കന്നുകാലികളിലെ അനാപ്ലാസ്മാ രോഗം
Posted on: 31 May 2014
ഡോ. പി.കെ. മുഹ്സിന്‍
കന്നുകാലികള്‍, ചെമ്മരിയാട്, ആട്, മാന്‍ എന്നീ മൃഗങ്ങളെ ബാധിക്കുന്ന മാരക രോഗമാണ് അനാപ്ലാസ്മോസിസ്സ് അഥവാ അനാപ്ലാസ്മ രോഗം. അതിയായ ക്ഷീണം, ഭാരക്കുറവ്, വിളര്‍ച്ച മഞ്ഞപ്പിത്തം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
അനാപ്ലാസ്മാ മാര്‍ജിനാലി, അനാപ്ലാസ്മ സെന്‍ട്രാലി എന്നീ പേരുകളില്‍ അറിയപ്പെടുന്ന റിക്കറ്റ്സ് ഗ്രൂപ്പില്‍പ്പെട്ട ഒരുതരം അണുക്കളാണ് കന്നുകാലികളില്‍ രോഗം ഉണ്ടാക്കുന്നത്. ആടുകളിലാവട്ടെ അനാപ്ലാസ്മാ ഓവിസും.
പലതരത്തിലുള്ള പട്ടുണ്ണികള്‍, കൊതുകുകള്‍, ടെബാനസ് ഈച്ചകള്‍ എന്നിവയാണ് രോഗം പരത്തുന്നത്. കൊതുകുകളും കടിക്കുന്ന ഈച്ചകളും രോഗിയുടെ രക്തം വലിച്ചെടുത്ത് അല്പസമയത്തിനുള്ളില്‍ രോഗാണുക്കളെ മറ്റുള്ളവയിലേക്ക് കുത്തിവെക്കുന്നു. ഈ അണുക്കള്‍ക്ക് നാലഞ്ചുവര്‍ഷത്തോളം പട്ടുണ്ണികളില്‍ ജീവിക്കാന്‍ കഴിയുമത്രെ.
അനാപ്ലാസ്മാ മാര്‍ജിനാലിസ് അണുക്കള്‍ക്കാണ് കൂടുതല്‍ രോഗ ജനനശക്തി. അനാപ്ലാസ്മ സെന്‍ട്രാലി വളരെ ലഘുവായ രോഗേമ ഉണ്ടാക്കുന്നുള്ളൂ. ഈ രോഗത്തിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി 17 മുതല്‍ 45 ദിവസംവരെയാണ്. മുതിര്‍ന്ന കന്നുകാലികളിലാണ് രോഗത്തിന്റെ കാഠിന്യം കൂടുതലായി കണ്ടുവരുന്നത്. അതേപോലെ നല്ല പരിചരണം നടത്തിവരുന്ന കൊഴുത്ത് തടിച്ച കന്നുകാലികളിലും.
രോഗാവസ്ഥയെ അതിതീവ്രം, തീവ്രം, ചിരകാരി എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. അതി തീവ്രരോഗത്തില്‍ കന്നുകാലികള്‍ പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ 24 മണിക്കൂറിനുള്ളില്‍ ചത്തുപോകും.
തീവ്ര രോഗാവസ്ഥയില്‍ താപനില 107 ഡിഗ്രി ഫാറന്‍ഹീറ്റ് ആവുന്നു. തീറ്റയ്ക്ക് താത്പര്യമില്ലായ്മ, തികട്ടി അരയ്ക്കാന്‍ മടി, കുറഞ്ഞ പാലുത്പാദനം, മലബന്ധം, ക്ഷീണം, വര്‍ധിച്ച ശ്വാസോച്ഛ്വാസനിരക്ക് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്തക്കുറവ് ഉണ്ടാകുന്നതോടുകൂടി തളര്‍ച്ചയും ക്ഷീണവും ശക്തിക്ഷയവും അനുഭവപ്പെടുന്നു.
ശ്ളേഷ്മസ്തരങ്ങള്‍, കണ്‍പോളകള്‍, അകിട് എന്നിവിടങ്ങളില്‍ മഞ്ഞനിറം വരും. തൊലിക്ക് പരുപരുപ്പും കണ്ണിന് താഴെ നീരും സാധാരണമാണ്. രോഗബാധയേറ്റവയ്ക്ക് വര്‍ധിച്ച ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനുള്ള പ്രവണതയും കാണാം. ഗര്‍ഭമലസലും സാധാരണയാണ്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ കാലികള്‍ എഴുന്നേറ്റുനില്‍ക്കാന്‍ വയ്യാതെ വീണ് ചാകും.
ചിരകാരിയായ രോഗാവസ്ഥയില്‍ തീവ്രതകുറഞ്ഞ രോഗലക്ഷണങ്ങളാണ് കാണുക. എന്നാല്‍, കൂടിയ തോതിലുള്ള വിളര്‍ച്ചകണ്ടുവരുന്നു.
രക്തപരിശോധനവഴി രോഗനിര്‍ണയം നടത്താം. രോഗാരംഭത്തില്‍ വിദഗ്ധചികിത്സനല്‍കല്‍ ഫലപ്രദമാണ്. രോഗം പരത്തുന്ന കീടങ്ങളെ നശിപ്പിച്ചും രോഗനിയന്ത്രണം നടത്താം.