
അടുത്ത കാലത്തായി വളരെയധികം പ്രചാരം നേടിയിട്ടുള്ള മേഖലയാണ് കാടവളര്‍ത്തല്‍. കുറച്ച് സ്ഥലത്ത് കുറഞ്ഞ തീറ്റച്ചെലവില്‍ ഇവയെ വളര്‍ത്തിയെടുക്കാം. ആറാഴ്ച പ്രായമാകുമ്പോള്‍ മുട്ടയിടുന്ന ഇവയെ വിരിയിക്കാന്‍ 16 മുതല്‍ 18 ദിവസംവരെ മതി. വര്‍ഷത്തില്‍ 300 മുട്ടകള്‍ ഇടുന്ന കാടപ്പക്ഷികളുടെ മുട്ടയും മാംസവും വളരെ സ്വാദിഷ്ടവും പോഷകസമ്പന്നവുമാണ്.
കാടവളര്‍ത്തുകാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോഴുണ്ടാവുന്ന അമിതമായ മരണനിരക്കാണ്. ശാസ്ത്രീയരീതിയില്‍ വളര്‍ത്തിയാല്‍ കാടക്കുഞ്ഞുങ്ങളുടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാം. മൂന്നാഴ്ചക്കാലം കാടക്കുഞ്ഞുങ്ങള്‍ക്ക് കൃത്രിമച്ചൂട് നല്‍കണം. പ്രാരംഭത്തില്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് വേണം. മൂന്നാഴ്ചയ്ക്കുശേഷം അന്തരീക്ഷത്തിലെ ചൂട് വളരെ കുറവാണെങ്കില്‍ മാത്രം ചൂട് നല്‍കിയാല്‍ മതി.
നിലത്ത് വിരിച്ച ലിറ്ററില്‍ ഒരേ പ്രായത്തിലും വര്‍ഗത്തിലുമുള്ള കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനാണ് 'ഡീപ്പ് ലിറ്റര്‍' സമ്പ്രദായം എന്നുപറയുന്നത്. തറയില്‍ ഇടുന്ന അറക്കപ്പൊടി, ചിപ്പിലിപ്പൊടി, ഉമി, കരിമ്പിന്‍ചണ്ടി തുടങ്ങിയ വസ്തുക്കളെയാണ് ലിറ്റര്‍ എന്ന് പറയുന്നത്. ഈ രീതിയില്‍ കാടക്കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ 100 കുഞ്ഞുങ്ങള്‍ക്ക് നാല്പതോ അറുപതോ വാട്ട് ബള്‍ബ് മതി. ചെറിയ പ്ലാസ്റ്റിക് ബേസിനും കാലിടിന്നും ഉണ്ടെങ്കില്‍ വെള്ളപ്പാത്രം ഉണ്ടാക്കാം. കാലിടിന്നിന്റെ വക്കില്‍നിന്ന് രണ്ടിഞ്ച് താഴെ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി ടിന്നില്‍ വെള്ളം നിറച്ച് ബേസിനിലേക്ക് കമിഴ്ത്തിവെച്ചാല്‍ വെള്ളപ്പാത്രമായി. വെള്ളപ്പാത്രം എല്ലാ ദിവസവും കഴുകി വൃത്തിയാക്കണം. ശുചിയായ തണുത്ത വെള്ളം കുടിക്കാന്‍ കൊടുക്കണം. 100 കുഞ്ഞുങ്ങള്‍ക്ക് ഒരു ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് വെള്ളപ്പാത്രങ്ങള്‍ മതി. വെള്ളം പുറത്തേക്കൊഴുകി ലിറ്റര്‍ നനയാന്‍ പാടില്ല. തീറ്റ ഫീഡുകളില്‍വെച്ച് കൊടുക്കണം. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ വളര്‍ത്തുമ്പോള്‍ കൂട്ടില്‍ അഞ്ച് സെ.മീ. ഉയരത്തില്‍ ലിറ്റര്‍ ഇടണം. ഈ വിരിക്ക് മുകളില്‍ ആദ്യം കുറച്ചുദിവസങ്ങളില്‍ കടലാസുകള്‍ പരത്തിവെക്കണം.
ആദ്യത്തെ ഒരാഴ്ചക്കാലം ബ്രൂഡറിന് ചുറ്റും ഏകദേശം 30 സെ.മീ. പൊക്കത്തില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ടോ പനമ്പ്, തകിട് എന്നിവകൊണ്ടോ ഒരു വലയം സ്ഥാപിക്കണം. ഇതിനെ 'ചിക്ക്ഗാര്‍ഡ്' എന്ന് പറയുന്നു. ഈ ചിക്ക്ഗാര്‍ഡ് ബള്‍ബില്‍നിന്ന് 30 മുതല്‍ 60 സെ.മീ. അകലത്തിലായിരിക്കണം. ഒരാഴ്ച കഴിഞ്ഞാല്‍ ഈ വലയം എടുത്തുമാറ്റാം.
മൂന്നാഴ്ച മുതല്‍ ആറാഴ്ചവരെയുള്ള പ്രായത്തെ 'ഗ്രോവര്‍' അഥവാ വളര്‍ന്നുവരുന്ന പ്രായം എന്ന് പറയുന്നു. ഈ പ്രായത്തില്‍ കൃത്രിമച്ചൂട് ആവശ്യമില്ല.