
കന്നുകാലികളിലും സൂര്യാഘാതം ഉണ്ടാകാറുണ്ട്. അന്തരീക്ഷത്തില്‍ ആര്‍ദ്രതയും ഊഷ്മാവും കൂടുതലുള്ള ദിവസങ്ങളില്‍ വെയിലത്ത് അധികസമയം കെട്ടിയിടുകയോ ദീര്‍ഘദൂരം നടത്തുകയോ ചെയ്യുന്ന പശുക്കളിലും വെയിലത്ത് കഠിനമായി പണിയെടുപ്പിക്കുന്ന കാളകളിലുമാണ് സൂര്യാഘാതം ഉണ്ടാകുന്നത്.
കൊഴുത്തുതടിച്ച രോമാവൃതമായ ശരീരമുള്ള കന്നുകാലികള്‍ക്ക് പെട്ടെന്ന് സൂര്യാഘാതം ഏല്ക്കും. വായുസഞ്ചാരം കുറഞ്ഞതും ആസ്ബസ്റ്റോസ്, തകരഷീറ്റ് എന്നിവ മേഞ്ഞതുമായ തൊഴുത്തില്‍ പാര്‍പ്പിക്കുന്നതും സൂര്യാഘാതത്തിന് കാരണമാകും. കറവയുള്ള പശുക്കളിലും എരുമകളിലുമാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. സൂര്യാഘാതമേറ്റാല്‍ പാലുത്പാദനം ഗണ്യമായി കുറയും. വേനല്‍ക്കാലത്ത് കുടിക്കാനും കുളിപ്പിക്കാനും ആവശ്യമായ വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിലും സൂര്യാഘാതം ഉണ്ടാവും.
ആദ്യഘട്ടത്തില്‍ ശരീര താപനില 104 ഡിഗ്രി ഫാറന്‍ഹീറ്റില്‍ എത്തുന്നു. കന്നുകാലികളുടെ സാധാരണ താപനില 101.5 ഡിഗ്രി ഫാറന്‍ ഹീറ്റാണ്. തദവസരത്തില്‍ അസ്വസ്ഥത, കാലിടര്‍ച്ച, കിതപ്പ് പതയോടുകൂടിയ ഉമിനീരൊലിപ്പ്, ഉയര്‍ന്ന ഹൃദയമിടിപ്പ്, ഉണങ്ങിവരണ്ട മൂക്ക് എന്നീ ലക്ഷണങ്ങള്‍ പ്രകടമാകും. വെള്ളം കുടിക്കാന്‍ ആര്‍ത്തികാണിക്കുമെങ്കിലും കാലിത്തീറ്റയോ പുല്ലോ തിന്നുകയില്ല. പശു മിക്കപ്പോഴും തണലില്‍ നില്ക്കാന്‍ ശ്രമിക്കുന്നതായും കാണാം.
ഈ അവസരത്തില്‍ പാല്‍ ഉത്പാദനം കുറയുകയും പാലിന് ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു. ശരീര ഊഷ്മാവ് 106 ഡിഗ്രി ഫാറന്‍ഹീറ്റില്‍ എത്തിയാല്‍ അനിയന്ത്രിതമായ കിതപ്പ്, നുരയും പതയും നിറഞ്ഞ ഉമിനീെരാലിപ്പ്, ശ്വാസത തടസ്സം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. ശരീര താപനില വീണ്ടും വര്‍ധിച്ച് 107 മുതല്‍ 108 ഡിഗ്രി ഫാറന്‍ഹീറ്റില്‍ എത്തിയാല്‍ മരണം സംഭവിക്കുന്നു. ഗര്‍ഭിണിയായ പശുക്കളില്‍ ഗര്‍ഭം അലസലും സാധാരണയാണ്.
എരുമകളില്‍ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ വയറിനടിയിലും കാലുകള്‍ക്കിടയിലുമൊക്കെ ചുവപ്പ് നിറവും ചിലപ്പോള്‍ കാണാം. ഏറ്റവും തീക്ഷ്ണമായ അവസ്ഥയില്‍ അപസ്മാര ലക്ഷണങ്ങളും മരണവും സംഭവിക്കുന്നു.
കന്നുകാലികളുടെ തൊഴുത്ത് നിര്‍മിക്കുമ്പോള്‍ത്തന്നെ വേനലാഘാതം വരാത്ത രീതിയിലായിരിക്കണം പണിയുന്നത്. തൊഴുത്തില്‍ കാറ്റ് നല്ലപോലെ കടക്കണം. മേല്‍ക്കൂര കൂടുതല്‍ ഉയരത്തില്‍ പണിയുന്നത് ഇതിന് സഹായിക്കും. ഓലമേഞ്ഞ മേല്‍ക്കൂര പശുക്കള്‍ക്ക് കൂടുതല്‍ തണുപ്പ് നല്കും. ആസ്ബസ്റ്റോസ്, ഓട്, കോണ്‍ക്രീറ്റ്, ടിന്‍ഷീറ്റ് മുതലായ മേല്‍ക്കൂരകളില്‍ വൈക്കോല്‍, ചാക്ക്, ഓല എന്നിവ ഏതെങ്കിലും പാകിയിട്ട് വെള്ളം തളിച്ചുകൊടുക്കുന്നത് തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. മേല്‍ക്കൂരയ്ക്ക് താഴെയായി ചാക്കുകൊണ്ടുള്ള ഒരു ഇടക്കൂര നിര്‍മിച്ച് വെള്ളം തളിച്ച് കൊടുക്കുന്നതും തൊഴുത്തില്‍ എക്‌സോസ്റ്റ് ഫാനും സീലിങ് ഫാനും പ്രവര്‍ത്തിപ്പിക്കുന്നതും ഉത്തമമാണ്.
പ്രതിരോധശേഷി കുറയാന്‍ സാധ്യതയുള്ള വേനല്‍കാലം തുടങ്ങുന്നതിന്നുമുമ്പുതന്നെ കന്നുകാലികള്‍ക്ക് വിര മരുന്നുകള്‍ നല്‍കണം. നേരിട്ടുള്ള സൂര്യവികിരണങ്ങള്‍ ഏല്ക്കാതിരിക്കാന്‍ പശുക്കളെയും എരുമകളെയും കാലത്ത് ഒമ്പത് മണിക്ക് മുമ്പോ ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ശേഷമോ മാത്രേമ മേയാന്‍ വിടാവൂ. മേച്ചില്‍ സ്ഥലങ്ങളിലും തൊഴുത്തിലും കുടിക്കാനുള്ള തണുത്ത വെള്ളം സദാ ലഭ്യമായിരിക്കണം.
ശരീര ഊഷ്മാവ് ഓരോ ഡിഗ്രി കൂടുംതോറും ഒരു കിലോഗ്രാം വീതം തീറ്റയെടുക്കലില്‍ കുറവ് കാണാം. ഇങ്ങനെ വരുമ്പോള്‍ പരുത്തിക്കുരു, ബൈപ്പാഡ്, പ്രോട്ടീന്‍ തുടങ്ങിയ ഗുണമേന്മയുള്ള തീറ്റ നല്‍കാം. കൂടാതെ വൈറ്റമിനും ധാതുലവണങ്ങളും അടങ്ങിയ മിശ്രിതങ്ങളും നല്‍കാം.
പച്ചപ്പുല്ലിന്റെ അഭാവത്തിലുണ്ടാകുന്ന ആമാശയത്തിലെ അമ്ലത ഒഴിവാക്കാനായി സോഡിയം ബൈകാര്‍ബണേറ്റും മാഗ്‌നീഷ്യം ഓക്‌സൈഡും 3:1 എന്ന അനുപാതത്തില്‍ കാലിത്തീറ്റയില്‍ ഒന്നര ശതമാനം വരെ ചേര്‍ക്കാം.
ഉച്ചയ്ക്ക് മുമ്പ് 11 മണി മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നു മണി വരെ കറവമാടുകളെ തൊഴുത്തിലോ തണലുള്ള സ്ഥലത്തോ നിര്‍ത്തണം. എരുമകളെ ജലാശയത്തില്‍ മുങ്ങിക്കിടക്കാന്‍ അനുവദിക്കാം. തൊഴുത്തില്‍ നിര്‍ത്തുന്ന കാലികള്‍ക്ക് രണ്ട് പ്രാവശ്യമെങ്കിലും വെള്ളം തളിക്കണം.
പശുക്കളുടെ പുറത്ത് വെള്ളം വീഴുന്ന ഷവറുകള്‍ ഘടിപ്പിക്കുന്നതും നല്ലതാണ്. ചൂട് കൂടുമ്പോള്‍ രണ്ട് മണിക്കൂര്‍ ഇടവേളകളില്‍ ഈ ഷവറുകള്‍ 3 മിനിറ്റ് നേരത്തേക്ക് തുറന്നുവിടുന്നതും ഏറെ ഗുണം ചെയ്യും.