കൂട്ടുകൂടാന്‍ സ്‌നേഹപ്പക്ഷികള്‍
Posted on: 29 Mar 2014
അടൂര്‍ തട്ടയിലെ ആനിക്കുഴി വീട്ടില്‍ പഴങ്ങള്‍ പറിച്ചെടുത്ത് കഴിക്കാനുള്ളതല്ല. കിളികള്‍ക്ക് വിശപ്പ് തീര്‍ക്കാനുള്ളതാണ്. മുറ്റത്തെ മരങ്ങളില്‍ നിന്നുള്ള പഴങ്ങള്‍ കാത്തുവെച്ച് സ്‌നേഹപ്പക്ഷികള്‍ക്ക് വിരുന്നൊരുക്കുകയാണ് മാത്യുസാറും ആനി ടീച്ചറും. ചാമ്പ, പേര, മള്‍ബറി, പാഷന്‍ഫ്രൂട്ട്, സപ്പോട്ട, ലൗലോലി, ആത്ത, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നിറയുന്ന വീട്ടുവളപ്പില്‍ പിന്‍വശത്തായി ഒരുക്കിയ കമ്പി വലക്കൂടുകളില്‍ പാറിക്കളിക്കുന്നത് വര്‍ണങ്ങളുടെ ഉത്സവം തീര്‍ക്കുന്ന അലങ്കാരപ്പക്ഷിക്കൂട്ടം.
പ്രകൃതിയെയും മരങ്ങളെയും പക്ഷികളെയും മാത്യുസാര്‍ പ്രണയിച്ചുതുടങ്ങിയത് ദേവികുളം എസ്റ്റേറ്റില്‍ ചെലവഴിച്ച ബാല്യകാലത്തായിരുന്നു. ഗള്‍ഫില്‍ പതിനേഴ് വര്‍ഷം ജോലിയെടുത്ത് തിരിച്ചെത്തിയശേഷം മാത്യുവിന്റെ പക്ഷിസ്‌നേഹം മനസ്സിന്റെ കൂടു തുറന്ന് പുറത്തേക്ക് പറന്നു. ആനി ടീച്ചറും മക്കളായ നവിതയും തോമസും പിന്തുണ നല്‍കയതോടെ പക്ഷിവളര്‍ത്തല്‍ ഒഴിവുസമയ വിനോദവും വരുമാനമാര്‍ഗവുമായി.
ലവ്‌ബേര്‍ഡുകളെന്ന ഓസ്‌ട്രേലിയന്‍ ബഡ്ജികളില്‍ നിന്നാണ് തുടക്കം. പിന്നീടത് അലങ്കാര പ്രാവുകളിലും അലങ്കാരക്കോഴികളിലുമെത്തി. ആഫ്രിക്കന്‍ ലൗബേര്‍ഡെന്ന കുഞ്ഞിത്തത്തകള്‍ക്കൊപ്പം കൊക്കറ്റീലുകള്‍, കുഞ്ഞന്‍ പ്രാവുകളായ ഡയമണ്ട് ഡൗവ്, ചെറു കിളികളായ ഫിഞ്ചസ്, ജാവ എന്നിവയുമുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണവിന്യാസങ്ങളോടെ കണ്ണുകള്‍ക്ക് കൗതുകമാവുന്ന കൊന്യൂര്‍ തത്തകളാണ് ഏറ്റവും പുതിയ താരങ്ങള്‍.
ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകളുടെ പത്തോളം ഇനങ്ങള്‍ ഇവിടെയുണ്ട്. ഫിഷര്‍, മാസ്‌ക്ക്ഡ് എന്നിവ മുഖ്യ വിഭാഗങ്ങള്‍. തലയും ചുണ്ടും ചുവന്ന്, കണ്ണുകളില്‍ വെളുത്ത വലയങ്ങളുള്ള ഫിഷര്‍ കുടുംബത്തില്‍ മേനി വര്‍ണങ്ങള്‍ക്കനുസരിച്ച് യെല്ലോ, ല്യൂട്ടിനോ തുടങ്ങിയ ഉപവിഭാഗങ്ങള്‍, തയലില്‍ കറുത്ത മുഖാവരണവും കണ്ണുകളില്‍ വലയങ്ങളുമുള്ള മാസ്‌ക്ക്ഡ് കുടുംബത്തില്‍ ബ്ലൂ, ബ്ലാക്ക്, കൊബാള്‍ട്ട് ബ്ലൂ, വയലറ്റ് മൗ, യെലോ ഫെയ്‌സ് തുടങ്ങിയ ഇനങ്ങളുമുണ്ട്. ശരാശരി അരയടിമാത്രം നീളമുള്ള ചെറു തത്തകള്‍ ഒരു ജോഡിക്ക് മൂവായിരം രൂപ മുതല്‍ വിപണി വിലയുണ്ട്.
മൂന്നടി നീളവും രണ്ടടി വീതം വീതിയും ഉയരവുമുള്ള കമ്പിവലക്കൂട്ടില്‍ ഒരു ജോഡിയെ പാര്‍പ്പിക്കാം. വലകളും ചില്ലകളും തത്തച്ചുണ്ടിന്റെ പ്രഹരം താങ്ങാന്‍ കഴിവുള്ളതായിരിക്കണം. അടയിരിക്കാന്‍ മണ്‍കലങ്ങളും കുടിക്കാന്‍ പുറമേനിന്ന് വെള്ളം നിറയ്ക്കാവുന്ന പാത്രങ്ങളും ഒരുക്കിയിരിക്കുന്നു.
തിനയാണ് സ്‌നേഹപ്പക്ഷികളുടെ പതിവു തീറ്റ. ചെറുപയര്‍, വന്‍ പയര്‍, സോയാബീന്‍, കടല, ഗോതമ്പ്, നെല്ല്, തുളസിയില, കുടങ്ങല്‍ എന്നിവ കുതിര്‍ത്ത് കഴുകിയുണക്കി ആഴ്ചയിലൊരു ദിവസമെങ്കിലും നല്‍കും. കാരറ്റ്, ആപ്പിള്‍, പപ്പായ, നവധാന്യങ്ങള്‍, സണ്‍ ഫ്ലവര്‍, സാഫ്ഫ്ലവര്‍ വിത്തുകള്‍ എന്നിവയും നല്‍കും. മുട്ട പുഴുങ്ങിയത് തോടോടെയും കണവനാക്ക്, വൈറ്റമിന്‍ മിശ്രിതം എന്നിവയും നല്‍കാറുണ്ട്.ഇമ്പമാര്‍ന്ന ചൂളമടിയാല്‍ ആരെയും മയക്കുന്ന കൊക്കറ്റീലുകളില്‍ പേള്‍, വൈറ്റ് ഫെയ്‌സ്, ഓര്‍ഡിനറി വൈറ്റ്, ആല്‍ബിനോ എന്നീയിനങ്ങളാണ് പ്രധാനം. രണ്ടുവര്‍ഷംമുമ്പ് 30,000 രൂപ മോഹവില നല്‍കിയാണ് സണ്‍, ജെന്‍ഡെ ഇനത്തില്‍പ്പെട്ട കൊന്യൂര്‍ തത്തകളെ സ്വന്തമാക്കിയത്. ഫോണ്‍: 9446112760.
ഡോ.സാബിന്‍ ജോര്‍ജ്
drsabinlpm@yahoo.com