പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കാലത്തീറ്റയില്‍ ചേര്‍ക്കാമോ?

Posted on: 07 Apr 2014


പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കാലത്തീറ്റയില്‍ ചേര്‍ക്കാമോ?

-സേവ്യര്‍ കെ.ജെ. ഇരിക്കൂര്‍


പാഴാക്കിക്കളയുന്ന പഴ സംസ്‌കരണത്തിന് ശേഷമുള്ള അവശിഷ്ടങ്ങള്‍, പഴങ്ങളുടെ ഉപയോഗമില്ലാത്ത പുറംതൊലി എന്നിവയെല്ലാം കാലിത്തീറ്റയില്‍ ചേര്‍ക്കാം. മാങ്ങയണ്ടി, മാങ്ങാത്തൊലി, ജൂസ് എടുത്തശേഷമുള്ള പള്‍പ്പ്, അവശിഷ്ടങ്ങള്‍ എന്നിവയും തീറ്റയില്‍ ചേര്‍ക്കാം. മാങ്ങായണ്ടി/പരിപ്പ് എന്നിവയില്‍ 24-57 ശതമാനം സ്റ്റീറിക്ക് ആസിഡ് 24-57 ശതമാനം ഒലീക്ക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. 7-24 ശതമാനത്തോളം വരുന്ന മാങ്ങാത്തൊലിയില്‍ അന്നജം കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങളായ ഓറഞ്ച്, മുസംബി, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് മുതലായവയുടെ ജ്യൂസെടുത്തശേഷമുള്ള സിട്രസ് പള്‍പ്പ് 45 ശതമാനംവരെ കന്നുകുട്ടികളുടെ തീറ്റയില്‍ ഉള്‍പ്പെടുത്താം. ഇത് കറവപ്പശുക്കളില്‍ പാലുത്പാദനം കുറയാനിടവരുത്തുന്നതിനാല്‍ 0.5 ശതമാനം ഹൈഡ്രേറ്റഡ് കാത്സ്യം ഓകൈ്‌സഡ് ചേര്‍ത്ത് മാത്രമേ നല്കാവൂ.

വാഴത്തട, വാഴയില, പഴത്തൊലി എന്നിവ പയറുവര്‍ഗ കാലിത്തീറ്റയും കൂട്ടിച്ചേര്‍ത്ത് ആട്ടിന്‍തീറ്റയില്‍ ചേര്‍ക്കാം. പഴത്തൊലിയില്‍ 6-9 ശതമാനം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.പൈനാപ്പിള്‍ അവശിഷ്ടങ്ങളില്‍ 4-8 ശതമാനം നാരുകളും 40-75 ശതമാനം അന്നജവും അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ അവശിഷ്ടങ്ങളും അരിത്തവിടും കൂട്ടി കാലിത്തീറ്റയില്‍ ചേര്‍ക്കാം.

ഡോ. ടി.പി. സേതുമാധവന്‍


Stories in this Section