തടഞ്ഞും വിസര്‍ജ്യം എത്രയും പെട്ടെന്ന് നീക്കം ചെയ്തും ഒഴിവാക്കാം.
വട്ടച്ചൊറി ബാധിച്ചാല്‍ തൊലിയില്‍ വൃത്താകൃതിയിലുള്ള തടിച്ച പാടുകള്‍ കാണാം. ഉടന്‍ ചികിത്സ തേടിയാല്‍ രോഗം മാറും. ഇത്തരത്തിലുള്ള മൃഗങ്ങളുമായുള്ള സാമീപ്യം കുറയ്ക്കുകയും ഇവയെ നശിപ്പിക്കാനുള്ള മരുന്ന് നല്‍കുകയും വേണം. നന്നായി പാകംചെയ്യാത്ത മാംസം കഴിക്കുന്നതിലൂടെ പകരുന്ന അസുഖമാണ് ഹൈഡാറ്റിഡ്സിസ്റ്റ്. എക്കിനോകോക്കസ് എന്ന നാടവിര രക്തത്തില്‍ പ്രവേശിച്ച് ശരീരത്തിലെ പല ഭാഗങ്ങളിലും, കരളിലും ശ്വാസകോശത്തിലും സിസ്റ്റ് ഉണ്ടാക്കുന്നു. ചെള്ളുകളും ഉണ്ണികളും ഉണ്ടാക്കുന്ന അസുഖമാണ് ലൈമി രോഗം. ലിംഫ് ഗ്രന്ഥികളുടെ അമിതവളര്‍ച്ചയും സന്ധിവീക്കവും ഉണ്ടാകുന്നു. ഇവ വരാതെ നോക്കുകയാണ് നല്ലത്. വന്നാല്‍ ഇവയെ നശിപ്പിക്കാനുള്ള മരുന്ന് നല്‍കണം. ചുമ, ശ്വാസതടസ്സം, രക്തംകലര്‍ന്ന തുപ്പല്‍ എന്നീ ലക്ഷണങ്ങള്‍ ക്ഷയം എന്ന രോഗത്തില്‍ കാണുന്നു. തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാക്കാം.
സാംക്രമിക രോഗങ്ങള്‍: സാള്‍മോനല്ലോസിസ്, ക്യാംപിലോ ബാക്ടീരിയോസീസ് എന്നീ അസുഖങ്ങള്‍ മലിനഭക്ഷണങ്ങളില്‍ക്കൂടി പകരുന്നവയാണ്. രോഗം പരത്തുന്നത് ബാക്ടീരിയ അണുക്കളാണ്. വയറുവേദന, ഛര്‍ദി, അതിസാരം എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു. ബാക്ടീരിയ കള്‍ച്ചര്‍വഴി രോഗനിര്‍ണയം നടത്തി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ഗിയാര്‍ഡിയാസിസ് എന്ന രോഗം മലിനജലത്തില്‍കൂടിയാണ് പകരുന്നത്. വയറിളക്കംതന്നെയാണ് പ്രധാന ലക്ഷണം. മലിന ഭക്ഷണ പാനീയങ്ങള്‍ നല്‍കാതിരുന്നാല്‍ രോഗം വരില്ല.
ബ്രൂസ്സല്ലോസിസ് എന്ന രോഗം ഉണ്ടാക്കുന്നതും ബാക്ടീരിയ അണുക്കളാണ്. ഇവ മനുഷ്യരില്‍ കടുത്ത പനി, വിറയല്‍, ക്ഷീണം എന്നിവയുണ്ടാക്കും. മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍, സ്രവങ്ങള്‍ എന്നിവയില്‍ക്കൂടി രോഗം പകരും. ചിട്ടയായ രക്തപരിശോധനയിലൂടെ മൃഗങ്ങളില്‍ രോഗനിര്‍ണയം നടത്താം. തുടക്കത്തില്‍ ചികിത്സിച്ചാല്‍ ഭേദമാക്കാം. എലിപ്പനി എന്ന രോഗം സാധാരണയായി എലികളിലാണ് കാണുന്നത്. എങ്കിലും ഇവയില്‍നിന്ന് െലപ്റ്റോസ്‌പൈര എന്ന ബാക്ടീരിയ നായകളില്‍ കടന്ന് മൂത്രംവഴി മനുഷ്യശരീരത്തിലെ മുറിവില്‍ക്കൂടി രോഗം പകരുന്നു. (വീല്‍സ് രോഗം എന്ന പേരിലാണ് മനുഷ്യരില്‍ അറിയപ്പെടുന്നത്) വൃക്കകളെയും കരളിനെയുമാണ് രോഗം ബാധിക്കുന്നത്.
കടിയില്‍ക്കൂടി പകരുന്നവ: നായകളുടെ വായില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് പാസ്റ്റുറല്ല. ഇവ കടിയില്‍ക്കൂടി പകര്‍ന്ന് കുരുക്കളും പഴുപ്പോടുകൂടിയ വ്രണങ്ങളും ഉണ്ടാക്കുന്നു. ആഴത്തിലുള്ള കടിയില്‍ക്കൂടി ടെറ്റനസ് രോഗബാധ ഉണ്ടാക്കുന്നു. കടിയേറ്റയുടന്‍ മുറിവ് വൃത്തിയാക്കിയും ടെറ്റനസ് ബാധയ്‌ക്കെതിരെ കുത്തിവെപ്പ് നടത്തിയും ഇവയെ തടയാം.
അലര്‍ജി: ശരീരത്തില്‍ മുഴുവനായോ അങ്ങിങ്ങായോ ചൊറിച്ചില്‍, ചുവന്നകണ്ണ്, കണ്ണുനീര്‍, തുമ്മല്‍, മൂക്കുചീറ്റല്‍, തൊണ്ടവേദന എന്നിവ അനുഭവപ്പെടുന്നു. നായയുടെ ഉണങ്ങിയ ഉമനീരില്‍ അടങ്ങിയ പ്രോട്ടീനും രോമങ്ങളില്‍ പറ്റിപ്പിടിച്ച ഫംഗസ് സ്‌പോറും ആണ് അലര്‍ജിയുണ്ടാക്കുന്നത്. വീടിന്റെ പുറത്തുനിന്ന് നായയെ ദിവസേന ബ്രഷ്ചെയ്തും നനയ്ക്കാതെ ശരീരം വൃത്തിയാക്കിയും ചെള്ളുബാധയ്‌ക്കെതിരെയുള്ള മരുന്ന് ചിട്ടയായി നല്‍കിയും നിയന്ത്രിക്കാം.