കന്നുകാലികള്‍ക്ക് പ്രഥമശുശ്രൂഷ
Posted on: 08 Jun 2014
ഡോ. പി.കെ. മുഹ്‌സിന്‍
കന്നുകാലികര്‍ഷകര്‍ക്ക് അവയ്ക്ക് ചെയ്യേണ്ട പ്രഥമശുശ്രൂഷയെപ്പറ്റി സാമാന്യവിജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്. സാധാരണയായി ചെയ്യാവുന്ന ഫസ്റ്റ് എയിഡുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.
മുറിവുകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം. അടഞ്ഞ ക്ഷതങ്ങള്‍, തുറന്ന മുറിവുകള്‍.
തൊലിക്കോ അതിനടിയിലെ ശ്‌ളേഷ്മസ്തരങ്ങള്‍ക്കോ കാര്യമായ കുഴപ്പമൊന്നും പറ്റാതെ ഉള്ളിലുള്ള ശരീരഭാഗത്തിന് ഉണ്ടാവുന്ന മുറിവുകളെയാണ് അടഞ്ഞ മുറിവുകള്‍ എന്നുപറയുന്നത്. തൊലിപ്പുറത്ത് മുറിവുകള്‍ കാണുന്നില്ലെങ്കിലും ചതവ്, ക്ഷതം, രക്തവീക്കം എന്നീ മൂന്ന് തരത്തിലാണ് ഇത് കാണുക. ചതവ്, ക്ഷതം മുതലായവ ഏറ്റഭാഗത്ത് തുണി മടക്കിവെച്ച് സാവധാനത്തില്‍ അമര്‍ത്തുകയും ഇത് രണ്ടുമൂന്ന് പ്രാവശ്യം ചെയ്തതിനുശേഷം ക്ഷതമേറ്റഭാഗത്ത് ബാന്‍ഡേജ് തുണി ഉപയോഗിച്ച് മുറുക്കിക്കെട്ടുക. രക്തവീക്കമുള്ള ഭാഗത്തെ തൊലിക്ക് പൊട്ടലുണ്ടാകാതെ സൂക്ഷിച്ചാല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അത് വലിഞ്ഞുകൊള്ളും.
തുറന്ന മുറിവുകളുണ്ടായാല്‍ ആദ്യമായി രക്തസ്രാവം നിയന്ത്രിക്കണം. അല്പം പരുത്തി മുറിവിനകത്ത് വെച്ചശേഷം ചുറ്റുമുള്ള രോമങ്ങള്‍ കത്രികകൊണ്ട് മുറിച്ചുമാറ്റുക. മുറിവ് അണുനാശിനിയില്‍ മുക്കിയ തുണികൊണ്ടോ പരുത്തികൊണ്ടോ വൃത്തിയാക്കിയശേഷം ഡ്രസ്സിങ് പൗഡറോ, ആന്റിസെപ്റ്റിക്ആന്റിബയോട്ടിക് ലേപനങ്ങളോ പുരട്ടാം. കഴിയുന്നതും മുറിവ് കെട്ടുക. കെട്ടാന്‍ പറ്റാത്ത സ്ഥലമാണെങ്കില്‍ വേപ്പെണ്ണ പുരട്ടിയശേഷം ഇത്തരം ഓയിന്‍റ്‌മെന്റുകള്‍ പുരട്ടാവുന്നതാണ്.
കത്തികൊണ്ടുള്ള മുറിവ്, ചീന്തല്‍ മുതലായവ ഉണ്ടായാല്‍ തുന്നല്‍ ഇടേണ്ടിവരും. മുറിവിന് ചുറ്റുമുള്ള രോമങ്ങള്‍ മുറിച്ചുമാറ്റിയശേഷം ലഘുവായ അണുനാശിനികള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി മരുന്നുവെച്ച് കെട്ടണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായം തേടണം.
കുളമ്പിലോ കൈകാലുകളുടെ അഗ്രഭാഗത്തോ മുറിവുണ്ടായാല്‍ ചെറുചൂടുവെള്ളത്തില്‍ 10 ശതമാനം വീര്യമുള്ള ഫോര്‍മലിന്‍ ലായനി കലര്‍ത്തി മുറിവുള്ള ഭാഗത്ത് കഴുകണം.
കൂര്‍ത്ത വസ്തുക്കള്‍ തുളച്ചുകയറുന്നത് കൊണ്ടുണ്ടാകുന്ന മുറിവുകള്‍ സാധാരണയായി തുന്നിക്കെട്ടാന്‍ പാടില്ല. തുളച്ചുകയറിയ വസ്തുക്കളുടെ അഗ്രം ഉള്ളില്‍ മുറിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം മുറിവുകളുടെ ഉള്ളില്‍നിന്ന് നീര് പുറത്തേക്ക് നല്ലവണ്ണം ഞെക്കിക്കളയണം.
ആടുമാടുകളുടെ കൊമ്പുകളുടെ കട്ടിയുള്ള പുറംകവചം ഊരിപ്പോവല്‍ സാധാരണയാണ്. ഇതിനെത്തുടര്‍ന്ന് ശക്തിയായ രക്തപ്രവാഹം ഉണ്ടാവും. രക്തപ്രവാഹം കൂടുതലാണെങ്കില്‍ കൊമ്പിന്റെ അടിയില്‍ മുറുക്കിക്കെട്ടാം (ടൂര്‍ണിക്കെ). പിന്നീട് കൊമ്പിന്റെ ചുവട്ടിലുള്ള രോമങ്ങള്‍ കത്രിച്ച് വൃത്തിയാക്കുക. ബാന്‍ഡേജ് തുണികൊണ്ട് പൊതിയുന്നതിനുമുമ്പ് കൊമ്പ് പരുത്തികൊണ്ട് ചുറ്റണം.
കൊമ്പില്‍ ആന്റിസെപ്റ്റിക് ലോഷനോ ഡസ്റ്റിങ് പൗഡറോ ഓയിന്‍റ്‌മെന്റോ പുരട്ടിയതിനുശേഷമാണ് ഇത് ചെയ്യേണ്ടത്. മുറിവ് കെട്ടിയശേഷം ടിങ്ചര്‍ ബെന്‍സോയില്‍ ഒഴിച്ചുകൊടുക്കാം.
ഇത്തരം വ്രണങ്ങള്‍ സുഖപ്പെടുത്താനായി ആദ്യം വ്രണത്തിന് ചുറ്റുമുള്ള രോമങ്ങള്‍ കത്രികകൊണ്ട് വെട്ടിമാറ്റിയശേഷം പുറമേയുള്ള പഴുപ്പും ചലവും നീക്കംചെയ്യുക. പുഴുക്കളെ നീക്കം ചെയ്യാനായി ഒരു കുടില്‍ (ഫോര്‍സെപ്‌സ്) പ്രയോഗിക്കാം. പിന്നീട് യൂക്കാലിപ്റ്റസ് ഓയിലോ ടര്‍പെന്റയിനോ ശകലം പരുത്തിയിലാക്കി വ്രണത്തില്‍ വെക്കുക. കുറച്ച് സമയത്തിനുശേഷം ഇത് എടുത്തുനോക്കിയാല്‍ പുഴുക്കള്‍ പുറത്തേക്ക് വരുന്നതായി കാണാം. ഇത് വീണ്ടും ആവര്‍ത്തിക്കാം. പിന്നീട് പുഴുക്കള്‍ ചാകാനുതകുന്ന ഓയിന്‍റ്‌മെന്റുകള്‍ മുറിവില്‍ പുരട്ടാം.
നായയുടെ കടിയേറ്റാല്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പൊട്ടാസിയം പെര്‍മാംഗനേറ്റ് തരികള്‍ കടിയേറ്റ ഭാഗത്ത് വെക്കാം. കാര്‍ബോളിക് അമഌ ഈര്‍ക്കലിലോ തീപ്പെട്ടിക്കമ്പിലോ മുക്കി കടിയേറ്റഭാഗത്ത് തുടയ്ക്കാം. പിന്നീട് ആന്റിസെപ്റ്റിക് ഓയിന്‍റ്‌മെന്റ് ഉപയോഗിച്ച് മുറിവ് ഡ്രസ് ചെയ്യാം. പേപ്പട്ടിയാണെന്ന് സംശയമുണ്ടെങ്കില്‍ ചികിത്സാ കുത്തിവെപ്പ് ചെയ്യിക്കണം.