പൂന്തോട്ടത്തിന് പകിട്ടേകാന്‍ ബ്രസീല്‍ സ്‌നാപ് ഡ്രാഗണ്‍
Posted on: 16 Mar 2014
നീലവര്‍ണത്തിലുള്ള മനോഹരമായ പൂക്കള്‍കൊണ്ട് അനുഗൃഹീതമായ കുറ്റിച്ചെടിയാണ് ബ്രസീല്‍ സ്‌നാപ് ഡ്രാഗണ്‍. ഓട്ടക്കാന്തസ് സെറൂലിയസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന സ്‌ക്രോഫുലാരിയേസി സസ്യകുടുംബക്കാരനായ ഈ ചെടി, വടക്കെ അമേരിക്കയില്‍ 'ആമസോണ്‍ ബ്ലൂ' എന്നാണ് അറിയപ്പെട്ടുവരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ ഈ സസ്യം, കേരളത്തിലെ ഉദ്യാനങ്ങളില്‍ പ്രചാരം നേടിവരികയാണ്. ഒരു മീറ്ററോളം ഉയരത്തില്‍ ശിഖരിച്ചുവളരുന്ന ഈ സസ്യത്തിന് കര്‍പ്പൂരഗന്ധം വമിക്കുന്ന കറുത്തിരുണ്ട ഇലകളും, ചതുഷ്‌കോണാകൃതിയിലുള്ള കാണ്ഡങ്ങളും നീലയും വയലറ്റും കലര്‍ന്ന പൂക്കളും ഉണ്ട്. രണ്ടര സെന്റിമീറ്റര്‍ നീളം വരുന്ന ദളപുടനാളിയും വിശറിപോലുള്ള ഒരു ജോഡി ദളങ്ങളും അവയുടെ കീഴ്ഭാഗത്തായി കാണപ്പെടുന്ന ഒരു ജോഡി വെളുത്ത 'കണ്ണുകളും' ഇതിനെ മനോഹരമാക്കുന്നു. നീലയുടെ വിവിധ വര്‍ണഭേദങ്ങള്‍ പ്രകടമാക്കുന്ന ഇനങ്ങളും ബ്രസീല്‍ സ്‌നാപ്ഡ്രാഗണില്‍ കാണാവുന്നതാണ്.